Sunday 15 March 2015

അദ്ധ്യാപകൻ

അങ്ങനെ സാങ്കേതിക വിദ്യകൾ ഒക്കെ പഠിച്ച് ജോലി തേടി അലയുന്ന കാലം. ഇനിയെന്ത് , എങ്ങോട്ട് പോകും?  "പോയി പണിയെടുത്ത് തിന്നടാ "എന്ന് അച്ഛനും അമ്മയും പറയും എന്ന് ഉറപ്പായ കാലം.

ഒരു പഴയ മോഹം മനസ്സിൽ തലപൊക്കി ഒരു "അദ്ധ്യാപകൻ" ആയാലോ. പിന്നെ അമാന്തിച്ചില്ല സ്രാഷ്ടാംഗം അച്ഛൻറെ കാലിൽ.

അണ്ണാ ഛെ അച്ഛാ രക്ഷിക്കണം എനിക്ക് ഒരു ചിന്ന ഉദവി കൂട്ടുകാരൻറെ സ്ഥാപനത്തിൽ പഠിപ്പിക്കാനും, അതുവഴി ഇതുവരെ പഠിക്കാത്തതുമായ കാര്യങ്ങൾ കരഗതമാക്കാൻ ഒരവസരം ഒരുക്കിതരുവാൻ കനിവുണ്ടാകണം.

രോഗി ഇച്ച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് അല്ല പാലട എന്ന് പറഞ്ഞത് പോലെ. നാളെ സുബ്ഹി നമസ്കാരം കഴിഞ്ഞ് പോകാം എന്ന ടിപ്പൻ വാഗ്ദാനം.സന്തോഷമായി ഗോപിയേട്ടാ,സന്തോഷമായി അച്ഛൻ എന്ത് നല്ല അച്ഛൻ പരേതന് അല്ലാഹു സ്വർഗ്ഗം നല്കി അനുഗ്രഹിക്കട്ടെ ആമീൻ .....

ഇനി കാര്യത്തിലേക്ക് കടക്കാം ഇതിലെ "ഞാനും"  എൻറെ കാര്യങ്ങളും ഒഴികെ ബാക്കി ഒന്നും തന്നെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയി  കുലബന്ധം പോലുമില്ല എന്ന കാര്യം ആദ്യമേ അറിയിക്കട്ടെ. പിന്നെ ഇത് ഞാനല്ലെ സാർ?ഇത് ഞാൻ തന്നെ ഉറപ്പ് .എന്ന വാദവുമായ് ഏതെങ്കിലും ഫേസ് ബുക്ക്‌ കുതുഹികൾ കടന്ന് വന്നാൽ "പോട്ടെ പുല്ല് "എന്ന് ഞാൻ അങ്ങ് കരുതും പറഞ്ഞേക്കാം.ഹും.

അന്ന് ഒരു ഞായർ സുബഹി നമസ്കാരാനന്തരം ഞാനും എൻറെ ജീവിതത്തിലെ ഒരേ ഒരു "റോൾ മോഡലുമായ" എൻറെ അപ്പനും കൂടി ആ മഹാമേരുവിനെ കാണാൻ യാത്രയായി.
അസ്സലാമു അലൈക്കും.വ അലൈക്കുമുസ്സലാം.ആഹ് വാ എന്തുണ്ട് ?
അപ്പൻ:-സാർ ഇവനൊന്നു ഐ ടി സി യിൽ പഠിപ്പിച്ചാൽ കൊള്ളാം എന്ന് ഒരാഗ്രഹം.
സാർ:- അതുകൊള്ളമല്ലോട എന്നാൽ പിന്നെ വൈകേണ്ട നാളെ മുതൽ ആയിക്കോട്ടെ .
ഞാൻ:- സാർ എൻറെ സർട്ടിഫിക്കറ്റ് ഒക്കെ.
സാർ:- അതൊന്നും എനിക്ക് വേണ്ട പിന്നെ നിനക്ക്  പഠിപ്പിക്കാൻ ഒക്കെ അറിയാമോ?
പിന്നെ സാറിൻറെ ഒരു ചോദ്യം. ഞാൻ എത്ര പേരെ ട്യുഷൻ എടുത്തിട്ടുണ്ടെന്ന് സാറിനറിയാമോ!!!!
സാർ:- ഒഹ് പിന്നെ നിനക്ക് അതിൻറെ ഒന്നും ആവശ്യം ഇല്ല നീ ഇവൻറെ അല്ലെ മോൻ ...ആ കൊളിഫിക്കേഷൻ മാത്രം മതി വേറെ കൂടുതൽ ഒന്നും എനിക്ക് വേണ്ട.
ആനന്തലബ്ധിക്കിനി എന്ത് വേണം ഭവാനെ .....പിന്നെ കുശലം പറച്ചിൽ ചായ അങ്ങനെ ഒരു പത്ത് പതിനഞ്ച് മിനിട്ട് ശേഷം യാത്ര പറഞ്ഞ് ഇറങ്ങി.

