Tuesday, 21 April 2015

ചക്ക

ഇന്നലെ ഞാൻ കുറെ നാളിന് ശേഷം ചക്ക തിന്നു.വലിയ രുചി ഒന്നും തോന്നിയില്ലേലും,ആ മണം,നൊസ്റ്റാൾജിയ ഒക്കെ കൊണ്ട് ഒരു ആക്രാന്തം ഉണ്ടായിരുന്നു തിന്നാൻ. എനിക്ക് തോന്നുന്നു, നമ്മുടെ ചക്കയെ  മഴ ചതിച്ചു. അതാവാം ഒരു അരുചി.  എന്നാലും അവൻറെ ഒരു ഭാഗ്യമേ,പത്ത് നാലായിരം കിലോമീറ്റർ താണ്ടി,കടൽ കടന്ന് ഇങ്ങ് വന്നല്ലോ "കള്ള പൈലി ".ഇരിക്കട്ടെ ചക്കക്കുട്ടന് എൻറെ വക ഒരു വിപ്ലവാഭിവാധ്യം,ഇപ്പോഴാ ഓർമ്മവന്നത് ഒരു കാര്യം.

ആ ചക്ക,അതെ! ചക്കയുടെ കാര്യം പറഞ്ഞപ്പോഴാണ് പണ്ടത്തെ ഒരു ഏപ്രിൽ ഫൂൾ ദിനം ഓർത്തത്.അന്ന് ആരുടെ നെഞ്ചത്ത്‌ പൊങ്കാല ഇടണം എന്ന ആലോചനയുമായി നടക്കുന്ന കാലം.എന്നാൽ ഇങ്ങേർക്ക് തന്നെ കൊടുക്കാം,"ഒരു എട്ടിൻറെ പണി "


ഇനി പണി കൊടുത്ത കാര്യം കുറച്ച് പ്രായപൂർത്തി ആയവർക്ക് മാത്രമേ കേൾക്കാൻ പറ്റു. ആയതിനാൽ അത് അല്പം കഴിഞ്ഞ് പറയാം പോരെ? മതി.

ഇനി പണി കൊടുക്കാൻ ഉണ്ടായ പ്രചോദനം പറയാം.പണ്ട്,എന്ന് പറഞ്ഞാൽ ഒരു പത്തിരുപത് വർഷം മുൻപ്,ക്രിക്കെറ്റിന്റെ അതിപ്രസരം എന്നെയും എൻറെ കൂട്ടാളികളേയും ഒക്കെ മുച്ചൂടും മുടിച്ച ക്രിക്കറ്റ്‌ പ്രാന്ത്,എനിക്ക് ഇന്ന് കാണുന്നയീ  കളർ ഒന്നും അന്നില്ല,ഹ...ഹ...ഹ എന്നെ കൊണ്ട് ഞാൻ തോറ്റു, കളർ ആണത്രെ കളർ,അപ്പോൾ ഇതാണ് സാർ പറഞ്ഞ ആ കളർ, ഛെ! മൂഡ് കളയല്ലെ പൊന്നെ പറയട്ടെ, അങ്ങനെ എന്നെയും ക്രിക്കറ്റ്‌ "തൊഴിലായി" എടുത്ത സഹകളിക്കാരെയും ഒക്കെ കണ്ടാൽ,ആദ്യം ഞങ്ങളെ നോക്കണോ,അതോ കാക്കയെ നോക്കണോ,എന്ന് കണ്‍ഫ്യൂഷൻ ഉള്ള കാലം ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പറഞ്ഞ ആ "കളർ".

തരക്കേടില്ലാതെ ജില്ലയിലെ "ബി" ഡിവിഷൻ കളിക്കുന്ന ഒരു ടീം, പേര് പറയുന്നില്ല എൻറെ ജീവചരിത്രം മറ്റുള്ളവരെ മുറിപ്പെടുത്തുന്നത് എനിക്കിഷ്ടം അല്ല.അങ്ങനെ രാവിലെ ബാറ്റും തൊപ്പിയും ശ്രീശാന്തിൻറെ കയ്യിലെ ബാന്റും. അപ്പോൾ നിങ്ങൾ ഓർക്കും ഇരുപത് വർഷം മുൻപ് ശ്രീശാന്തിനെ അറിയുമോ എന്ന്? ഇല്ല അറിയില്ല,പക്ഷെ മൂപ്പരെ ഇപ്പോൾ എല്ലാവർക്കും അറിയില്ലെ,അതുകൊണ്ട് എടുത്ത് ഉദാഹരിച്ചത കുഴപ്പം ഉണ്ടോ? ഇല്ല. അങ്ങനെ ഒക്കെ ആയി നടന്ന് പോകുമ്പോൾഒരു വെള്ളിടി പോലെ ഒരു പേമാരി പോലെ ഒരു ചുഴലി കൊടുങ്കാറ്റ് പോലെ ആ ചോദ്യം വന്നു. "എടാ മക്കളെ !!!!നിങ്ങൾ എല്ലാരും സച്ചിൻ ടെണ്ടുൽക്കർ ആണോട?" പടച്ചോനെ ഇന്ന് ഇനി പോണോ കളിക്കാൻ.ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം അല്ലേ.

