Monday, 15 August 2011

ഒരു സായാഹ്നത്തിന്റെ ഓര്മ്മയ്ക്ക്‌                 
പുലര്‍ച്ചെ എന്‍റെ  ഘടികാര ശബ്ദം ഉറക്കത്തിനു ഭംഗം വരുത്തിയത് തെല്ല് അസഹിഷ്ണുതയോടെയാണ് എനിക്ക് അനുഭവപ്പെട്ടത്. (സമയം അപ്പോള്‍ എട്ടു മണി) ഉറക്കച്ചടവോടെ ആദ്യ കര്‍മ്മം (ആദ്യ കര്‍മ്മം ഉടുതുണി തപ്പിയെടുക്കല്‍ ആണെങ്കിലും) നിലക്കാതെ ചിലക്കുന്ന ഉണര്‍ത്തു പാട്ട് (അലാറം) കുത്തി നിര്‍ത്തലാണ്. ഭൂമിയില്‍ കാല്‍ തൊടുമ്പോള്‍ കൈ കട്ടന്‍ ബീഡി (നാടന്‍ തെരുപ്പ്‌ ബീഡി ആ സമയത്ത് ഒരു രൂപയ്ക്ക് അഞ്ചു ബീഡി) പൊതിയിലേക്ക് നീങ്ങി, അവശേഷിക്കുന്ന ഒരു ആത്മശാന്തിക്കു തീ പിടിപ്പിച്ചു (മുറിയിലാകെ കത്തിയ ഫോസ്ഫെറസിന്റെ രൂക്ഷ ഗന്ധം). ആദ്യ പുക വലിച്ചൂതി (പുറത്ത് മുട്ടയിട്ട പിടക്കോഴിയുടെ ആത്മ നിര്‍വൃതിയുടെ പാട്ട്,കോഴികള്‍ ശല്യമാണ് (കഴിക്കുമ്പോള്‍ അല്ല) പരിസരം മുഴുവന്‍ കാഷ്ടിച്ചു വൃത്തികേടാക്കും. ജീവഭയം ഉള്ളത് കൊണ്ടു പൂവന്‍ കോഴികള്‍ തൊടിയില്‍ കയറാന്‍ മടിക്കുന്നു) വാതില്‍ മലര്‍ക്കെ തുറന്നു പുറത്തേക്ക്.ആദ്യ നോട്ടം അടുത്തുള്ള വിശാലമായ വിജയേട്ടന്റെ പറമ്പിലേക്ക്. (വിജയേട്ടന്‍ ഞങ്ങളുടെ ഹൗസ് ഓണര്‍ ആണ് ഭാഗ്യവശാല്‍ ഈ നീണ്ട മൂന്നു വര്‍ഷത്തിനിടെ ആ"മഹാനെ"കാണാന്‍ ഈയുള്ളവര്‍ക്ക് ഭാഗ്യം ഉണ്ടായിട്ടില്ല).


വര്‍ഷങ്ങള്‍ പഴക്കമുള്ള മാവുകളും,പ്ലാവുകളും,തെങ്ങും എന്ന് വേണ്ട ചേന,ചേമ്പ്,കാച്ചില്‍ ഇത്യാദി അസംഖ്യം ഹരിതാഭമായ വൃക്ഷലതാതികള്‍ കൊണ്ട് സമ്പന്നമാണ് മൂപ്പരുടെ പറമ്പ്.

"പടച്ചോനെ ഇങ്ങള്‍ കാത്തോളീന്‍" കൈ ഉയര്‍ത്തി ഞൊട്ട ഒടിച്ച് വാതില്‍ പടിയില്‍ "ആരോഗ്യ കസര്‍ത്ത്" നടത്തി മുറ്റത്തേക്ക് ഒരു ചാട്ടം. പ്രകൃതി ഭംഗി ആസ്വദിച്ചു പുക ഊതി കൊണ്ടിരിക്കുമ്പോള്‍ കിണറിന്റെ അടുത്ത് അര്‍ദ്ധനഗ്നനായി "മാണിക്യന്‍" (കര്‍ത്താവേ ഈ സാധനം ഇന്ന് നേരത്തെ എഴുന്നേറ്റോ?). ഞാന്‍:- എടാ പുല്ലേ നീ ചോറ് റെഡി ആക്കിയോ? (സാധാരണയായി "ജിജി ആശാന്‍" ആണ് മേപ്പടി കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത്. ഇന്ന് മൂപ്പര്‍ കുടുംബത്തില്‍ പോയിരിക്കുകയാണ്) മാണിക്യന്‍:-ഹോ "കൊണാന്റെര്‍" പള്ളിയുറക്കം കഴിഞ്ഞോ? അടിയന്‍ അരിയിട്ടിട്ടുണ്ടു തംബ്രാ, നിനക്ക് വേണമെങ്കില്‍ ഒന്ന് നോക്കിക്കോ, റെഡി ആയോ എന്ന്. (കേട്ട പാതി കേള്‍ക്കാത്ത പാതി ചാടി അടുക്കളയില്‍ കയറി; കാരണം പട്ടിണി കിടക്കാന്‍ വയ്യ). ഭാഗ്യം! എല്ലാ സാധനവും അതാതു സ്ഥലത്ത് തന്നെ ഉണ്ട്. "തട" തുണിയെടുത്ത് കലത്തിന്റെ മൂടി മാറ്റി ചിരട്ട തവി കൊണ്ടു ചോറ് കോരി "അമ്പട വില്ല" ഇതാണ് മോനെ കുത്തരിയുടെ വേവ്,ചോറ് പെട്ടന്ന് തന്നെ വടിച്ച്‌ വിജയശ്രീലാളിതനായി വീണ്ടും പുറത്തിറങ്ങി. (ഇപ്പോള്‍ ചോറ് ഉണ്ടാക്കിയത് "മാണിക്യന്‍" ആണ് എന്ന് അവന്‍ ആണയിട്ടു പറഞ്ഞാല്‍ പോലും ഒരു കുഞ്ഞും വിശ്വസിക്കില്ല, അതാണ്‌ ഈ ഉള്ളവന്റെ മട്ടും ഭാവവും).