 വഴിയിൽ കണ്ട മയിൽകുറ്റിയോടും , പുല്ലിനോടും,  പ്രാണിയോടും സംസാരിച്ചും, ലോഹ്യം കൂടിയും വീട്ടിൽ എത്തി.

 വീട്ടിൽ എത്തിയപാടെ മൂപ്പരുടെ ഒരു ചോദ്യം എൻറെ കിളിപോയതുപോലെ ആയിരുന്നു . "എടാ എൻറെ മാനം നീ കപ്പല് കേറ്റുമോ ?  പെട്ടന്നുള്ള ഞെട്ടലിന് ശേഷം,ഹേയ് ഇല്ലപ്പാ ഞാൻ ആത്മാർഥമായി പഠിപ്പിക്കും,  എന്നെ പഠിപ്പിച്ച പലരേയും പോലെ പിന്നെ ,ഞാൻ അപ്പൻറെ അല്ലെ മോൻ. അങ്ങനെ ഒരു ബെസ്റ്റ് ഓഫ് ലക്കിൽ ആ രംഗത്തിന് വിരാമം.

രാവിലെ ഒരു ആറ് ആറര ആയിക്കാണും കുളിച്ച് റെഡി ആയി അടുക്കളയിൽ അമ്മയുടെ അടുത്തെത്തി ."മദർ" എന്താ ഇന്ന് സാപ്പിടാൻ .അയ്യെടാ!!!! പുട്ട്. ഇന്ന് ഞാൻ കലക്കും. പുട്ടും, കടലയും ,പിന്നെ അടിക്കാത്ത ചായയും കൊള്ളാം വയറു നിറയെ അടിച്ചു ;പിന്നെ അന്നത്തെ എൻറെ സ്വത സിദ്ധമായ ഷർട്ടും മുണ്ടും കാലൻ കുടയും എടുത്ത് സലാം പറഞ്ഞ് കോളേജിലേക്ക് .


ആദ്യം നമ്മുടെ പ്രിൻസിയെ ഒന്ന് കണ്ടിട്ട് കയറാം എന്തിനും ഒരു ഗുരുത്വം ഒക്കെ വേണമല്ലോ, മെയിൻ ബ്ലോക്കിൽ എത്തി എൻറെ അമ്മോ !!!!!! ഇത്രേം തരുണീമണികൾ ഇവിടെയോ?

 മുല്ലപ്പൂചൂടിയതും , റോസാപ്പൂ കുത്തിയതും  ഇനി ഇതൊന്നും ഇല്ലാത്തതും തലമറച്ചതും ,  മറക്കാത്തതും എന്ന് വേണ്ട എല്ലാ വിഭാഗത്തിലേയും അഭൂത പൂർവമായ തിരക്ക് ആയിരുന്നു അവിടെ.

 ഇപ്പോൾ എനിക്കും ഒരു സംശയം മഹിളാമണികൾ മാത്രമേ ഉള്ളു; അല്ല ചാത്തനും ,പാണനും ,പാക്കനാരും, പെരുംതച്ചനും ,നായരും എന്ന് വേണ്ട എന്നേക്കാളും പൊക്കവും വണ്ണവും ഒക്കെ ഉള്ളവരും കുള്ളന്മാരും,കുള്ളത്തികളും  എല്ലാം ഉണ്ടവിടെ.

ഇതെല്ലാം കൊള്ളാം ചേട്ടാ പക്ഷേ ചേട്ടൻ വന്നത് എന്തിനാണ് എന്ന്അറിയാമോ ? "വളക്കാൻ". അല്ല പഠിപ്പിക്കാൻ; അല്ലാതെ അവൻറെ ഒരു നോട്ടം.അതെ തത്കാലം നോട്ടം അവസാനിപ്പിക്കാം ഇല്ലേൽ ചിലപ്പോൾ "പണി പാലും വെള്ളത്തിൽ കിട്ടും " .

മെയിൻ  ബ്ലോക്കിൽ പ്രിൻസിയുടെ അസിസ്റ്റന്റ്‌ "അക്കൻ ";ആയമ്മ കണ്ടമാത്രയിൽ ഒരു വെള്ളിടി വെട്ടുന്ന നോട്ടം; പുല്ല് ആരാണിവൻ ,മട്ടും ഭാവവും കണ്ടാൽ തന്നെ ഒരു ഫ്രോഡ്  ലുക്ക്‌ . ആയമ്മയെ പറ്റി പറഞ്ഞാൽ ഒരു കുലീനത്വം ഉള്ള "തൈക്കിളവി.


