Tuesday, 21 April 2015

ചക്ക

ഇന്നലെ ഞാൻ കുറെ നാളിന് ശേഷം ചക്ക തിന്നു.വലിയ രുചി ഒന്നും തോന്നിയില്ലേലും,ആ മണം,നൊസ്റ്റാൾജിയ ഒക്കെ കൊണ്ട് ഒരു ആക്രാന്തം ഉണ്ടായിരുന്നു തിന്നാൻ. എനിക്ക് തോന്നുന്നു, നമ്മുടെ ചക്കയെ  മഴ ചതിച്ചു. അതാവാം ഒരു അരുചി.  എന്നാലും അവൻറെ ഒരു ഭാഗ്യമേ,പത്ത് നാലായിരം കിലോമീറ്റർ താണ്ടി,കടൽ കടന്ന് ഇങ്ങ് വന്നല്ലോ "കള്ള പൈലി ".ഇരിക്കട്ടെ ചക്കക്കുട്ടന് എൻറെ വക ഒരു വിപ്ലവാഭിവാധ്യം,ഇപ്പോഴാ ഓർമ്മവന്നത് ഒരു കാര്യം.

ആ ചക്ക,അതെ! ചക്കയുടെ കാര്യം പറഞ്ഞപ്പോഴാണ് പണ്ടത്തെ ഒരു ഏപ്രിൽ ഫൂൾ ദിനം ഓർത്തത്.അന്ന് ആരുടെ നെഞ്ചത്ത്‌ പൊങ്കാല ഇടണം എന്ന ആലോചനയുമായി നടക്കുന്ന കാലം.എന്നാൽ ഇങ്ങേർക്ക് തന്നെ കൊടുക്കാം,"ഒരു എട്ടിൻറെ പണി "


ഇനി പണി കൊടുത്ത കാര്യം കുറച്ച് പ്രായപൂർത്തി ആയവർക്ക് മാത്രമേ കേൾക്കാൻ പറ്റു. ആയതിനാൽ അത് അല്പം കഴിഞ്ഞ് പറയാം പോരെ? മതി.

ഇനി പണി കൊടുക്കാൻ ഉണ്ടായ പ്രചോദനം പറയാം.പണ്ട്,എന്ന് പറഞ്ഞാൽ ഒരു പത്തിരുപത് വർഷം മുൻപ്,ക്രിക്കെറ്റിന്റെ അതിപ്രസരം എന്നെയും എൻറെ കൂട്ടാളികളേയും ഒക്കെ മുച്ചൂടും മുടിച്ച ക്രിക്കറ്റ്‌ പ്രാന്ത്,എനിക്ക് ഇന്ന് കാണുന്നയീ  കളർ ഒന്നും അന്നില്ല,ഹ...ഹ...ഹ എന്നെ കൊണ്ട് ഞാൻ തോറ്റു, കളർ ആണത്രെ കളർ,അപ്പോൾ ഇതാണ് സാർ പറഞ്ഞ ആ കളർ, ഛെ! മൂഡ് കളയല്ലെ പൊന്നെ പറയട്ടെ, അങ്ങനെ എന്നെയും ക്രിക്കറ്റ്‌ "തൊഴിലായി" എടുത്ത സഹകളിക്കാരെയും ഒക്കെ കണ്ടാൽ,ആദ്യം ഞങ്ങളെ നോക്കണോ,അതോ കാക്കയെ നോക്കണോ,എന്ന് കണ്‍ഫ്യൂഷൻ ഉള്ള കാലം ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പറഞ്ഞ ആ "കളർ".

തരക്കേടില്ലാതെ ജില്ലയിലെ "ബി" ഡിവിഷൻ കളിക്കുന്ന ഒരു ടീം, പേര് പറയുന്നില്ല എൻറെ ജീവചരിത്രം മറ്റുള്ളവരെ മുറിപ്പെടുത്തുന്നത് എനിക്കിഷ്ടം അല്ല.അങ്ങനെ രാവിലെ ബാറ്റും തൊപ്പിയും ശ്രീശാന്തിൻറെ കയ്യിലെ ബാന്റും. അപ്പോൾ നിങ്ങൾ ഓർക്കും ഇരുപത് വർഷം മുൻപ് ശ്രീശാന്തിനെ അറിയുമോ എന്ന്? ഇല്ല അറിയില്ല,പക്ഷെ മൂപ്പരെ ഇപ്പോൾ എല്ലാവർക്കും അറിയില്ലെ,അതുകൊണ്ട് എടുത്ത് ഉദാഹരിച്ചത കുഴപ്പം ഉണ്ടോ? ഇല്ല. അങ്ങനെ ഒക്കെ ആയി നടന്ന് പോകുമ്പോൾഒരു വെള്ളിടി പോലെ ഒരു പേമാരി പോലെ ഒരു ചുഴലി കൊടുങ്കാറ്റ് പോലെ ആ ചോദ്യം വന്നു. "എടാ മക്കളെ !!!!നിങ്ങൾ എല്ലാരും സച്ചിൻ ടെണ്ടുൽക്കർ ആണോട?" പടച്ചോനെ ഇന്ന് ഇനി പോണോ കളിക്കാൻ.ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം അല്ലേ.