ഞാന്‍:- "മാണിക്യ" ഇന്ന് പരീക്ഷ വല്ലതുമുണ്ടോ ഡാ? (പരീക്ഷപ്പേടി ഉണ്ടായിട്ടൊന്നുമല്ല,എന്തു ക്ലാസ്സ്‌ടെസ്റ്റ്‌ ഒരു സാധ പോലീസുകാരനോട്‌ തായം കളിയ്ക്കാന്‍ താല്പര്യം ഇല്ല).
മാണിക്യന്‍:- ഓ പരീക്ഷ ഉണ്ടെങ്കില്‍ നമുക്കെന്താ അളിയാ?(ഹാവു ആശ്വാസമായി, ലോകത്ത് ചേരണ്ടതെ ചേരു എന്ന ആപ്തവാക്യം അര്‍ത്ഥവത്താക്കിയ സഹ മുറിയന്മാര്‍).
ഞാന്‍:-ഇന്ന് ആ "കൂതറ ദാസ്" ഉണ്ടോ?(അധ്യാപകനെ അങ്ങനെ സംബോധന ചെയ്തത് തെറ്റാണെന്ന് ഇന്ന് മനസിലായി).
മാണിക്യന്‍:- ആ വിദ്വാന്‍ എന്നും കാണും. (ഗദ്ഗദം മത്തങ്ങാ തലയന്‍)
ഞാന്‍:- ഇന്ന് ഉച്ചക്ക് വരപ്പാണോ?
മാണിക്യന്‍:-പൊന്നളിയ, നിന്നെ സമ്മതിക്കണം. ഇന്ന് പ്രൊജക്റ്റ്‌ ആടാ പ്രൊജക്റ്റ്‌ (ഹും പ്രൊജക്റ്റ്‌ ആണെത്രെ പ്രൊജക്റ്റ്‌ (കയര്‍ മാറ്റ്‌ ട്രെസ്സിംഗ് മെഷീന്‍,ആ കഥ ഞാന്‍ പറഞ്ഞാല്‍ എന്നെ അവന്മാര്‍ (പ്രൊജക്റ്റ്‌ ടീം) തന്നെ തല്ലും).
ഞാന്‍:- അളിയാ ഞാന്‍ ഉച്ചക്ക് "സ്കൂട്ട്" ആകും
മാണിക്യന്‍:- അതെന്താട "പ്രതീക്ഷ" യില്‍ പടം മാറിയോ? ( "പ്രതീക്ഷ" ആലപ്പുഴക്കാരോട് പറഞ്ഞു മനസിലാക്കുന്നത്‌ "വലിയ ഒരു തമാശ" ആയിരിക്കും)
(ആലപ്പുഴക്കാര്‍ അല്ലാത്ത മാന്യ വായനക്കാര്‍ക്ക്‌ "പ്രതീക്ഷ" പേര് പോലെ തന്നെ മനുഷ്യനെ പ്രതീക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി  (പണ്ട്) സ്ഥിരമായി അശ്ലീല ചിത്രങ്ങള്‍ മാത്രം ഓടിക്കൊണ്ടിരുന്ന ഒരു സി ക്ലാസ്സ്‌ "സിനിമ ടാക്കീസ്".
(പടം മാറിയോ! ഹേ നമ്മളറിയാതെ അങ്ങനെ ഒരു പടം മാറ്റം,"നോ ചാന്‍സ്")
ഞാന്‍:-ഹേയ് ശിവ ശിവ നീ ഇല്ലാതെ ഞാന്‍ ഒറ്റയ്ക്ക് "പ്രതീക്ഷ" യില്‍!
ഇല്ലെട. "അമ്മയുടെ വീട്" വരെ ഒന്ന് പോണം. (കള്ളമാണ് പക്ഷെ സദുദ്ദേശം ആയതു കൊണ്ടു "മാണിക്യന്‍" വന്നാല്‍ ശരിയാകില്ല, സൂത്രത്തിലുള്ള ഒഴിവാക്കലിനു പലപ്പോഴും ഞാന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് "അമ്മയുടെ വീട്").

മാണിക്യന്‍ കുളിതുടര്‍ന്നുകൊണ്ടിരിക്കെ, ഞാന്‍ ബീഡി വലി പൂര്‍ത്തിയാക്കി, ബ്രഷ് ചെയ്യാന്‍ ആരംഭിച്ചു. പിന്നെ കുളി തേവാരം ചന്തം ചാര്‍ത്തല്‍ (ക്നാനായ സഭയുടെ ഒരു കല്യാണ ആചാരമാണ്) ഇത്യാദി കാര്യങ്ങള്‍ ഒരു "അടൂര്‍" ചിത്രം പോലെ ആണ്  പൂര്‍ത്തിയായത്. (ഡയലോഗ് ഇല്ലാതെ) ഇനി ഞങ്ങളുടെ  സ്വന്തം "ഫൈവ് സ്റ്റാര്‍ തട്ടുകട" (കാര്‍ത്താസ് കപ്പക്കട) പുട്ടും കടലയും (നാവില്‍ ഇപ്പോഴും ആ രുചി നില്‍ക്കുന്നു) പിന്നെ ഒരു അടിക്കാത്ത ചായ. (പറ്റ് ആയതു  കൊണ്ടു തല്ക്കാലം പൈസ കൊടുക്കേണ്ട കാര്യമില്ല മുജ്ജന്മ സുകൃതം).