ആയമ്മ :- ആരാ?
ഞാൻ :-  സാറിനെ കാണാൻ വന്നത; ഇന്ന് വന്ന് കാണാൻ പറഞ്ഞിരുന്നു .
ആയമ്മ :- ആഹ്; പുറത്ത് വെയിറ്റ് ചെയ് , എന്താ പേര്.
ഞാൻ :- ഷമീർ.
ആയമ്മ :-ഹും നോക്കട്ടെ സാർ ഫ്രീ ആണോന്ന്. മുഖത്ത് ഒരു പുച്ഛം.
ഞാൻ :- ഓക്കേ ടീച്ചർ.
ആയമ്മ ഒന്ന് ഞെട്ടി "ടീച്ചർ"  അല്പം ജാട കൂടിയില്ലേ മൂപ്പതിക്ക് യെസ് ,കൂടി അത് കാണാൻ ഉണ്ട്.

അങ്ങനെ വിനീതവിധേയനായി കാത്തുനിൽക്കുന്ന എന്നെ അനേകായിരം നയനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നു എന്നത് തെല്ലൊന്നുമല്ല എൻറെ ചങ്കിടിപ്പ് കൂട്ടിയത്. ഇവരിലെ പല മുഖങ്ങളേയും പലതവണ പല "ദുരൂഹ" സാഹചര്യങ്ങളിലും ഈ "സഖാവ്" കണ്ടിട്ടുള്ളതാണ്, അപ്പോൾ ഒരു വിദ്വാൻ എന്താ ഇവിടെ ? ആരെ കണാന ? ഇവിടെ അനിയൻ പഠിക്കുന്നുണ്ടോ ? 

എന്താടാ കുഞ്ഞേ നീ അശ്വമേധം കളിക്കുവാണോ? അക്ഷമനായി നിൽക്കുന്ന ഞാൻ ;അല്ല സാറിനെ ഒന്ന് കാണണം . ---------മോനെ നീ  എൻറെ ക്ലാസ്സിൽ ആണേൽ നിൻറെ ഈ ചോദ്യത്തിൻറെ ഉത്തരം നിനക്ക് ഞാൻ പഠിപ്പിച്ച് തരാം . മനസ്സിൽ ആണ് പറഞ്ഞതെങ്കിലും എന്റെ നോട്ടം കൊണ്ട് കാര്യം എല്ലാം അവന് മനസ്സിലായി. തരുണീ മണികൾ ഉലാത്തൽ തുടർന്ന് കൊണ്ടേയിരുന്നു എൻറെ കാത്തിരിപ്പ്‌ തുടർന്നുകൊണ്ടും.

വൈകാതെ "അക്കൻ " വന്നു എടോ തന്നെ സാർ വിളിക്കുന്നുണ്ട്.


ഞാൻ :- ഗുഡ് മോർണിംഗ് സാർ
സാർ :-  ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ്.....

സാർ തൻറെ കൈപാങ്ങിനിരുന്ന ബെല്ലിൻറെ സ്വിച്ച് അമർത്തുന്നു, ഞെടിയിടയിൽ നമ്മുടെ "തൈക്കിളവി " ആസനസ്ഥ ആവുന്നു.

സാർ :- ഇത് ഷമീർ ഇന്ന് മുതൽ കെ ജി സി ഇ  യിൽ കാണും അബ്രഹാമിനോട്  പറഞ്ഞേക്ക്.ഓഹോ അപ്പോൾ ഇവൻ സാർ ആയിരുന്നോ !!!!! അയ്യേ,ഇവനാ സാർ,അതായിരുന്നു മൂപ്പത്തിയുടെ അപ്പോഴത്തെ ഭാവം . സത്യം "ചേച്ചി" ഞാൻ സാറാണ് കാണാൻ ഒരു ലുക്ക്‌ ഇല്ലന്നെയുള്ളു നല്ല "കാഞ്ഞവിത്ത" ഇതെല്ലം എൻറെ ഗദ്ഗതം.

പെട്ടന്ന് അതുവരെ കണ്ട "റോസ്സി ചേച്ചി " അല്ല മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി ഒക്കെ ഫിറ്റ്‌ ചെയ്ത് കാൽ വിരലാൽ കവിത ഒക്കെ എഴുതി ഒരു "കോമാളാംഗി"

വർഗീസ്സ് ചേട്ടാ.... വർഗീസ്സ് ചേട്ടാ .....ഷമീർ സാറിനെ നമ്മുടെ അബ്രഹാം സാറിൻറെ അടുത്ത് ഒന്ന് കൊണ്ട് ചെന്നാക്ക്.