അന്ന് കളിയുള്ളത് മാടപ്പള്ളിയിൽ, സാമാന്യം വലിയ ചെറിയ ഗ്രൗണ്ട്. പുരുഷകേസരികൾ പടക്കായി ഒരുങ്ങി കഴിഞ്ഞു.ടോസ്സിനു വേണ്ടി കപ്പിത്താൻ മൈതാന നടുവിൽ.അതാ മുതലാളി  ആ തൊപ്പി ഊരി വീശുന്നു,ആ തൊപ്പിക്ക്‌ പിന്നിൽ ഒരു രഹസ്യം ഉണ്ട് കേരളത്തിൻറെ അന്നത്തെ ക്യാപ്റ്റൻ "ഫിറോസ്‌ വി റഷീദ്" കൊടുത്ത തൊപ്പിയ അതുകൊണ്ട് അൽപം ഗമ കൂടും. നായകൻ തൊപ്പി ഊരി  വീശിയാൽ അന്നത്തെ ഞങ്ങളുടെ ക്രിക്കറ്റ്‌ ആചാരപ്രകാരം ബാറ്റിംഗ് തിരഞ്ഞെടുത്തു എന്ന് അണികൾ മനസ്സിലാക്കണം.

ഘദാഗടിയനായ റാമും റഹീമും  കള്ള പേരാണേ.ഗോദയെ ലക്ഷ്യമാക്കി ഗദയുമായി പുറപ്പെട്ടു ബാക്കിയുള്ളവർക്ക് ഇതൊക്കെ എന്ത് എന്ന ഭാവം. അതാ കൊലുന്നനെ ഉള്ള വേഗത കൂടിയ ഏറുകാരൻ, ഒന്നാന്തരം ഓവർ പിച്ച് പന്ത്,റാം കൊടുംങ്കാറ്റ് പോലെ ആഞ്ഞ് വീശി,ഒരു പടുകൂറ്റൻ സിക്സ് എന്ന് തോന്നിച്ചെങ്കിലും അത് ഡീപ് മിഡ് വിക്കറ്റിലെ മറ്റൊരു പയ്യൻസിന്റെ കയ്യിലൊതുങ്ങി.നല്ല സ്കോർ പൂജ്യത്തിന് ഒന്ന്.

ഇനി പിൻജ് ഹിറ്റർ ആരാണാഭാഗ്യവാൻ? ഞാനാണാഭാഗ്യവാൻ പടച്ചോനേ മിന്നിച്ചേക്കണേ..മിന്നിച്ചു നേരിട്ട ആദ്യ ബോൾ തന്നെ നാല് റണ്‍സ്. പിന്നെയുള്ള കളി ഹൈലൈറ്റ്സ് ആയി പറയാം. ഞാൻ പുറത്താകുമ്പോൾ ടീം സ്കോർ ഇരുപത്തി എട്ടിന് എട്ട്,പിന്നെ തട്ടി മുട്ടി മുപ്പത്തി അഞ്ച് വരെ എത്തിച്ച് എല്ലാവരും പുറത്ത്. 

അക്ഷരാർത്ഥത്തിൽ സച്ചിൻ ടെണ്ടുൽക്കർ ആയി. അന്നോളം വെറുതെ തമാശക്ക് കളിക്കുമ്പോൾ പോലും പതിനഞ്ച് ഓവറിൽ നൂറിന് മുകളിൽ സ്കോർ ചെയ്യുന്ന സാമാന്യം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ ടീം,അതെ ഇനി ഇപ്പോൾ ചത്ത കുഞ്ഞിൻറെ ജാതകം നോക്കീട്ട് എന്ത് കാര്യം.