അന്ന് കളിയുള്ളത് മാടപ്പള്ളിയിൽ, സാമാന്യം വലിയ ചെറിയ ഗ്രൗണ്ട്. പുരുഷകേസരികൾ പടക്കായി ഒരുങ്ങി കഴിഞ്ഞു.ടോസ്സിനു വേണ്ടി കപ്പിത്താൻ മൈതാന നടുവിൽ.അതാ മുതലാളി  ആ തൊപ്പി ഊരി വീശുന്നു,ആ തൊപ്പിക്ക്‌ പിന്നിൽ ഒരു രഹസ്യം ഉണ്ട് കേരളത്തിൻറെ അന്നത്തെ ക്യാപ്റ്റൻ "ഫിറോസ്‌ വി റഷീദ്" കൊടുത്ത തൊപ്പിയ അതുകൊണ്ട് അൽപം ഗമ കൂടും. നായകൻ തൊപ്പി ഊരി  വീശിയാൽ അന്നത്തെ ഞങ്ങളുടെ ക്രിക്കറ്റ്‌ ആചാരപ്രകാരം ബാറ്റിംഗ് തിരഞ്ഞെടുത്തു എന്ന് അണികൾ മനസ്സിലാക്കണം.

ഘദാഗടിയനായ റാമും റഹീമും  കള്ള പേരാണേ.ഗോദയെ ലക്ഷ്യമാക്കി ഗദയുമായി പുറപ്പെട്ടു ബാക്കിയുള്ളവർക്ക് ഇതൊക്കെ എന്ത് എന്ന ഭാവം. അതാ കൊലുന്നനെ ഉള്ള വേഗത കൂടിയ ഏറുകാരൻ, ഒന്നാന്തരം ഓവർ പിച്ച് പന്ത്,റാം കൊടുംങ്കാറ്റ് പോലെ ആഞ്ഞ് വീശി,ഒരു പടുകൂറ്റൻ സിക്സ് എന്ന് തോന്നിച്ചെങ്കിലും അത് ഡീപ് മിഡ് വിക്കറ്റിലെ മറ്റൊരു പയ്യൻസിന്റെ കയ്യിലൊതുങ്ങി.നല്ല സ്കോർ പൂജ്യത്തിന് ഒന്ന്.

ഇനി പിൻജ് ഹിറ്റർ ആരാണാഭാഗ്യവാൻ? ഞാനാണാഭാഗ്യവാൻ പടച്ചോനേ മിന്നിച്ചേക്കണേ..മിന്നിച്ചു നേരിട്ട ആദ്യ ബോൾ തന്നെ നാല് റണ്‍സ്. പിന്നെയുള്ള കളി ഹൈലൈറ്റ്സ് ആയി പറയാം. ഞാൻ പുറത്താകുമ്പോൾ ടീം സ്കോർ ഇരുപത്തി എട്ടിന് എട്ട്,പിന്നെ തട്ടി മുട്ടി മുപ്പത്തി അഞ്ച് വരെ എത്തിച്ച് എല്ലാവരും പുറത്ത്. 

അക്ഷരാർത്ഥത്തിൽ സച്ചിൻ ടെണ്ടുൽക്കർ ആയി. അന്നോളം വെറുതെ തമാശക്ക് കളിക്കുമ്പോൾ പോലും പതിനഞ്ച് ഓവറിൽ നൂറിന് മുകളിൽ സ്കോർ ചെയ്യുന്ന സാമാന്യം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ ടീം,അതെ ഇനി ഇപ്പോൾ ചത്ത കുഞ്ഞിൻറെ ജാതകം നോക്കീട്ട് എന്ത് കാര്യം.

എന്തൊക്കെ ആയാലും കൊള്ളാം,കളി ഞങ്ങൾ തന്നെ ജയിച്ചു ആറ് റണ്‍സിന്. ഇപ്പോൾ മനസ്സിലായോ ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. എടാ കള്ളാ ഇത് കള്ളം അല്ലേ? അല്ല ചങ്ങാതി, സത്യം ജയിച്ച ഞങ്ങൾക്കോ,തോറ്റ അവർക്കോ,അറിയില്ല എന്താ സംഭവം എന്ന് പക്ഷേ കരക്കിരുന്ന് കപ്പൽ ഓടിച്ച ചാണ്ടിച്ചായൻ പറഞ്ഞു "പന്തിൽ കാറ്റുപിടിച്ചു". അതെ സത്യം,കളി നടന്ന ഗ്രൗണ്ട് ഒരു റബ്ബർ തോട്ടത്തിന് ഒത്ത നടുവിൽ ചിലപ്പോൾ മൂപ്പര് പറഞ്ഞതകാനേ വഴിയുള്ളൂ.
പണ്ടൊക്കെ ആർക്കും വലിയ കളി അറിയില്ലെങ്കിലും കളിയാക്കാൻ എല്ലാവർക്കും നന്നായി അറിയാം "ഇവിടെ വീണാലും അങ്ങ്  ചന്തയിൽ ചെന്ന് വീണാലും ആറ് റണ്‍സെ കിട്ടു" ചങ്ങനാശ്ശേരി മുനിസിപ്പൽ മൈതാനം അറിയുന്ന ചിലർക്ക് കാര്യം മനസ്സിലാകും,ഞാൻ പറഞ്ഞതിൻറെ പൊരുൾ. ഇനി അത് മനസ്സിലാകാത്തവർക്ക് വേണ്ടി പറയാം ചുരുക്കത്തിൽ പണ്ട് ആലപ്പുഴ സണ്‍ ഷൈൻ ക്രിക്കറ്റ്‌ ടീമിലെ റിയാസ് എന്ന ചെറുപ്പക്കാരൻ എൻറെ ടീമിലെ "മണസ കൊണസ" ബൗളർ, എന്താടാ മോനേ ആ പറഞ്ഞത്? ക്രിക്കറ്റിൽ അങ്ങനെ ഒക്കെ ബൗളിംഗ് സ്റ്റൈൽ ഉണ്ടോ? പിന്നെ ഇല്ലാഞ്ഞിട്ടാ!! ഗവിൻ ലാർസണ്‍,ക്രിസ് ഹാരിസ്,നഥാൻ ആസ്റ്റിൽ ഇവരൊക്കെ അതിൻറെ ഉസ്താക്കന്മാരന്, ഇപ്പോൾ പിടികിട്ടിയോ? ഇല്ലേൽ "ലോല്ലിപ്പോപ്" ബൗളിംഗ് എന്ന് മോഡേണ്‍ ക്രിക്കറ്റിൽ പറയും. അങ്ങനെ മൂപ്പരെ ഒരു സിക്സ് അടിച്ചു ആ സിക്സ് ചെന്ന് വീണത്‌ ശവക്കോട്ടയും കടന്ന് വലിയപള്ളിയുടെ മുറ്റത്ത്‌ ഞങ്ങളുടെ കണക്കിൽ അത് പന്ത്രണ്ട് റണ്‍സ്.അന്ന് നടന്ന വിശദീകരണയോഗത്തിൽ ടിയാൻ നൽകിയ വിശദീകരണം  ആണ് മേൽപ്പറഞ്ഞ വാചകം.
അങ്ങനെ മുപ്പത്തിയഞ്ച് റണ്‍സിൻറെ പോസ്റ്റ്‌ മോർട്ടം നടക്കുമ്പോൾ പൊടുന്നനെ രാവിലത്തെ "സച്ചിൻ" ഓടിയെത്തി മതി, ഇനിയൊന്നും അറിയേണ്ട.അയാളുടെ ഒടുക്കത്തെ കണ്ണാ.....@ %&#  കരിങ്കണ്ണൻ.പണിയണം നല്ല "ഇണ്ടൻ"പണി. ഇനി വെക്കരുത് ഒരുത്തനേയും കണ്ണ്.