പാവം വർഗീസ്സ് ചേട്ടൻ ഞാൻ അവിടെ ഉണ്ടായിരുന്ന സമയം മുഴുവൻ എനിക്ക് താങ്ങും തണലും ആയിരുന്ന വർഗീസ്സ് ചേട്ടൻ,ചേട്ടന് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.

കൗമാരക്കാരുടെ സ്വപ്ന ഗേഹം ;എന്നെ കാര്യമായ വരവേൽക്കനൊന്നും ആരും മെനക്കെട്ടതായി എനിക്കനുഭവപെട്ടില്ല കാരണം ഞങ്ങൾ ഇതൊക്കെ എത്ര കണ്ടതാ മോനെ എന്ന ഭാവം സ്വതവെ ജാട ഉള്ള ഞാനും അത്രക്ക് താഴാൻ നിന്നില്ല പിന്നെ ഇവന്മാർ വന്ന് മിണ്ടിയില്ലേൽ "പുല്ലാ എനിക്ക് പുല്ല് ".

അബ്രഹാം സാർ രണ്ട് കയ്യും നീട്ടി പുതിയ "അധ്യാപഹയനെ" വരവേറ്റു പിന്നീട് ഉടലോടെ "പ്രകാശ്" എന്ന സഹപ്രവർത്തകന് എന്നെ കൈമാറ്റം ചെയ്തു .

ഉച്ചക്ക് ഊണ് കഴിക്കാൻ ഉള്ള വട്ടകൂട്ടലുകൾ ,എന്നെയും കൊണ്ട് പ്രകാശ്‌ സാർ എൻറെ മറ്റ് സഹപ്രവർത്തകരുടെ അടുത്തേക്ക് നടന്നു , അതുവരെ എനിക്കും ഒരുപക്ഷേ അവർക്കും തോന്നിയ ഞങ്ങളിലെ  ജാട എന്ന വികാരത്തിൻറെ എല്ലാ കെട്ടും മട്ടും ആ തീൻ മേശക്ക് സമീപം അലിഞ്ഞില്ലാതായി.

പിന്നെ പരസ്പരം പരിചയപെടൽ കുശലം ആഹാരം ഷെയർ ചെയ്യൽ അങ്ങനെ കലാപരിപാടികൾ അനന്തമായി നീളുമ്പോൾ ഞാൻ പറഞ്ഞു അപ്പോൾ ഞാൻ പോയി സാപ്പിട്ട് വരാം നടക്കാനേ ഉള്ളു വീട്ടിലേക്ക് അപ്പോൾ ഉച്ചകഴിഞ്ഞ് പാക്കലാം.

ഉച്ചകഴിഞ്ഞ് കാര്യമായ തിക്കും തിരക്കും ഒന്നും ഇല്ല .അത് കൊണ്ട് കൂടുതൽ സഹപ്രവർത്തകരെ പരിചയപ്പെട്ടു .

ഡാനിസൻ , അജയൻ , സജി സാർ , തോമാച്ചൻ , കവിത ടീച്ചർ , പ്രെറ്റി , ബിന്ദു ടീച്ചർ, രാജേഷ്‌ , രാജീവ് , അനിൽ , പ്രമോദ്,ഫാത്തിമ; പിന്നെ ഈ ഫാത്തിമ എൻറെ മുറപ്പെണ്ണ്‍  കൂടിയാണ്‌ . സ്നേഹത്തിൽ ഞങ്ങൾ "അക്ക" എന്ന് വിളിക്കും അക്കക്കും അണ്ണനും ഐഷക്കും ആപ്പിളിനും ദൈവം നല്ലത് വരുത്തട്ടെ . അങ്ങനെ എല്ലാവരേയും പരിചയപെട്ടു. പിന്നെ എൻറെ പ്രിയ സഹ അദ്ധ്യാപകനും ,കൂട്ടുകാരനുമായ  രൻജി  എന്ന രഞ്ജിത്ത്; അങ്ങനെ  ആ ദിവസം അങ്ങനെ വീണ് മരിച്ചു .

പിറ്റേന്ന് പ്രഭാതം പൊട്ടി വിരിഞ്ഞു, കിളികൾ ,കാക്കകൾ ,കുയിൽ ഇവ ഒക്കെ ചിലക്കുന്നു, കരയുന്നു ,കോഴികൾ കൊക്കുന്നു. ഇതൊന്നും എനിക്ക് ഒരു പ്രശ്നം അല്ല ,എന്നും അവ ഇതൊക്കെ ചെയ്യുന്നതല്ലെ , ഞാൻ അദ്ധ്യാപകൻ ആയതിൻറെ,പിന്നെ കൊള്ളാം അതിന് അവറ്റകൾക്ക് എന്ത് .ഇത് നല്ല കൂത്ത്.