എന്തൊക്കെ ആയാലും കൊള്ളാം,കളി ഞങ്ങൾ തന്നെ ജയിച്ചു ആറ് റണ്‍സിന്. ഇപ്പോൾ മനസ്സിലായോ ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. എടാ കള്ളാ ഇത് കള്ളം അല്ലേ? അല്ല ചങ്ങാതി, സത്യം ജയിച്ച ഞങ്ങൾക്കോ,തോറ്റ അവർക്കോ,അറിയില്ല എന്താ സംഭവം എന്ന് പക്ഷേ കരക്കിരുന്ന് കപ്പൽ ഓടിച്ച ചാണ്ടിച്ചായൻ പറഞ്ഞു "പന്തിൽ കാറ്റുപിടിച്ചു". അതെ സത്യം,കളി നടന്ന ഗ്രൗണ്ട് ഒരു റബ്ബർ തോട്ടത്തിന് ഒത്ത നടുവിൽ ചിലപ്പോൾ മൂപ്പര് പറഞ്ഞതകാനേ വഴിയുള്ളൂ.
പണ്ടൊക്കെ ആർക്കും വലിയ കളി അറിയില്ലെങ്കിലും കളിയാക്കാൻ എല്ലാവർക്കും നന്നായി അറിയാം "ഇവിടെ വീണാലും അങ്ങ്  ചന്തയിൽ ചെന്ന് വീണാലും ആറ് റണ്‍സെ കിട്ടു" ചങ്ങനാശ്ശേരി മുനിസിപ്പൽ മൈതാനം അറിയുന്ന ചിലർക്ക് കാര്യം മനസ്സിലാകും,ഞാൻ പറഞ്ഞതിൻറെ പൊരുൾ. ഇനി അത് മനസ്സിലാകാത്തവർക്ക് വേണ്ടി പറയാം ചുരുക്കത്തിൽ പണ്ട് ആലപ്പുഴ സണ്‍ ഷൈൻ ക്രിക്കറ്റ്‌ ടീമിലെ റിയാസ് എന്ന ചെറുപ്പക്കാരൻ എൻറെ ടീമിലെ "മണസ കൊണസ" ബൗളർ, എന്താടാ മോനേ ആ പറഞ്ഞത്? ക്രിക്കറ്റിൽ അങ്ങനെ ഒക്കെ ബൗളിംഗ് സ്റ്റൈൽ ഉണ്ടോ? പിന്നെ ഇല്ലാഞ്ഞിട്ടാ!! ഗവിൻ ലാർസണ്‍,ക്രിസ് ഹാരിസ്,നഥാൻ ആസ്റ്റിൽ ഇവരൊക്കെ അതിൻറെ ഉസ്താക്കന്മാരന്, ഇപ്പോൾ പിടികിട്ടിയോ? ഇല്ലേൽ "ലോല്ലിപ്പോപ്" ബൗളിംഗ് എന്ന് മോഡേണ്‍ ക്രിക്കറ്റിൽ പറയും. അങ്ങനെ മൂപ്പരെ ഒരു സിക്സ് അടിച്ചു ആ സിക്സ് ചെന്ന് വീണത്‌ ശവക്കോട്ടയും കടന്ന് വലിയപള്ളിയുടെ മുറ്റത്ത്‌ ഞങ്ങളുടെ കണക്കിൽ അത് പന്ത്രണ്ട് റണ്‍സ്.അന്ന് നടന്ന വിശദീകരണയോഗത്തിൽ ടിയാൻ നൽകിയ വിശദീകരണം  ആണ് മേൽപ്പറഞ്ഞ വാചകം.
അങ്ങനെ മുപ്പത്തിയഞ്ച് റണ്‍സിൻറെ പോസ്റ്റ്‌ മോർട്ടം നടക്കുമ്പോൾ പൊടുന്നനെ രാവിലത്തെ "സച്ചിൻ" ഓടിയെത്തി മതി, ഇനിയൊന്നും അറിയേണ്ട.അയാളുടെ ഒടുക്കത്തെ കണ്ണാ.....@ %&#  കരിങ്കണ്ണൻ.പണിയണം നല്ല "ഇണ്ടൻ"പണി. ഇനി വെക്കരുത് ഒരുത്തനേയും കണ്ണ്.

അങ്ങനെ അതിന് തീരുമാനം ആയി ഇനി നടപ്പാക്കുക മാത്രം.എന്ത് പണി കൊടുക്കും നല്ല "കിണ്ണൻ" ചാമ്പ് ചാമ്പിയാലോ? വേണ്ട വയസ്സായാ ആളാ തട്ടിപ്പോകും പുല്ല്. കൊടുക്കാം സമയം ആകട്ടെ. "പാലും വെള്ളത്തിൽ" തന്നെ കൊടുക്കാം.അങ്ങനെ ആ സുദിനം വന്നെത്തി.