അങ്ങനെ അതിന് തീരുമാനം ആയി ഇനി നടപ്പാക്കുക മാത്രം.എന്ത് പണി കൊടുക്കും നല്ല "കിണ്ണൻ" ചാമ്പ് ചാമ്പിയാലോ? വേണ്ട വയസ്സായാ ആളാ തട്ടിപ്പോകും പുല്ല്. കൊടുക്കാം സമയം ആകട്ടെ. "പാലും വെള്ളത്തിൽ" തന്നെ കൊടുക്കാം.അങ്ങനെ ആ സുദിനം വന്നെത്തി.

മാർച്ച്‌ മുപ്പത്തിയൊന്ന് രാത്രി പതിനൊന്ന് മണി സാധാരണയായി ഞങ്ങൾ എല്ലാരും കുടുംബത്തിൽ ചേക്കേറുന്ന സമയം ഞങ്ങൾ മൂന്ന് നാല് പേര് പതിവിന് വിപരീതമായി വീട്ടിൽ പോകാൻ ഉള്ള ചെറിയ ലാഞ്ചന പോലും കാണിക്കുന്നില്ല.എങ്ങനെ പണിയാം,പണ്ടത്തെ കുറെ നാടൻ രീതികൾ ഉണ്ട്.വീടിൻറെ ഉമ്മറത്ത്‌ ശവക്കല്ലറ പണിയുക,പ്ലാവിൽ മനുഷ്യരൂപം കെട്ടിത്തൂക്കുക,പശുവിനെ സിറ്റ് ഔട്ടിൽ കെട്ടിയിടുക അങ്ങനെ പോകുന്നു സംഭാവാമികൾ. പക്ഷെ ഇതൊന്നും പോര കാശ് ചിലവില്ലാതെ പണിയണം.

ഒടുവിൽ അത് അണ്ണൻ തന്നെ കണ്ട് പിടിച്ചു, ഒരു തനി തറവേല. മുറ്റത്തെ പ്ലാവിലെ "ചക്കക്ക്" നാണം മറക്കുക. കൊള്ളാം മുറ്റത്ത്‌ തന്നെ ഉണ്ട് അതിനുള്ള സാധനസാമഗ്രികൾ പിന്നെ അമാന്തിച്ചില്ല കൂട്ടത്തിലെ വലിയ രണ്ട് ചക്കകൾക്ക് ഉടയാട അണിയിച്ചു.


പണി ലേശം തറ ആണേലും ഒരുപാട് സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ രംഗം നേരിട്ട് കാണാൻ സ്പോട്ടിൽ എത്തി കൊള്ളാം ആരും എഴുന്നേറ്റിട്ടില്ല അക്ഷമരായി കാത്തിരിക്കുന്ന ഞങ്ങൾക്കായി അടഞ്ഞ് കിടന്ന വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടു. മുറ്റത്തെ ചക്ക കണ്ട മുതലാളിക്ക് വട്ടായോ? അറിയില്ല ദിക്കുകൾ പൊട്ടുമാറ്‌ ഉച്ചത്തിൽ ചീത്ത വിളിക്കുന്നു അപ്പന് ,അമ്മക്ക് , പെങ്ങൾക്ക് , മരിച്ചവർക്കും , ജീവിച്ചിരിക്കുന്നവർക്കും എന്ന് വേണ്ട സകല നാട്ടുകാർക്കും പൂരത്തെറി.
തെറിക്ക് ശേഷം സ്വന്തം കടത്തിണ്ണയിൽ അങ്ങോർ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുമ്പോൾ,സായൂജ്യം അടഞ്ഞ കൂറെ ചെറുപ്പക്കാർ മറുവശത്ത്. പിന്നെ ഞങ്ങളെ ഞെട്ടിച്ച്‌ കൊണ്ട് അയാൾ കലിതുള്ളി വീട്ടിനുള്ളിലേക്ക്, തിരികെ വരുമ്പോൾ കയ്യിൽ ഒരു "വാക്കത്തി" പടച്ചോനെ.