പ്രാതല്‍ കഴിഞ്ഞു, റൂമില്‍ എത്തി ബാക്കി കലാപരിപാടികള്‍ ആരംഭിക്കണം. ബുക്ക്‌,പുസ്തകം,ചോറ് (ബുക്കും,മിനി ദ്രാഫ്റ്റെര്‍ ഉം എന്തിനധികം പറയുന്നു,പേന മറന്നാലും"ചോറ്" മറക്കില്ല). (ചോറ് ഞങ്ങള്‍ കൊണ്ടു പോകുന്നത് ഒരു കലയാണ്‌, ആദ്യം ഒരു textile കവര്‍ നന്നായി കീറി അത് വൃത്തിയായ്‌ തുടച്ച്, പിന്നെ ഒരു കലം ചോറ് (നാഴി അളവ് അറിയാത്തത് കൊണ്ടു കൃത്യമായി പറയാന്‍ പറ്റില്ല) ഒറ്റത്തട്ട്. പിന്നെ അത് ഒരാളുടെ ഡ്യൂട്ടി ആണ് "ചുമന്ന്‌" കോളേജില്‍ എത്തിക്കല്‍. അയാളുടെ ബുക്ക്‌ ചുമക്കല്‍ ബാക്കി ഉള്ളവരുടെ ജോലി ആണ്).

കോളേജില്‍ ക്ലാസ്സ്‌ തുടങ്ങാന്‍  ഇനി പത്തു മിനിറ്റ് കൂടി കാണും (ആ സമയം ആണ് തിരക്കിട്ട പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത്). സമയം കഴിഞ്ഞു, ഇനി രക്ഷയില്ല ബോറന്മാര്‍ (അധ്യാപകര്‍) ഒന്നൊന്നായി ഇനി അരങ്ങില്‍ എത്തും (ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും അങ്ങനെ നീളുന്നു പട്ടിക). ക്ലാസ്സ്‌ ഒന്ന് "ഇഷിക്കാവ". സ്വയം സംരഭകരാകാന്‍ പ്രാപ്തനാക്കിയെടുക്കുക,
"നടന്നത് തന്നെ...." ശ്രദ്ധയോടെ ആണ് ഇരിക്കുന്നത് എന്ന് ഉറപ്പു വരുത്തി, പക്ഷെ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവന്‍ കടിഞ്ഞാന്‍ ഇല്ലാത്ത കുതിരയെ പോലെ ഗദകാല സ്മരണകളിലൂടെ "അശ്വമേധം" നടത്തുകയാണ്.
ഉറക്കം തൂങ്ങുന്ന "സല്‍ഫോ",ശംഭു വെക്കാന്‍ അവസരം കാത്തിരിക്കുന്ന "ഗോപന്‍" ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന ഭാവത്തില്‍ "ഫ്ലൂച്ചന്‍"പിന്നെയും ഉണ്ട് എണ്ണമറ്റ മറ്റു പല വിദ്വാന്‍ മാരും. ഇവര്‍ക്ക് ഒക്കെ ഒത്ത നടുവില്‍ "ദാദ സാഹിബ്" (ഡൊമനിക് സാര്‍). അയ്യോ രക്ഷപ്പെട്ടേ (ക്ലാസ്സ്‌ കഴിഞ്ഞ സന്തോഷത്തില്‍ സനല്‍ ആണ് കമന്റ്‌ പാസ്സാക്കിയത്). ഇനി "രണ്ടാം ഊഴം" തെര്‍മല്‍ ടെക്നോളജി ക്ലാസ്സ്‌ എടുക്കുന്നത് മറ്റാരുമല്ല,എന്‍റെ അക്കാലത്തെ ഒരേയൊരു ശത്രു സാക്ഷാല്‍ ബിജുദാസ്. (ശത്രുതയുടെ കഥ മറ്റൊരു അവസരത്തില്‍ പറയാം). "ഗുഡ് മോര്‍ണിംഗ് സാര്‍" ക്ലാസ്സില്‍ ഉയര്‍ന്ന ശബ്ദം ആള്‍ക്ക് കോള്‍മയിര്‍ കൊണ്ടോ എന്നൊരു സംശയം, ആ.. ഇനിയെന്ത് ആപത്തു വരാന്‍,വന്നിരിക്കുന്നത് തന്നെ അല്ലെ ഏറ്റവും വലിയ ആപത്ത്. പുള്ളിക്കാരന്‍ സ്വയം വിശ്വസിക്കുന്നത് "ഖുര്മി ഗുപ്താ" (തെര്‍മല്‍ ടെക്നോളജി യിലെ അതികായന്‍) ആണെന്നാണ്. കാര്യമായ പരിക്കില്ലാതെ അങ്ങനെ "അവനും" വീണു മരിച്ചു. ഇനി പത്തു മിനിറ്റ് ടീ ബ്രേക്ക്‌ ആണ് സ്വസ്ഥം സുഖം സമാധാനം.