മാർച്ച്‌ മുപ്പത്തിയൊന്ന് രാത്രി പതിനൊന്ന് മണി സാധാരണയായി ഞങ്ങൾ എല്ലാരും കുടുംബത്തിൽ ചേക്കേറുന്ന സമയം ഞങ്ങൾ മൂന്ന് നാല് പേര് പതിവിന് വിപരീതമായി വീട്ടിൽ പോകാൻ ഉള്ള ചെറിയ ലാഞ്ചന പോലും കാണിക്കുന്നില്ല.എങ്ങനെ പണിയാം,പണ്ടത്തെ കുറെ നാടൻ രീതികൾ ഉണ്ട്.വീടിൻറെ ഉമ്മറത്ത്‌ ശവക്കല്ലറ പണിയുക,പ്ലാവിൽ മനുഷ്യരൂപം കെട്ടിത്തൂക്കുക,പശുവിനെ സിറ്റ് ഔട്ടിൽ കെട്ടിയിടുക അങ്ങനെ പോകുന്നു സംഭാവാമികൾ. പക്ഷെ ഇതൊന്നും പോര കാശ് ചിലവില്ലാതെ പണിയണം.

ഒടുവിൽ അത് അണ്ണൻ തന്നെ കണ്ട് പിടിച്ചു, ഒരു തനി തറവേല. മുറ്റത്തെ പ്ലാവിലെ "ചക്കക്ക്" നാണം മറക്കുക. കൊള്ളാം മുറ്റത്ത്‌ തന്നെ ഉണ്ട് അതിനുള്ള സാധനസാമഗ്രികൾ പിന്നെ അമാന്തിച്ചില്ല കൂട്ടത്തിലെ വലിയ രണ്ട് ചക്കകൾക്ക് ഉടയാട അണിയിച്ചു.


പണി ലേശം തറ ആണേലും ഒരുപാട് സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ രംഗം നേരിട്ട് കാണാൻ സ്പോട്ടിൽ എത്തി കൊള്ളാം ആരും എഴുന്നേറ്റിട്ടില്ല അക്ഷമരായി കാത്തിരിക്കുന്ന ഞങ്ങൾക്കായി അടഞ്ഞ് കിടന്ന വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടു. മുറ്റത്തെ ചക്ക കണ്ട മുതലാളിക്ക് വട്ടായോ? അറിയില്ല ദിക്കുകൾ പൊട്ടുമാറ്‌ ഉച്ചത്തിൽ ചീത്ത വിളിക്കുന്നു അപ്പന് ,അമ്മക്ക് , പെങ്ങൾക്ക് , മരിച്ചവർക്കും , ജീവിച്ചിരിക്കുന്നവർക്കും എന്ന് വേണ്ട സകല നാട്ടുകാർക്കും പൂരത്തെറി.
തെറിക്ക് ശേഷം സ്വന്തം കടത്തിണ്ണയിൽ അങ്ങോർ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുമ്പോൾ,സായൂജ്യം അടഞ്ഞ കൂറെ ചെറുപ്പക്കാർ മറുവശത്ത്. പിന്നെ ഞങ്ങളെ ഞെട്ടിച്ച്‌ കൊണ്ട് അയാൾ കലിതുള്ളി വീട്ടിനുള്ളിലേക്ക്, തിരികെ വരുമ്പോൾ കയ്യിൽ ഒരു "വാക്കത്തി" പടച്ചോനെ.

പിന്നെ കണ്ണിൽ കണ്ട ചക്കയും,ചേനയും,ചേമ്പും എന്ന് വേണ്ട കുലച്ച് നിന്ന വാഴവരെ വാക്കത്തി കൊണ്ട് അരിഞ്ഞ് ദൂരെ തള്ളി.പിന്നെ രൂക്ഷമായ ഒരു നോട്ടം.നീയൊക്കെ അനുഭവിക്കുമെടാ എന്ന ഭാവം."ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ".

ഒരിക്കൽ കൂടി ഇതിലെ കഥയും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയാൽ തികച്ചും യാദർശ്ചികം മാത്രം. മുകളിൽ പറഞ്ഞ സംഭവം അറിഞ്ഞോ അറിയാതയോ ആരേയും മാനസീകമായി പീഡിപ്പിക്കാൻ ഉള്ളതല്ല എല്ലാം കാലഘട്ടത്തിൻറെ ചോരത്തിളപ്പ്. 

മാപ്പ്..............................  മാപ്പ്...............  


കൊടുത്താൽ കൊല്ലത്തും കിട്ടും.അപ്പോൾ കിട്ടും എന്നറിയില്ല പക്ഷേ കിട്ടും പ്രതീക്ഷയോടെ .........

2 comments:

  1. അണ്ണാ അണ്ണനാണണ്ണാ അണ്ണൻ :)

    ReplyDelete