പിന്നെ കണ്ണിൽ കണ്ട ചക്കയും,ചേനയും,ചേമ്പും എന്ന് വേണ്ട കുലച്ച് നിന്ന വാഴവരെ വാക്കത്തി കൊണ്ട് അരിഞ്ഞ് ദൂരെ തള്ളി.പിന്നെ രൂക്ഷമായ ഒരു നോട്ടം.നീയൊക്കെ അനുഭവിക്കുമെടാ എന്ന ഭാവം."ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ".

ഒരിക്കൽ കൂടി ഇതിലെ കഥയും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയാൽ തികച്ചും യാദർശ്ചികം മാത്രം. മുകളിൽ പറഞ്ഞ സംഭവം അറിഞ്ഞോ അറിയാതയോ ആരേയും മാനസീകമായി പീഡിപ്പിക്കാൻ ഉള്ളതല്ല എല്ലാം കാലഘട്ടത്തിൻറെ ചോരത്തിളപ്പ്. 

മാപ്പ്..............................  മാപ്പ്...............  


കൊടുത്താൽ കൊല്ലത്തും കിട്ടും.അപ്പോൾ കിട്ടും എന്നറിയില്ല പക്ഷേ കിട്ടും പ്രതീക്ഷയോടെ .........

Sunday, 15 March 2015

അദ്ധ്യാപകൻ

അങ്ങനെ സാങ്കേതിക വിദ്യകൾ ഒക്കെ പഠിച്ച് ജോലി തേടി അലയുന്ന കാലം. ഇനിയെന്ത് , എങ്ങോട്ട് പോകും?  "പോയി പണിയെടുത്ത് തിന്നടാ "എന്ന് അച്ഛനും അമ്മയും പറയും എന്ന് ഉറപ്പായ കാലം.

ഒരു പഴയ മോഹം മനസ്സിൽ തലപൊക്കി ഒരു "അദ്ധ്യാപകൻ" ആയാലോ. പിന്നെ അമാന്തിച്ചില്ല സ്രാഷ്ടാംഗം അച്ഛൻറെ കാലിൽ.

അണ്ണാ ഛെ അച്ഛാ രക്ഷിക്കണം എനിക്ക് ഒരു ചിന്ന ഉദവി കൂട്ടുകാരൻറെ സ്ഥാപനത്തിൽ പഠിപ്പിക്കാനും, അതുവഴി ഇതുവരെ പഠിക്കാത്തതുമായ കാര്യങ്ങൾ കരഗതമാക്കാൻ ഒരവസരം ഒരുക്കിതരുവാൻ കനിവുണ്ടാകണം.

രോഗി ഇച്ച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് അല്ല പാലട എന്ന് പറഞ്ഞത് പോലെ. നാളെ സുബ്ഹി നമസ്കാരം കഴിഞ്ഞ് പോകാം എന്ന ടിപ്പൻ വാഗ്ദാനം.സന്തോഷമായി ഗോപിയേട്ടാ,സന്തോഷമായി അച്ഛൻ എന്ത് നല്ല അച്ഛൻ പരേതന് അല്ലാഹു സ്വർഗ്ഗം നല്കി അനുഗ്രഹിക്കട്ടെ ആമീൻ .....

ഇനി കാര്യത്തിലേക്ക് കടക്കാം ഇതിലെ "ഞാനും"  എൻറെ കാര്യങ്ങളും ഒഴികെ ബാക്കി ഒന്നും തന്നെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയി  കുലബന്ധം പോലുമില്ല എന്ന കാര്യം ആദ്യമേ അറിയിക്കട്ടെ. പിന്നെ ഇത് ഞാനല്ലെ സാർ?ഇത് ഞാൻ തന്നെ ഉറപ്പ് .എന്ന വാദവുമായ് ഏതെങ്കിലും ഫേസ് ബുക്ക്‌ കുതുഹികൾ കടന്ന് വന്നാൽ "പോട്ടെ പുല്ല് "എന്ന് ഞാൻ അങ്ങ് കരുതും പറഞ്ഞേക്കാം.ഹും.