ക്ലാസ്സിന്‍റെ പുറത്തു കടന്ന് ഓരോരുത്തരും അവരവരുടെ സ്ഥാനം ഉറപ്പിച്ചു. അതാ വരുന്നു സുന്ദരികള്‍ (പേര് പറയുന്നില്ല കാരണം പലരും ഇപ്പോള്‍ പലരുടേയും ഭാര്യമാര്‍ ആയി സ്വച്ചന്ദ  ഗൃഹഭരണം നടത്തുന്നു. ഇനി ഞാനായിട്ട് ഒരു കുടുംബ കലഹത്തിനില്ല) നയനാനന്ദകരമായ "പൂച്ച നടത്തം" (ഒരു സ്വകാര്യം,സാധാരണയായ് മെക്കാനിക്കല്‍ പിള്ളേരെ കാണുമ്പോള്‍ സുന്ദരികളുടെ "അന്നനട"ക്ക് ഇത്തിരി കൊഴുപ്പ് കൂടാറുണ്ട്, അതിനു കാരണവും ഉണ്ട്. മരുഭൂമിയിലെ മരുപ്പച്ച പോലെ ആണ്ടിലും ചങ്ക്രാന്തിക്കുമാണ് മെക്കാനിക്കലില്‍ ഒരു പെണ്‍ തരി പഠിക്കാന്‍ എത്തുന്നത്. ആയതിനാല്‍ ഈ ഉള്ളവന്‍ ഉള്‍പ്പടെ ടി വിഷയത്തില്‍ അല്പം മുന്‍പോട്ടാണ്. സൊള്ളാന്‍ കിട്ടാത്തത് കൊണ്ട് കണ്ടെങ്കിലും ആസ്വദിക്കാമല്ലോ, എന്നാല്‍ "നീയൊക്കെ കാണെടാ" എന്നാണ് അപ്പോഴത്തെ മഹിളാ രത്നങ്ങളുടെ ഭാവം). കണ്ണിനു കുളിര്‍മ്മ, മനസ്സിന് ആശ്വാസം. പൊടുന്നനെയുള്ള ആക്രാന്തത്തില്‍ മൂത്രം ഒഴിക്കണം എന്ന വികാരത്തിനു അല്പം വിശ്രമം നല്‍കാന്‍ തീരുമാനിച്ചു. സമ്മതിക്കില്ല എന്നുറപ്പിച്ച് ദാ മുന്നില്‍ സാക്ഷാല്‍ "നാദം".
നാഥ് :- മക്കളെ കാന്‍റീനില്‍ പോയി ചായ കുടിക്കാം? (കയ്യില്‍ കാശുള്ളവര്‍ ഭാഗ്യവാന്‍മാര്‍).

ഞാന്‍:- (ബിജോയ്‌ ഇപ്പോള്‍ കൂട്ടത്തില്‍ ഇല്ല) അവന്‍റെ കയ്യില്‍ "സാനി"ക്ക് കൈ കഴുകാന്‍ സോപ്പ് മേടിക്കാനുള്ള കാശ് കാണും, അതില്‍ നിന്ന് "ഉണ്ടന്‍ പൊരി " കീറാം (മൂവരും പരസ്പരം നോക്കി ചിരിക്കുന്നു)
നാഥ്:- ഇവന്‍ സോപ്പ് മേടിച്ചു സോപ്പ് മേടിച്ചു മിക്കവാറും ആരെങ്കിലും ഒക്കെ ആവും. (അച്ചന്‍ ആകും എന്നാണ് സാരാംശം) (കുറിപ്പ്:- ബിജോയും സാനിയും ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണ് അവരെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ).
ബിജോയ്‌:-എന്നാല്‍ പോകാം (ഞങ്ങള്‍ മൂവരും എപ്പോഴേ റെഡി) ചായയും, ഉണ്ടന്‍ പൊരിയും അകത്തു ചെന്നപ്പോള്‍, ഇത് ഞങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച ദൈവത്തിനു നന്ദി പറഞ്ഞില്ലങ്കില്‍ അത് ശരിയല്ല, എന്ന തോന്നല്‍ എനിക്കുണ്ടായി "അല്‍ഹമ്ദുലില്ലഹ് ".
മൂത്ര ശങ്ക കലശലായി, ഇനി കഴിഞ്ഞിട്ടേ ഉള്ളു മറ്റെന്തും. മൂത്രപ്പുരയെ ലകഷ്യമാക്കി മണ്ടുമ്പോള്‍ അതാ ആ നിലവിളി ശബ്ദം (ക്ലാസ്സ്‌ തുടങ്ങാന്‍ ഉള്ള മണി) കാര്യസാധ്യ ശേഷം ക്ലാസ്സിന്‍റെ വാതിലില്‍ എത്തിയപ്പോള്‍ "ആഹാ വന്നല്ലോ വനമാല" എന്ന ഭാവം പിള്ള സാറിനു.
ഞാന്‍:- "സാര്‍" (വന്നാലും ശിഷ്യ കടന്നു വന്നാലും എന്ന് പറയണേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു). സാര്‍:- ‍ഉം ഉം (മൂളലില്‍ തന്നെ എല്ലാം ഉണ്ട്). മോഹന്‍ലാല്‍ പറഞ്ഞത് പോലെ "ഡയ്നാമിക്സിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു നുമാറ്റിക്സിന്റെയും, ഹൈഡ്രോളിക്സിന്റെയും മൂര്‍ത്തീഭാവം  ആണ് സാറിന് അപ്പോള്‍. (എനിക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍) അങ്ങനെ തരക്കേടില്ലാതെ ആ ക്ലാസ്സ്‌ അവസാനിച്ചു. (താല്പര്യം ഉള്ളത് കൊണ്ട് ബോര്‍ അടിച്ചില്ല).