പഴയ പോലെ കാലൻ കുടയും ,കരിമ്പച്ച ഷർട്ടും കറുത്ത കരയുള്ള മുണ്ടും, ക്വവദീസ് ചെരുപ്പും ഇട്ട് പ്രതാപശാലി ആയി വിദ്യാലയത്തിലേക്ക്‌ നടന്നു. ക്ലാസ്സിൽ കയറുന്നതിന് മുൻപ് സ്റ്റാഫ്‌ റൂമിൽ പ്രകാശ്‌ സാർ പോകേണ്ട ക്ലാസ്സ്‌ ഏതെന്നും, വിഷയം ഏതെന്നും പറഞ്ഞു.ഇപ്പോൾ ശരിക്കും പേടിയില്ലേ.എന്നെനിക്ക് ഒരു സംശയം ഇല്ലാതില്ല . ആട്ടെ പോട്ടെ ഇരിക്കട്ടെ ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം.

പാഠം ഒന്ന് " ജീവിക്കാൻ ഉള്ള തത്രപ്പാട്"

ഗുഡ് മോർണിംഗ് സാർ .....ആഹാ എന്ത് മനോഹരമായ ആചാരങ്ങൾ  കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ. ഗൗരവം വിടാതെ ഞാനും പറഞ്ഞു ഗുഡ് മോർണിംഗ്  പിന്നെ പതിയെ കയ്യിൽ ഇരുന്ന അറ്റണ്ടൻസ് ബുക്ക്‌ ചോക്ക് ഇവ മേശമേൽ വെച്ചു. ഡസ്ക്കിന്റെ മുന്നിൽ വന്ന് ബാസ് ഉള്ള ശബ്ദത്തിൽ പറഞ്ഞു  ഞാൻ ഷമീർ ഹുസൈൻ നിങ്ങൾക്ക് ഇനി മുതൽ മെക്കാനിക്കൽ വിഷയം പഠിപ്പിക്കുന്നത്‌ ഞാൻ ആയിരിക്കും തുടക്കം എന്ന നിലയ്ക്ക് ഇന്ന് ഞാൻ ഒന്നും പഠിപ്പിക്കുന്നില്ല പക്ഷേ ഇനിയൊരിക്കൽ ഇങ്ങനെ ഉള്ള ഒരു അവസരം പരമാവധി ഉണ്ടാകാതിരിക്കാൻ ശ്രമിക്കും അത് കൊണ്ട് ഇ ദിനം നമുക്ക് മനോഹരമാക്കാം. നിങ്ങൾക്ക് എന്നോട് സഭ്യമാകുന്ന എന്തും ചോദിക്കാം .


വിരുതൻ നമ്പർ ഒന്ന് :-  സാർ കല്ല്യാണം കഴിച്ചോ?
ഞാൻ :- കൊള്ളാം ....എന്താ പേര് ....
വിരുതൻ ഒന്ന് :- ചമ്മിയ ചിരിയോടെ "സനീഷ്"
ഞാൻ :- "കുഞ്ഞേ" പണി ഇല്ലാത്തവർക്ക് കല്ല്യാണം കഴിപ്പിക്കുന്ന പണിയുള്ള ആരെയെങ്കിലും "മോന് " പരിചയം ഉണ്ടോ?

വിരുതൻറെ ചോദ്യവും ,തുടർന്നുള്ള എൻറെ ഉത്തരവും, പിന്നെ ആപൽക്കരമായ ചോദ്യങ്ങൾക്കുള്ള തിരശ്ശീല ആയിരുന്നു.

പിന്നെ ഓരോ കുട്ടികളേയും നല്ല വണ്ണം പരിചയപെട്ടു ,അവർ എന്നേയും ,പാട്ട് പാടാൻ അറിയാവുന്ന വരെ കൊണ്ട് പാട്ട് പാടിച്ച് ഞാൻ അവരെ നല്ല പോലെ എന്റെ കൈപ്പിടിയിൽ ഒതുക്കി.