അന്ന് ഒരു ഞായർ സുബഹി നമസ്കാരാനന്തരം ഞാനും എൻറെ ജീവിതത്തിലെ ഒരേ ഒരു "റോൾ മോഡലുമായ" എൻറെ അപ്പനും കൂടി ആ മഹാമേരുവിനെ കാണാൻ യാത്രയായി.
അസ്സലാമു അലൈക്കും.വ അലൈക്കുമുസ്സലാം.ആഹ് വാ എന്തുണ്ട് ?
അപ്പൻ:-സാർ ഇവനൊന്നു ഐ ടി സി യിൽ പഠിപ്പിച്ചാൽ കൊള്ളാം എന്ന് ഒരാഗ്രഹം.
സാർ:- അതുകൊള്ളമല്ലോട എന്നാൽ പിന്നെ വൈകേണ്ട നാളെ മുതൽ ആയിക്കോട്ടെ .
ഞാൻ:- സാർ എൻറെ സർട്ടിഫിക്കറ്റ് ഒക്കെ.
സാർ:- അതൊന്നും എനിക്ക് വേണ്ട പിന്നെ നിനക്ക്  പഠിപ്പിക്കാൻ ഒക്കെ അറിയാമോ?
പിന്നെ സാറിൻറെ ഒരു ചോദ്യം. ഞാൻ എത്ര പേരെ ട്യുഷൻ എടുത്തിട്ടുണ്ടെന്ന് സാറിനറിയാമോ!!!!
സാർ:- ഒഹ് പിന്നെ നിനക്ക് അതിൻറെ ഒന്നും ആവശ്യം ഇല്ല നീ ഇവൻറെ അല്ലെ മോൻ ...ആ കൊളിഫിക്കേഷൻ മാത്രം മതി വേറെ കൂടുതൽ ഒന്നും എനിക്ക് വേണ്ട.
ആനന്തലബ്ധിക്കിനി എന്ത് വേണം ഭവാനെ .....പിന്നെ കുശലം പറച്ചിൽ ചായ അങ്ങനെ ഒരു പത്ത് പതിനഞ്ച് മിനിട്ട് ശേഷം യാത്ര പറഞ്ഞ് ഇറങ്ങി.

 വഴിയിൽ കണ്ട മയിൽകുറ്റിയോടും , പുല്ലിനോടും,  പ്രാണിയോടും സംസാരിച്ചും, ലോഹ്യം കൂടിയും വീട്ടിൽ എത്തി.

 വീട്ടിൽ എത്തിയപാടെ മൂപ്പരുടെ ഒരു ചോദ്യം എൻറെ കിളിപോയതുപോലെ ആയിരുന്നു . "എടാ എൻറെ മാനം നീ കപ്പല് കേറ്റുമോ ?  പെട്ടന്നുള്ള ഞെട്ടലിന് ശേഷം,ഹേയ് ഇല്ലപ്പാ ഞാൻ ആത്മാർഥമായി പഠിപ്പിക്കും,  എന്നെ പഠിപ്പിച്ച പലരേയും പോലെ പിന്നെ ,ഞാൻ അപ്പൻറെ അല്ലെ മോൻ. അങ്ങനെ ഒരു ബെസ്റ്റ് ഓഫ് ലക്കിൽ ആ രംഗത്തിന് വിരാമം.

രാവിലെ ഒരു ആറ് ആറര ആയിക്കാണും കുളിച്ച് റെഡി ആയി അടുക്കളയിൽ അമ്മയുടെ അടുത്തെത്തി ."മദർ" എന്താ ഇന്ന് സാപ്പിടാൻ .അയ്യെടാ!!!! പുട്ട്. ഇന്ന് ഞാൻ കലക്കും. പുട്ടും, കടലയും ,പിന്നെ അടിക്കാത്ത ചായയും കൊള്ളാം വയറു നിറയെ അടിച്ചു ;പിന്നെ അന്നത്തെ എൻറെ സ്വത സിദ്ധമായ ഷർട്ടും മുണ്ടും കാലൻ കുടയും എടുത്ത് സലാം പറഞ്ഞ് കോളേജിലേക്ക് .


ആദ്യം നമ്മുടെ പ്രിൻസിയെ ഒന്ന് കണ്ടിട്ട് കയറാം എന്തിനും ഒരു ഗുരുത്വം ഒക്കെ വേണമല്ലോ, മെയിൻ ബ്ലോക്കിൽ എത്തി എൻറെ അമ്മോ !!!!!! ഇത്രേം തരുണീമണികൾ ഇവിടെയോ?

 മുല്ലപ്പൂചൂടിയതും , റോസാപ്പൂ കുത്തിയതും  ഇനി ഇതൊന്നും ഇല്ലാത്തതും തലമറച്ചതും ,  മറക്കാത്തതും എന്ന് വേണ്ട എല്ലാ വിഭാഗത്തിലേയും അഭൂത പൂർവമായ തിരക്ക് ആയിരുന്നു അവിടെ.

 ഇപ്പോൾ എനിക്കും ഒരു സംശയം മഹിളാമണികൾ മാത്രമേ ഉള്ളു; അല്ല ചാത്തനും ,പാണനും ,പാക്കനാരും, പെരുംതച്ചനും ,നായരും എന്ന് വേണ്ട എന്നേക്കാളും പൊക്കവും വണ്ണവും ഒക്കെ ഉള്ളവരും കുള്ളന്മാരും,കുള്ളത്തികളും  എല്ലാം ഉണ്ടവിടെ.

ഇതെല്ലാം കൊള്ളാം ചേട്ടാ പക്ഷേ ചേട്ടൻ വന്നത് എന്തിനാണ് എന്ന്അറിയാമോ ? "വളക്കാൻ". അല്ല പഠിപ്പിക്കാൻ; അല്ലാതെ അവൻറെ ഒരു നോട്ടം.അതെ തത്കാലം നോട്ടം അവസാനിപ്പിക്കാം ഇല്ലേൽ ചിലപ്പോൾ "പണി പാലും വെള്ളത്തിൽ കിട്ടും " .

മെയിൻ  ബ്ലോക്കിൽ പ്രിൻസിയുടെ അസിസ്റ്റന്റ്‌ "അക്കൻ ";ആയമ്മ കണ്ടമാത്രയിൽ ഒരു വെള്ളിടി വെട്ടുന്ന നോട്ടം; പുല്ല് ആരാണിവൻ ,മട്ടും ഭാവവും കണ്ടാൽ തന്നെ ഒരു ഫ്രോഡ്  ലുക്ക്‌ . ആയമ്മയെ പറ്റി പറഞ്ഞാൽ ഒരു കുലീനത്വം ഉള്ള "തൈക്കിളവി.