ഉച്ച ഭക്ഷണം, അതിനു മുന്‍പ് കറി സംഭരിക്കണം "വീട്ടില്‍ നിന്ന് അമ്മ സ്വന്തം മക്കള്‍ക്ക്‌" കൊടുത്തു വിടുന്ന കറികളില്‍ ഭൂരിഭാഗവും ഞങ്ങള്‍ ആണ് തട്ടുന്നത്. പ്രാകി കൊണ്ടാണ് പലരും തരുന്നതെങ്കിലും, ചിലര്‍ അങ്ങനെ അല്ല എന്നാണു വിശ്വാസം. അങ്ങനെ അല്ലേ? അല്ലെങ്കില്‍ തന്നെ നാണവും മാനവും ഉള്ളവര്‍ക്കല്ലേ ഇതൊക്കെ ചിന്തിക്കാന്‍ സമയം. ദൈവം സഹായിച്ച് ഇന്നേവരെ നാണം എന്ന വികാരം തൊട്ടു തലോടിയിട്ടില്ലാത്തത് കൊണ്ട്  ഈ ഉള്ളവര്‍ക്കെന്താ ചേതം.(ഇതൊക്കെയാണ് നമ്മുടെ പില്‍ക്കാല സ്മരണകള്‍ക്ക് ശക്തി പകരുന്നത്). വിശാലമായ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഞാനും കമ്പനികളും ചേര്‍ന്ന് തീറ്റമത്സരം  ആരംഭിച്ചു. ചോറില്‍ പല "വീട്ടില്‍" നിന്ന് ഉള്ള അമ്മമാരുടെ സ്നേഹം (സ്വന്തം മക്കളോട്) കൂടിയാകുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രുചി. മീന്‍കറി,പാവക്ക കൊണ്ടാട്ടം,മുട്ട പൊരിച്ചത്,അവിയല്‍,പരിപ്പുകറി,തേങ്ങാചമ്മന്തി....."ഹ എന്താ രുചി". ഇനി ഒരു സത്യം പറയട്ടെ, (ഇതുവരെ പറഞ്ഞത് കള്ളം അല്ല) ആ ക്യാമ്പസ്‌ ചരിത്രത്തില്‍ ഞാനും ആശാനും മാണിക്യനും ചേര്‍ന്ന് കഴിച്ച അത്രയ്ക്ക് കറികള്‍ ആരെങ്കിലും കഴിച്ചു എന്ന് പറയുന്നത് പച്ച കള്ളമായിരിക്കും. (ഇന്നത്തെ അവസ്ഥ അറിയില്ല).

ഇനി ഒന്ന് പുകക്കണം, അതിനു നമ്മുടെ സ്വന്തം "സാബു". (കോളേജിന്റെ അടുത്തുള്ള കടയാണ്. കടയാണോ? എന്ന് നിങ്ങള്‍ കണ്ടിട്ടുള്ളവര്‍ ചോദിച്ചാല്‍ എനിക്ക് ഉത്തരം മുട്ടും). എന്നാല്‍ നിങ്ങളുടെ അറിവിലേക്ക് ഇപ്പോള്‍ പഴയ "സാബു" അല്ല ഇപ്പോള്‍ ആള് "പുലിയാണ്").ഞാന്‍ :- സാബു ഒരു "വില്‍സ്". ആസ്വദിച്ചു പുക പുറത്തേക്ക് തള്ളി വിട്ടു കൊണ്ട് സൊറ പറഞ്ഞിരിക്കുന്നു. (സമയം രാജധാനി എക്സ്പ്രസ്സ്‌ന്റെ വേഗതയില്‍ പായുകയാണ്).

ഉച്ചക്ക് ഞാനും നാഥും  ചേര്‍ന്ന് ഒരിടം വരെ പോകാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, (നാഥ് അക്കാലത്തു സിഗരെറ്റ്‌ വലിക്കില്ല അതിനാല്‍ ഞങ്ങള്‍ "മോശക്കാരുടെ കടയില്‍" ഉച്ചക്ക് അവന്‍ വരാറില്ല).ഇനി അവനെ എത്രയും പെട്ടെന്ന് കണ്ടെത്തി ആലപ്പുഴക്ക് പോകണം. ഇടവപ്പാതി ആയതു കൊണ്ട് മഴപെയ്യാനും, മഴപെയ്യാതിരിക്കാനും (കാലാവസ്ഥാ പ്രവചനം) സാധ്യത ഉണ്ട്. പുകവലിക്ക് ശേഷം ക്ലാസ്സില്‍ എത്തുമ്പോള്‍ പ്രൊജക്റ്റ്‌ ടീം റെഡി. ധനീഷ്:- വാ വര്‍ക്ക്‌ ഷോപ്പിലേക്ക് പോകാം. പോകുമ്പോള്‍ അതാ  അവന്‍ നില്‍ക്കുന്നു(നാഥ്). ഞാന്‍:- ടാ ഒന്നരക്ക് പോണം. നാഥ്:-ഓക്കേ മച്ചു.