ഹോ അവൻറെ ഒരു പഠിത്തം ....പോയി കിടന്നുറങ്ങെടാ. ഇങ്ങനെ നീ പഠിക്കുന്ന കാലത്ത് പഠിച്ചിരുന്നേൽ "രാജു നാരായണസ്വാമി " ആയേനെ ചേച്ചിയുടെ ഇ കമന്റ്‌ കേട്ടപ്പോൾ ഞാൻ ക്ലോക്കിൽ നോക്കി ഒരുമണി ആകുന്നു. പിന്നെ രാജു നാരായണസ്വാമിയെ,ഇവൾക്കെന്ത് അറിയാം ആ അനൂപ്‌ വിചാരിക്കണം ,എനിക്ക് ഒക്കെ ഒരു റാങ്ക് കിട്ടണേൽ. പിന്നെ ഒരു വർഷം ഉറക്കം ഇല്ലാതെ പഠിച്ചാൽ ചിലപ്പോൾ കിട്ടും.എന്ത് "അടുത്ത ഒരു വർഷത്തെ അടിപൊളി ഉറക്കം"  അല്ലപ്പിന്നെ.

 എൻറെ "മച്ചു"  സമ്മതിക്കണം നിന്നെ ഒക്കെ എങ്ങനെ കിട്ടുന്നു ഇ റാങ്ക്, പഠിക്കണം സുഹൃത്തെ അപ്പോൾ കിട്ടും റാങ്ക്, അല്ലാതെ ബുക്ക്‌ തുറന്നാൽ അപ്പോൾ കിടന്ന് ഉറങ്ങിയാൽ കിട്ടും;എന്ത് "ഉണ്ട " .

അനൂപ്‌ എൻറെ സഹപാഠിയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയിൽ ഒന്നാം റാങ്കിന് ഉടമയും ,ടിയാന് കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

അങ്ങനെ ഉറക്കമൊഴിച്ചും നോട്ടുകൾ ഉണ്ടാക്കിയും,സംശയം വേണ്ട കള്ള നോട്ടുകൾ അല്ല ;പഴയകാല അദ്ധ്യാപകരോട് സംശയനിവാരണം നടത്തിയും പിൽക്കാലത്ത് "നല്ല അദ്ധ്യാപകൻ" എന്ന സ്ഥാനം ഉണ്ടാക്കിയെടുത്തു എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അഭിമാനത്തിനു വക നൽക്കുന്നു.

മതി നിർത്തി കൂടെ നിൻറെ ഒരു കഥ,ശരിയ എനിക്ക് തന്നെ ബോർ ആയി അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം. എന്തായാലും ഓർമ്മയിൽ ഉള്ള ഒരു കാര്യം കൂടി എന്നിട്ട് ഞാൻ നിർത്താം ഓക്കേ ?പിന്നെ നിങ്ങൾ അല്ലെ ഡബിൾ ഓക്കേ.

പെണ്‍കുട്ടികൾ കൂടുതൽ ഉള്ള സിവിൽ ക്ലാസ്സ്‌ അവിടെ ആദ്യമായി ക്ലാസ്സ്‌ എടുക്കാൻ പോയ ദിവസം. മുൻപ് ഞാൻ സൂചിപ്പിചെന്ന് തോന്നുന്നു ഇനി ഇല്ലെങ്കിൽ ഇപ്പോൾ സൂചിപ്പിക്കാം. ഞാൻ തികച്ചും ഒരു "ലോക്കൽ" ആയിരുന്നത് കൊണ്ട് ,ഹോ സന്തോഷം ആയി അല്ലെ "ലോക്കൽ" എന്ന് കേട്ടപ്പോൾ. "തറ" അല്ല ആ നാട്ടുകാരൻ എന്നേ ആ പഥത്തിന് അർത്ഥം ഉള്ളു. 

ആ ക്ലാസ്സിലെ  മഹിളാമണികളെ പലവട്ടം പല രാജവീധികളിലും ഇടവഴികളിലും എന്ന് വേണ്ട പലസ്ഥലത്തു വെച്ച് ഞാൻ കണ്ടിട്ടുള്ളവരാണ്‌ അപ്പോൾ സ്വാഭാവികമായും എന്നേയും കണ്ടിട്ടുണ്ടാവുമല്ലോ;അല്ലേ?

ഈശ്വരാ!!!!!!എന്നെ കാത്തോണേ ഇനിയുള്ള എൻറെ പഠിപ്പിക്കൽ; നിൻറെ മാത്രം കയ്യിൽ ;കണ്ട്രോള് തരണേ .