ആയമ്മ :- ആരാ?
ഞാൻ :-  സാറിനെ കാണാൻ വന്നത; ഇന്ന് വന്ന് കാണാൻ പറഞ്ഞിരുന്നു .
ആയമ്മ :- ആഹ്; പുറത്ത് വെയിറ്റ് ചെയ് , എന്താ പേര്.
ഞാൻ :- ഷമീർ.
ആയമ്മ :-ഹും നോക്കട്ടെ സാർ ഫ്രീ ആണോന്ന്. മുഖത്ത് ഒരു പുച്ഛം.
ഞാൻ :- ഓക്കേ ടീച്ചർ.
ആയമ്മ ഒന്ന് ഞെട്ടി "ടീച്ചർ"  അല്പം ജാട കൂടിയില്ലേ മൂപ്പതിക്ക് യെസ് ,കൂടി അത് കാണാൻ ഉണ്ട്.

അങ്ങനെ വിനീതവിധേയനായി കാത്തുനിൽക്കുന്ന എന്നെ അനേകായിരം നയനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നു എന്നത് തെല്ലൊന്നുമല്ല എൻറെ ചങ്കിടിപ്പ് കൂട്ടിയത്. ഇവരിലെ പല മുഖങ്ങളേയും പലതവണ പല "ദുരൂഹ" സാഹചര്യങ്ങളിലും ഈ "സഖാവ്" കണ്ടിട്ടുള്ളതാണ്, അപ്പോൾ ഒരു വിദ്വാൻ എന്താ ഇവിടെ ? ആരെ കണാന ? ഇവിടെ അനിയൻ പഠിക്കുന്നുണ്ടോ ? 

എന്താടാ കുഞ്ഞേ നീ അശ്വമേധം കളിക്കുവാണോ? അക്ഷമനായി നിൽക്കുന്ന ഞാൻ ;അല്ല സാറിനെ ഒന്ന് കാണണം . ---------മോനെ നീ  എൻറെ ക്ലാസ്സിൽ ആണേൽ നിൻറെ ഈ ചോദ്യത്തിൻറെ ഉത്തരം നിനക്ക് ഞാൻ പഠിപ്പിച്ച് തരാം . മനസ്സിൽ ആണ് പറഞ്ഞതെങ്കിലും എന്റെ നോട്ടം കൊണ്ട് കാര്യം എല്ലാം അവന് മനസ്സിലായി. തരുണീ മണികൾ ഉലാത്തൽ തുടർന്ന് കൊണ്ടേയിരുന്നു എൻറെ കാത്തിരിപ്പ്‌ തുടർന്നുകൊണ്ടും.

വൈകാതെ "അക്കൻ " വന്നു എടോ തന്നെ സാർ വിളിക്കുന്നുണ്ട്.


ഞാൻ :- ഗുഡ് മോർണിംഗ് സാർ
സാർ :-  ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ്.....

സാർ തൻറെ കൈപാങ്ങിനിരുന്ന ബെല്ലിൻറെ സ്വിച്ച് അമർത്തുന്നു, ഞെടിയിടയിൽ നമ്മുടെ "തൈക്കിളവി " ആസനസ്ഥ ആവുന്നു.

സാർ :- ഇത് ഷമീർ ഇന്ന് മുതൽ കെ ജി സി ഇ  യിൽ കാണും അബ്രഹാമിനോട്  പറഞ്ഞേക്ക്.ഓഹോ അപ്പോൾ ഇവൻ സാർ ആയിരുന്നോ !!!!! അയ്യേ,ഇവനാ സാർ,അതായിരുന്നു മൂപ്പത്തിയുടെ അപ്പോഴത്തെ ഭാവം . സത്യം "ചേച്ചി" ഞാൻ സാറാണ് കാണാൻ ഒരു ലുക്ക്‌ ഇല്ലന്നെയുള്ളു നല്ല "കാഞ്ഞവിത്ത" ഇതെല്ലം എൻറെ ഗദ്ഗതം.

പെട്ടന്ന് അതുവരെ കണ്ട "റോസ്സി ചേച്ചി " അല്ല മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി ഒക്കെ ഫിറ്റ്‌ ചെയ്ത് കാൽ വിരലാൽ കവിത ഒക്കെ എഴുതി ഒരു "കോമാളാംഗി"

വർഗീസ്സ് ചേട്ടാ.... വർഗീസ്സ് ചേട്ടാ .....ഷമീർ സാറിനെ നമ്മുടെ അബ്രഹാം സാറിൻറെ അടുത്ത് ഒന്ന് കൊണ്ട് ചെന്നാക്ക്.

പാവം വർഗീസ്സ് ചേട്ടൻ ഞാൻ അവിടെ ഉണ്ടായിരുന്ന സമയം മുഴുവൻ എനിക്ക് താങ്ങും തണലും ആയിരുന്ന വർഗീസ്സ് ചേട്ടൻ,ചേട്ടന് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.

കൗമാരക്കാരുടെ സ്വപ്ന ഗേഹം ;എന്നെ കാര്യമായ വരവേൽക്കനൊന്നും ആരും മെനക്കെട്ടതായി എനിക്കനുഭവപെട്ടില്ല കാരണം ഞങ്ങൾ ഇതൊക്കെ എത്ര കണ്ടതാ മോനെ എന്ന ഭാവം സ്വതവെ ജാട ഉള്ള ഞാനും അത്രക്ക് താഴാൻ നിന്നില്ല പിന്നെ ഇവന്മാർ വന്ന് മിണ്ടിയില്ലേൽ "പുല്ലാ എനിക്ക് പുല്ല് ".