ഉച്ച കഴിഞ്ഞുള്ള അങ്കം "പ്രൊജക്റ്റ്‌" ആണ്. മുന്‍കൂട്ടി തീരുമാനം എടുത്തത്‌ പോലെ ഞാന്‍ സ്കൂട്ട് ആയി സാബുവിന്‍റെ കടയില്‍ എത്തി. ഒരു സിഗരറ്റ് കൂടി കത്തിച്ചു. ദാ അവന്‍ എത്തി, ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴയിലേക്ക് യാത്ര തുടങ്ങി. പോകുന്ന വഴിക്ക് ഞങ്ങള്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കി, ഒരു ജേഴ്സി സ്പോണ്‍സര്‍ ചെയ്യിക്കണം അതാണ്‌ കവികളുടെ ഉദ്ദേശം. സാധിച്ചാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം കോളേജില്‍ നിന്ന് ഒരു ഫുട്ബോള്‍ ടീം ഇന്റര്‍ കോളേജ് മത്സരത്തില്‍ പങ്കെടുക്കും. (ഇല്ലെങ്കിലും പങ്കെടുക്കും പക്ഷെ പഴഞ്ചന്‍ ജേഴ്സി ആയിരിക്കും എന്നെ ഉള്ളു). കടയില്‍ എത്തിയ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച ഒരു ഉത്തരം അല്ല ലഭിച്ചത്, അല്പം അമര്‍ഷം ഉണ്ടായെങ്കിലും പ്രതീക്ഷക്കു വകയുള്ള  ഒരു ഓഫര്‍ അയാളില്‍ നിന്ന് ലഭിച്ചു. അടുത്ത വര്‍ഷം ഉറപ്പായും സ്പോണ്‍സര്‍ ചെയ്യാം എന്ന്. (നമുക്ക് ഭാഗ്യം ഇല്ലെങ്കിലും അടുത്ത തലമുറയ്ക്ക് ഭാഗ്യം ഉണ്ടല്ലോ).പക്ഷെ പ്രതീക്ഷിക്കാത്തത് സംഭവിച്ചത് മനസ്സിനെ വല്ലാതെ ഉലച്ചു. "ഇതികര്‍ത്തവ്യത മൂഡന്‍" എന്ന് ഈ അവസ്ഥക്കായിരിക്കും പറയുക. അല്ലേനാഥ് അവന്റെ വീട്ടിലേക്കു യാത്ര പറഞ്ഞു പിരിഞ്ഞു, ഏകാന്തന്‍ ആയപ്പോള്‍ പിന്നെയും സങ്കടം കൂടിക്കൊണ്ടിരുന്നു, അതാ രംഗ ബോധം ഇല്ലാത്ത കോമാളിയായ്‌ മഴ. ഞാന്‍ ഓടി ബസ്‌ സ്റ്റേഷനില്‍ എത്തി.
പിന്നെ യാന്ത്രികമായ ഒരു യാത്ര, കൂനിന്മേല്‍ കുരു പോലെ ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയ്ക്ക് മേമ്പൊടി ആയി ഇടിയും, മിന്നലും. ആ മഴക്കും എന്നെ തണുപ്പിക്കാന്‍ ആയില്ല. കാരണം പോകുമ്പോള്‍ ഉള്ള അഹങ്കാരം തന്നെ.(ആരെയും നാക്ക് കൊണ്ട് അടിച്ചിടാം എന്നാണു അന്നുവരെയുള്ള എന്റെ ഭാവം). എല്ലാം കഴിഞ്ഞു ഒന്നും നടന്നില്ല, വിജയാശ്രീലാളിതന്‍ വീണിതാ കിടക്കുന്നു 'കടുകും കരിവേപ്പിലയുമായ്'.
"പോണാല്‍ പോകട്ടും പോടാ" ഇനി വരുന്നേടത്തുവെച്ചു കാണാം വണ്ടി മഴത്തുള്ളികളെ കീറിമുറിച്ചു ലകഷ്യ സ്ഥാനത്തേക്ക് പായുന്നു. (ഓര്‍ഡിനറി പായുമോ ആവോ!) സ്ഥലകാലബോധം തിരിച്ച് വന്നത് എസ്. ഡി. കോളേജ് ലെ സുന്ദരികള്‍ ബസ്സില്‍ കയറിയപ്പോഴാണ്, മുടിഞ്ഞ ഒരു യൂണിഫോം കാരണം പലപ്പോഴും മാനം കപ്പല്‍ കയറിയിട്ടുണ്ട്. ഇനി വല്ലാതെ നോക്കി കോളേജിന്റെ പ്രൌഡി കളയേണ്ട.(കാര്യം അതല്ല എങ്കിലും)എന്നാലും മനസ്സ് സമ്മതിക്കുന്നില്ല.(പ്രായം അതല്ലേ). കപ്പക്കടയില്‍ ഇറങ്ങാം വേണ്ട, അറവുകാട് "പണ്ടാരം" കോളേജിന്റെ മുന്നില്‍ മുഴുവന്‍ "സാത്താന്മാരും" ഉണ്ട്. ഇനി പുന്നപ്ര അത് തന്നെ സമാധാന മേഖല കാലക്കേടിന് കയ്യില്‍ കുടയും ഇല്ല. (അല്ല നീയെന്ത സുഹൃത്തെ പറയുന്നത് "കുട" പണ്ട് പെറ്റ തള്ള അമ്പത് വെട്ടം പറയും പുന്നാര മുത്തെ ആ കുടയും കൊണ്ട് പോടാ ...ഹോ ഈ അമ്മ ക്ക് ഒരു പണിയും ഇല്ലേ "കുടയും വടിയും ആയി ആരെങ്കിലും കോളേജില്‍ പോകുമോ?") (പില്‍ക്കാലത്ത് "കാലന്‍ കുട" യുമായി മതിവരുവോളം കറങ്ങി ആശതീര്ത്തിരുന്നു). മഴയെ അവഗണിച്ച് ബസ്സില്‍ നിന്ന് ഇറങ്ങി ഒറ്റ ഓട്ടത്തിനു വെയിറ്റിംഗ് ഷെഡില്‍.എവെരെസ്റ്റ് കീഴടക്കിയ ഹിലാരിയുടെ മനസ്സാണ് ഇപ്പോള്‍. ശരീരത്തിനും മനസ്സിനും ഒരു തണുപ്പ്, ഇനി എത്രയും പെട്ടന്ന് സാബുവിന്‍റെ ഹോട്ടല്‍. ഒരു ചായ,കടി പിന്നെ ഒരു വില്‍സ്.പക്ഷെ എങ്ങനെ, മഴതംബുരാന്‍ തകര്ത്താടുകയല്ലേ. സമയം നാലര ആയതേ ഉള്ളു, പക്ഷെ  കണ്ടാല്‍ ഒരു ആറരയുടെ ചേല്‍.