ക്ലാസ്സിലേക്ക് പ്രവേശിച്ച ഉടനെ കിട്ടിയ ഗുഡ് മോർണിംഗ് തന്നെ ഒരു വശപ്പിശക് ടോണ്‍. ഒന്ന് ചമ്മിയില്ലേ? യെസ് ചമ്മി .പുറത്ത് കാണിച്ചില്ല ,അതാണ്‌ എൻറെ ഐഡിയ.ഹാജർ പുസ്തകത്തിൽനിന്ന് പേര് വിളിച്ച് ചമ്മൽ മാറ്റി കൊള്ളം, ഇരുപത്തിനാല് പേര് അധികവും സ്ത്രീ ജനങ്ങൾ. പെണ്‍ പടകൾ ഒക്കെ നല്ല മൂഡിൽ ,പുരുഷകേസരികൾ കള്ള ചിരിയുമായി ആണ് ഇരിക്കുന്നത്.

എടാ കള്ളാ !!! നീയല്ലേ ഞങ്ങളെ കൂട്ടുകാരുമൊത്ത് പലതവണ വായിൽ നോക്കി നിന്നിട്ടുള്ളത്, ഇപ്പോൾ വന്നിരിക്കുന്നു സാറായിട്ട്‌ ;സാറാനത്രേ സാർ,നിൻറെ ഒക്കെ സമയം.അതായിരിക്കാം അപ്പോൾ അവരുടെ മനസ്സിൽ എന്ന് കരുതുകയെ എനിക്ക് തരമുള്ളു.

എൻറെ ശരീരം കിടുകിടാ വിറക്കുന്നു ഭൂരിഭാഗം വരുന്ന തരുണികളുടെ മുഖത്ത് നോക്കാൻ തന്നെ പേടി ഇനി അബദ്ധത്തിൽ എങ്ങാനം നോക്കിയാൽ അപ്പോൾ തന്നെ ഞാൻ കണ്ണ് പിൻവലിക്കും പുറത്ത് കൂടി പോകുമ്പോൾ നോക്കുന്ന പോലെ അത്രയ്ക്ക് എളുപ്പമല്ല നാല് ചുവരുകൾക്കുള്ളിൽ ,ശരിക്കും മൃഗശാലയിലെ കൂട്ടിലടക്കപെട്ട "സിംഹം" അതാണ് അപ്പോൾ എൻറെ അവസ്ഥ.

കണക്കാണ് എന്റെ വിഷയം. തുടക്കം എന്ന നിലക്ക്‌ ഇതുവരെ പഠിപ്പിച്ചത് എവിടെ വരെ എന്നറിയുക എന്നത് ധാർമികമായ എൻറെ അവകാശം അല്ലെ അതിനാൽ ആ കർത്തവ്യം നിറവേറ്റാൻ തീരുമാനിച്ച ഞാൻ ആണ്‍ കുട്ടികളുടെ ഇടയിൽ നിന്ന് ഒരു ബുക്ക്‌ മേടിച്ചു. എന്താ ആശാന് തരാൻ ഒരു മടി.ഓഹോ അതായിരുന്നു കാരണം നല്ല കൈയക്ഷരം,ഇതിലും ഭേതം കെജിയിൽ പഠിക്കുന്ന എൻറെ "അയാൻറെ" കൈയക്ഷരം ആണ്.

നന്നായി നോട്ട് എഴുതുന്ന ആരെങ്കിലും ഒരു ബുക്ക്‌ തരു,ആരും ഇല്ലേ? കാത്തിരിപ്പിൻറെ ദൈർഘ്യം കൂടിയപ്പോൾ  എനിക്ക് പിടിച്ച് നിൽക്കാനായില്ല , പിന്നെ നീയൊക്കെ എന്തിനാ കെട്ടി ഒരുങ്ങി രാവിലെ എഴുന്നുള്ളുന്നത് ,ദേഷ്യം കൊണ്ട് ഞാൻ വിറച്ചു. പെട്ടന്ന് ഒരു കിളിനാദം .സാർ സോഫിയുടെ ബുക്ക്‌ മേടിക്ക്.


സോഫി ആരാണാ ഭാഗ്യവതി ? സാർ ഞാൻ..... കൊള്ളാം നല്ല ഒരു സുന്ദരി കുട്ടി. ആ ബുക്ക്‌ തരു. നമ്രശീർഷയായ് അ സുന്ദരി ബുക്ക്‌ കൈമാറി. അവളെ ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ ചായ തന്നത് പോലെ. എന്ത് നല്ല ആചാരങ്ങൾ ഇനിയുണ്ടോ ഇതുപോലുള്ള നല്ല നല്ല ആചാരങ്ങൾ. ബുക്കിന്റെ  ഒരു വശത്ത് മോഹൻലാലും മറുവശത്ത് മമ്മൂട്ടിയും പടച്ചട്ട കൊള്ളം ഇനി അഴകുള്ള ചക്കയിൽ ചുളയില്ലതാകുമോ ? ഇല്ല,കൊള്ളാം  നല്ല വൃത്തി ഉള്ള കുനുകുന അക്ഷരങ്ങൾ പേര് പോലെ തന്നെ നല്ല സോഫ്റ്റ്‌ അക്ഷരങ്ങൾ .മിടുക്കി ,താങ്ക്യു സാർ.