അബ്രഹാം സാർ രണ്ട് കയ്യും നീട്ടി പുതിയ "അധ്യാപഹയനെ" വരവേറ്റു പിന്നീട് ഉടലോടെ "പ്രകാശ്" എന്ന സഹപ്രവർത്തകന് എന്നെ കൈമാറ്റം ചെയ്തു .

ഉച്ചക്ക് ഊണ് കഴിക്കാൻ ഉള്ള വട്ടകൂട്ടലുകൾ ,എന്നെയും കൊണ്ട് പ്രകാശ്‌ സാർ എൻറെ മറ്റ് സഹപ്രവർത്തകരുടെ അടുത്തേക്ക് നടന്നു , അതുവരെ എനിക്കും ഒരുപക്ഷേ അവർക്കും തോന്നിയ ഞങ്ങളിലെ  ജാട എന്ന വികാരത്തിൻറെ എല്ലാ കെട്ടും മട്ടും ആ തീൻ മേശക്ക് സമീപം അലിഞ്ഞില്ലാതായി.

പിന്നെ പരസ്പരം പരിചയപെടൽ കുശലം ആഹാരം ഷെയർ ചെയ്യൽ അങ്ങനെ കലാപരിപാടികൾ അനന്തമായി നീളുമ്പോൾ ഞാൻ പറഞ്ഞു അപ്പോൾ ഞാൻ പോയി സാപ്പിട്ട് വരാം നടക്കാനേ ഉള്ളു വീട്ടിലേക്ക് അപ്പോൾ ഉച്ചകഴിഞ്ഞ് പാക്കലാം.

ഉച്ചകഴിഞ്ഞ് കാര്യമായ തിക്കും തിരക്കും ഒന്നും ഇല്ല .അത് കൊണ്ട് കൂടുതൽ സഹപ്രവർത്തകരെ പരിചയപ്പെട്ടു .

ഡാനിസൻ , അജയൻ , സജി സാർ , തോമാച്ചൻ , കവിത ടീച്ചർ , പ്രെറ്റി , ബിന്ദു ടീച്ചർ, രാജേഷ്‌ , രാജീവ് , അനിൽ , പ്രമോദ്,ഫാത്തിമ; പിന്നെ ഈ ഫാത്തിമ എൻറെ മുറപ്പെണ്ണ്‍  കൂടിയാണ്‌ . സ്നേഹത്തിൽ ഞങ്ങൾ "അക്ക" എന്ന് വിളിക്കും അക്കക്കും അണ്ണനും ഐഷക്കും ആപ്പിളിനും ദൈവം നല്ലത് വരുത്തട്ടെ . അങ്ങനെ എല്ലാവരേയും പരിചയപെട്ടു. പിന്നെ എൻറെ പ്രിയ സഹ അദ്ധ്യാപകനും ,കൂട്ടുകാരനുമായ  രൻജി  എന്ന രഞ്ജിത്ത്; അങ്ങനെ  ആ ദിവസം അങ്ങനെ വീണ് മരിച്ചു .

പിറ്റേന്ന് പ്രഭാതം പൊട്ടി വിരിഞ്ഞു, കിളികൾ ,കാക്കകൾ ,കുയിൽ ഇവ ഒക്കെ ചിലക്കുന്നു, കരയുന്നു ,കോഴികൾ കൊക്കുന്നു. ഇതൊന്നും എനിക്ക് ഒരു പ്രശ്നം അല്ല ,എന്നും അവ ഇതൊക്കെ ചെയ്യുന്നതല്ലെ , ഞാൻ അദ്ധ്യാപകൻ ആയതിൻറെ,പിന്നെ കൊള്ളാം അതിന് അവറ്റകൾക്ക് എന്ത് .ഇത് നല്ല കൂത്ത്.



പഴയ പോലെ കാലൻ കുടയും ,കരിമ്പച്ച ഷർട്ടും കറുത്ത കരയുള്ള മുണ്ടും, ക്വവദീസ് ചെരുപ്പും ഇട്ട് പ്രതാപശാലി ആയി വിദ്യാലയത്തിലേക്ക്‌ നടന്നു. ക്ലാസ്സിൽ കയറുന്നതിന് മുൻപ് സ്റ്റാഫ്‌ റൂമിൽ പ്രകാശ്‌ സാർ പോകേണ്ട ക്ലാസ്സ്‌ ഏതെന്നും, വിഷയം ഏതെന്നും പറഞ്ഞു.ഇപ്പോൾ ശരിക്കും പേടിയില്ലേ.എന്നെനിക്ക് ഒരു സംശയം ഇല്ലാതില്ല . ആട്ടെ പോട്ടെ ഇരിക്കട്ടെ ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം.