അതാ അവള്‍ വരുന്നു. ആരാ അവള്‍? എന്റെ കോളേജില്‍ തന്നെ പഠിക്കുന്ന ഒരു അന്നനടക്കാരി പെണ്‍കുട്ടി. ഇട്ടിരിക്കുന്ന വേഷം ക്രീം ഷര്‍ട്ട്‌ പിന്നെ ബ്രൌണ്‍ പാന്റ്സ്. (എന്റെയും വേഷം അത് തന്നെ) അന്ന് പെണ്‍കുട്ടികള്‍ ലാബ്,പ്രൊജക്റ്റ്‌,വര്‍ക്ക്‌ഷോപ്പ് എന്നിവയ്ക്ക് ടി വേഷം ആണ് ധരിക്കാറ്. മഴ ആയതു കൊണ്ട് നനഞ്ഞാണ് കക്ഷിയുടെ വരവ്, മഴ അവളെ അല്പം "സുന്ദരി" ആക്കിയോ? ശരീരത്തിന്റെ മൊത്തം വടിവുകളും കണ്ണാടി കൂട്ടിലെന്ന പോലെ നന്നായി തന്നെ കാണാം. "ത്രിപ്തിയായ് അഛാ ത്രിപ്തിയായ്" ഇന്ന് കണി കണ്ട മാണിക്യനെ നാളെയും കണി കാണണമേ ഈശ്വരാ. (എന്നും അവനെ തന്നെ ആണ് കണി കാണുന്നത്).അവള്‍ ആ ബസ്‌ സ്റ്റോപ്പ്‌ കടന്നു പോകുന്നത് ഞാന്‍ കണ്ണിമചിമ്മാതെ ചൂഴ്ന്നു നോക്കുകയാണ്, പെട്ടന്നാണ് ഒരു കൊള്ളിയാന്‍ പോലെ അവള്‍ എന്നെ തല തിരിച്ചു നോക്കിയത്. (എന്റെ നോട്ടത്തിനു കാന്ത ശക്തി ഉണ്ടെന്നു തോന്നുന്നു). ഇല്ല,അവള്‍ ഇങ്ങോട്ട്  വരുകയാണോ, ഭാഗ്യം. ബസ്‌ സ്റ്റോപ്പ്‌ല്‍ ഞാന്‍ അല്ലാതെ കുറച്ചു ഉറുമ്പുകള്‍ മാത്രം അവള്‍ വന്നു. (പടച്ചോനെ പരീക്ഷിക്കല്ലേ).

അവള്‍ :-എന്താ ഇവിടെ?
ഞാന്‍ :- ആലപ്പുഴവരെപ്പോയി. തിരിച്ചു വന്നപ്പോള്‍ നല്ല മഴ. കുടയില്ലത്തത് കൊണ്ട് ഇവിടെ ഇറങ്ങി.
അവള്‍ :- വരുന്നോ?(അങ്ങോട്ട്‌ എന്ന ഭാവത്തില്‍).
ഞാന്‍:-(പണി പാളി) ഇല്ല.മഴ മാറിയിട്ട് പൊക്കോളാം.
അവള്‍ :- (ഇല്ല എന്നെ വിടാന്‍ ഭാവമില്ല) ഇല്ല വരൂ ഞാന്‍ "സൂര്യ" ടെ അവിടെ വിടാം.
പടച്ചോനെ, ഇവള്‍ എന്നെ തല്ലു കൊള്ളിക്കും. പണ്ട് മുതല്‍ തന്നെ ഈ തല്ല്  എനിക്കൊരു പുത്തരി അല്ല. കൊണ്ടും കൊടുത്തുമാണ് ഇവിടേം വരെ എത്തിയത്. ഇനി പുന്നപ്രക്കാരുടെ തല്ലു കൂടി മേടിച്ചു തരും ഉറപ്പ്.
ഞാന്‍ :- പോന്നു മോളെ നീ പൊക്കോ. (വിടില്ല എന്ന ഭാവത്തില്‍ അവള്‍, "നീ എന്നെ നോക്കും എല്ലേ" എന്ന പ്രതികാര ദാഹവുമായി  നില്‍ക്കുന്നു "കള്ളിയങ്കാട്ടു നീലി").
അവള്‍ :- വാ, എന്തിനാ പേടിക്കുന്നത്? ഇപ്പോഴെങ്ങും മഴ മാറില്ല വാ.