ഞാൻ ആ ബുക്കിൽ പതിയെ കണ്ണോടിച്ചു ദ്വിമാന സമവാക്യത്തിന്റെ സാമാന്യ രൂപം കൊള്ളം ഇത് തന്നെ തുടങ്ങാം.

അപ്പോഴാണ്‌ ഞാൻ അവളെ ശ്രദ്ധിച്ചത് ,ഒരു അലങ്കാരത്തിനു നമുക്ക് അവളെ "ക്രിസ്റ്റീന" എന്ന് വിളിക്കാം നല്ല ചന്തം ഉള്ള ഒരു പെണ്‍കിടാവ് എന്താ അവളുടെ കണ്ണിനൊരു തിളക്കം!!! "സുറുമയെഴുതിയ മിഴികളെ "
ആ ഗാനം അന്വർത്വമാക്കിയ നോട്ടം. ആ നോട്ടം തെല്ലൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്. 



മതി ഇന്നിനി ക്ലാസ്സ്‌ തുടരുന്നത് എൻറെ ആരോഗ്യത്തിന് നല്ലതല്ല എന്ന തോന്നൽ എന്നെ വേട്ടയാടാൻ ആരംഭിച്ചു.മറ്റ് ഗുരുതരമായ പരിക്കുകൾ ഇല്ലാതെ ഞാൻ ആ ക്ലാസ്സിന് തിരശ്ശീല ഇട്ടു.പക്ഷേ ഇനിയുള്ള തുടർ ക്ലാസ്സിനു ക്രിസ്റ്റീന ഒരു പാര ആകില്ലേ എന്ന തോന്നൽ എന്നെ കൊണ്ട് ആ പാതകം ചെയ്യിച്ചു.

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ബിന്ദു ടീച്ചറെ കണ്ട് കാര്യം പറഞ്ഞു . ടീച്ചർ അവളെ വിളിച്ച് പറയാൻ ഇനിയൊന്നുമില്ല പാവം സുറുമയും കണ്ണുനീരും ആകെ ഉത്സവം കഴിഞ്ഞ പറമ്പ് പോലെ ആക്കി "പാവത്തിന്റെ " മുഖം. പിന്നെയുള്ള എൻറെ ക്ലാസ്സുകളിൽ ക്രിസ്റ്റീന പൌഡർ പോലും ഇട്ടതായി തോന്നിയിട്ടില്ല. അതല്ല ഒരു കാര്യം കൂടി പറഞ്ഞ് ക്രിസ്റ്റീന പുരാണം നിർത്താം,അപ്പോഴാണ് എന്തുകൊണ്ടാണ് ആലങ്കാരികമായി അവൾക്ക് ഞാൻ ക്രിസ്റ്റീന എന്ന പേര് കൊടുത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാകു, കാരണം ഞാൻ ഒരു പെണ്‍കുട്ടിയെ അപമാനിച്ചു എന്ന് കാലം പറയരുതല്ലോ.

ഒരിക്കൽ അധ്യാപക ജോലി ഒക്കെ കഴിഞ്ഞ് നാട്ടിൽ മറ്റ് ജോലികളുമായി അർമാധിക്കുന്ന കാലം.എതോ തീയറ്ററിൽ കാമുകനുമായി വന്ന് എന്നെ കണ്ടപ്പോൾ ഓടി ഒളിച്ച "ക്രിസ്റ്റീന" അവളുടെ ആ ജാള്യത ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുന്നു.

അങ്ങനെ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരികളേയും ഒക്കെ പഠിപ്പിച്ച് തഴക്കവും പഴക്കവും ചെന്ന നല്ല ഒരു "അദ്ധ്യാപകൻ " ആയി നടക്കുമ്പോൾ ആയിരുന്നു മണലാരണ്യത്തിലേക്കുള്ള എൻറെ പറിച്ച് നടൽ. യാത്ര പറഞ്ഞ് ഇറങ്ങിയ ദിനം എൻറെ കുട്ടികൾ എനിക്ക് നൽകിയ ഹാർദവമായ യാത്ര അയപ്പ് ഇപ്പോഴും ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്നു. 


ഇപ്പോൾ ഓർക്കുമ്പോൾ "അദ്ധ്യാപകൻ" എന്ന സുന്ദരമായ തസ്തിക എത്ര ആനന്തകരം ആണ് എന്ന് ഞാൻ തിരിച്ചറിയുന്നു.നന്ദി നന്ദി നന്ദി...........