ഞാന്‍ മനസ്സില്ലാമനസ്സോടെ കുടയില്‍ കയറി (ആഗ്രഹം അത് തന്നെ ആണ് എങ്കിലും........ നാട്ടുകാര്‍.....?) പണ്ട് വര്‍ഗീസ്‌ പറഞ്ഞത് പോലെ, "വികാരം വിവേകത്തിനു വഴിമാറും" തിരിച്ചും. അവള്‍ക്കു ലോകം കീഴടക്കിയ ഭാവം ആണെങ്കില്‍, എന്റേത് സിംഹക്കൂട്ടില്‍ അകപെട്ട മാന്‍ പേടയുടെ അവസ്ഥ.(സ്വതവേ ഈ വിഷയത്തില്‍ പെണ്‍കുട്ടികള്‍ ഇത്തിരി ധൈര്യം കാണിക്കും എന്ന് തോന്നുന്നു ശരിയാണോ?) ഏതായാലും നടപ്പ് തുടങ്ങി. മോശമല്ലേ, ഒരു പെണ്‍കുട്ടിയെ കൊണ്ട് കുട പിടിപ്പിക്കുക. ആയതിനാല്‍, അടിയന്‍ ആ കര്‍ത്തവ്യം വിനയപുരസ്സരം ഏറ്റെടുത്തു. ശരീരം ആകെ ഒരു കുളിര്‍മ. ഞാന്‍ ആകെ നനഞ്ഞു കുളിച്ചു.(അവള്‍ ആണെല്ലോ കുടയുടെ അവകാശി, അപ്പോള്‍ അവള്‍ക്കല്ലേ സിംഹഭാഗവും ചൂടാന്‍ ഉള്ള അവകാശം). കര്‍ത്താവേ! ഒരു വണ്ടി, സ്റ്റോപ്പ്‌ല്‍ വന്നു നിന്നു. എന്റെ ഹൃദയമിടിപ്പ്‌ ഇപ്പോള്‍ "മൈക്കില്‍ ജാക്ക്സണ്‍ന്റെ" മ്യൂസിക്‌ പോലെ ഉയര്‍ന്നു കേള്‍ക്കാം.(വണ്ടിയില്‍ അറിയാവുന്ന ഏതെങ്കിലും ഒരുവന്‍ ഉണ്ടായാല്‍........). ഇല്ല പക്ഷെ ഇറങ്ങിയവന്മാര്‍ കൃത്യം അവളുടെ ഉയര്‍ന്ന "മാറിടത്തില്‍" തന്നെയാണ് നോക്കുന്നത്. (അവന്മാര്‍ ചിന്തിക്കുന്നത് എനിക്ക് അല്ലാതെ മറ്റാര്‍ക്കറിയാം). ഏതായാലും അവളുമായി തൊട്ടുരുമ്മി ഉള്ള നടത്തം, എന്നിലെ വികാരത്തെ ഉണര്‍ത്താന്‍ തുടങ്ങി. ഈ നിമിഷം ഒരിക്കലും അവസാനിക്കരുതെ.......

നടപ്പില്‍ ഞാന്‍ അവളോട്‌ പലതിനെയും പറ്റി ചോദിച്ചു. അതില്‍നിന്നു ഒരു കാര്യം ഉറപ്പായി, സംഭവം "ലത്‌" തന്നെ. ഇനി ദൈവത്തിന്റെ തീരുമാനം, അതാണ്‌ എങ്കില്‍ നടക്കട്ടെ. (വിധിയെ തടുക്കാന്‍ ചെക്കാളക്കും ആവില്ലല്ലോ).

അതാ "വായില്‍ നോക്കികളുടെ" സംസ്ഥാന സമ്മേളനം. സാബു ,റെജി, മധു ...... അങ്ങനെ നീളുന്നു പ്രദേശവാസികളും,വായില്നോക്കികളും, കാമുകന്മാരും. ഇനി ധൈര്യം വിടരുത്, അവള്‍ ഇപ്പോള്‍ കുളി കഴിഞ്ഞു ഈറന്‍ ഉടുത്ത് മുഴിപ്പും, തുടിപ്പും പുറത്ത് കാണിച്ച അവസ്ഥ. പിന്നെ അങ്ങനെ "പട്ടികള്‍" നോക്കാതിരിക്കും, സ്വന്തം കാമുകിയുടെ നഗ്നത കാണുന്നത് കാമുകന് സഹിക്കുമോ?(പ്രേമം വരാന്‍ വലിയ താമസം ഒന്നും  വേണ്ട ചങ്ങാതി), ഞാന്‍ സാബുവിന്‍റെ കടയില്‍ കയറാന്‍ തയ്യാറായി. അപ്പോള്‍, അവള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. തോളില്‍ കിടന്ന ബാഗില്‍ നിന്ന് ഒരു ഗിഫ്റ്റ് പുറത്തെടുത്തു. (ഹോ! ബോംബ്‌ ആണോ? എന്ന വ്യാജേന ആണ് എല്ലാവരും നോക്കുന്നത്). എനിക്കും ആകാംഷയായ്,അത് മേടിച്ചാല്‍ "അടി", മേടിചില്ലെങ്കില്‍ നീയാണോ "കാമുകന്‍". (മനസ്സ് ചോദിച്ചു അളിയാ, ത്രിശങ്കുവിലാണോ? പിന്നെ കല്പിച്ചു, മേടിക്കെട ഭീരു). പിന്നെ ഒന്നും നോക്കിയില്ല. ഞാന്‍ ആ സ്നേഹ സമ്മാനം പൂര്‍ണ്ണ മനസ്സോടെ സ്വീകരിച്ചു . അവള്‍ യാത്ര പറഞ്ഞു പോകുമ്പോള്‍, എന്തോ ഒന്ന് കൈവിട്ടത് പോലെ.


സാബു ഒരു ചായ, (നാട്ടുകാരി പെണ്ണിനോട് ആണോട നിന്റെ കളി? എന്ന മുഖഭാവം). ഡാ നിനക്ക് സിഗരെറ്റ്‌ വേണ്ടേ? (സാബു ഒരു നല്ല കച്ചവടക്കാരന്‍ തന്നെ). വേണം സാബു, ഒരു കടിയും കൂടി.
സിഗരെറ്റ്‌ കത്തിയമരുന്നു, ഒരാള്‍ക്കും മിണ്ടാട്ടം ഇല്ല. നിശബ്ദതയുടെ നിമിഷങ്ങള്‍, പക്ഷെ എല്ലാവര്ക്കും നിര്‍വൃതി. കന്നി പെണ്ണിനെ കണ്‍ കുളിര്‍ക്കെ കണ്ട ആനന്ദ നിര്‍വൃതി.