പാഠം ഒന്ന് " ജീവിക്കാൻ ഉള്ള തത്രപ്പാട്"

ഗുഡ് മോർണിംഗ് സാർ .....ആഹാ എന്ത് മനോഹരമായ ആചാരങ്ങൾ  കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ. ഗൗരവം വിടാതെ ഞാനും പറഞ്ഞു ഗുഡ് മോർണിംഗ്  പിന്നെ പതിയെ കയ്യിൽ ഇരുന്ന അറ്റണ്ടൻസ് ബുക്ക്‌ ചോക്ക് ഇവ മേശമേൽ വെച്ചു. ഡസ്ക്കിന്റെ മുന്നിൽ വന്ന് ബാസ് ഉള്ള ശബ്ദത്തിൽ പറഞ്ഞു  ഞാൻ ഷമീർ ഹുസൈൻ നിങ്ങൾക്ക് ഇനി മുതൽ മെക്കാനിക്കൽ വിഷയം പഠിപ്പിക്കുന്നത്‌ ഞാൻ ആയിരിക്കും തുടക്കം എന്ന നിലയ്ക്ക് ഇന്ന് ഞാൻ ഒന്നും പഠിപ്പിക്കുന്നില്ല പക്ഷേ ഇനിയൊരിക്കൽ ഇങ്ങനെ ഉള്ള ഒരു അവസരം പരമാവധി ഉണ്ടാകാതിരിക്കാൻ ശ്രമിക്കും അത് കൊണ്ട് ഇ ദിനം നമുക്ക് മനോഹരമാക്കാം. നിങ്ങൾക്ക് എന്നോട് സഭ്യമാകുന്ന എന്തും ചോദിക്കാം .


വിരുതൻ നമ്പർ ഒന്ന് :-  സാർ കല്ല്യാണം കഴിച്ചോ?
ഞാൻ :- കൊള്ളാം ....എന്താ പേര് ....
വിരുതൻ ഒന്ന് :- ചമ്മിയ ചിരിയോടെ "സനീഷ്"
ഞാൻ :- "കുഞ്ഞേ" പണി ഇല്ലാത്തവർക്ക് കല്ല്യാണം കഴിപ്പിക്കുന്ന പണിയുള്ള ആരെയെങ്കിലും "മോന് " പരിചയം ഉണ്ടോ?

വിരുതൻറെ ചോദ്യവും ,തുടർന്നുള്ള എൻറെ ഉത്തരവും, പിന്നെ ആപൽക്കരമായ ചോദ്യങ്ങൾക്കുള്ള തിരശ്ശീല ആയിരുന്നു.

പിന്നെ ഓരോ കുട്ടികളേയും നല്ല വണ്ണം പരിചയപെട്ടു ,അവർ എന്നേയും ,പാട്ട് പാടാൻ അറിയാവുന്ന വരെ കൊണ്ട് പാട്ട് പാടിച്ച് ഞാൻ അവരെ നല്ല പോലെ എന്റെ കൈപ്പിടിയിൽ ഒതുക്കി.

ഹോ അവൻറെ ഒരു പഠിത്തം ....പോയി കിടന്നുറങ്ങെടാ. ഇങ്ങനെ നീ പഠിക്കുന്ന കാലത്ത് പഠിച്ചിരുന്നേൽ "രാജു നാരായണസ്വാമി " ആയേനെ ചേച്ചിയുടെ ഇ കമന്റ്‌ കേട്ടപ്പോൾ ഞാൻ ക്ലോക്കിൽ നോക്കി ഒരുമണി ആകുന്നു. പിന്നെ രാജു നാരായണസ്വാമിയെ,ഇവൾക്കെന്ത് അറിയാം ആ അനൂപ്‌ വിചാരിക്കണം ,എനിക്ക് ഒക്കെ ഒരു റാങ്ക് കിട്ടണേൽ. പിന്നെ ഒരു വർഷം ഉറക്കം ഇല്ലാതെ പഠിച്ചാൽ ചിലപ്പോൾ കിട്ടും.എന്ത് "അടുത്ത ഒരു വർഷത്തെ അടിപൊളി ഉറക്കം"  അല്ലപ്പിന്നെ.

 എൻറെ "മച്ചു"  സമ്മതിക്കണം നിന്നെ ഒക്കെ എങ്ങനെ കിട്ടുന്നു ഇ റാങ്ക്, പഠിക്കണം സുഹൃത്തെ അപ്പോൾ കിട്ടും റാങ്ക്, അല്ലാതെ ബുക്ക്‌ തുറന്നാൽ അപ്പോൾ കിടന്ന് ഉറങ്ങിയാൽ കിട്ടും;എന്ത് "ഉണ്ട " .

അനൂപ്‌ എൻറെ സഹപാഠിയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയിൽ ഒന്നാം റാങ്കിന് ഉടമയും ,ടിയാന് കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

അങ്ങനെ ഉറക്കമൊഴിച്ചും നോട്ടുകൾ ഉണ്ടാക്കിയും,സംശയം വേണ്ട കള്ള നോട്ടുകൾ അല്ല ;പഴയകാല അദ്ധ്യാപകരോട് സംശയനിവാരണം നടത്തിയും പിൽക്കാലത്ത് "നല്ല അദ്ധ്യാപകൻ" എന്ന സ്ഥാനം ഉണ്ടാക്കിയെടുത്തു എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അഭിമാനത്തിനു വക നൽക്കുന്നു.

മതി നിർത്തി കൂടെ നിൻറെ ഒരു കഥ,ശരിയ എനിക്ക് തന്നെ ബോർ ആയി അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം. എന്തായാലും ഓർമ്മയിൽ ഉള്ള ഒരു കാര്യം കൂടി എന്നിട്ട് ഞാൻ നിർത്താം ഓക്കേ ?പിന്നെ നിങ്ങൾ അല്ലെ ഡബിൾ ഓക്കേ.

പെണ്‍കുട്ടികൾ കൂടുതൽ ഉള്ള സിവിൽ ക്ലാസ്സ്‌ അവിടെ ആദ്യമായി ക്ലാസ്സ്‌ എടുക്കാൻ പോയ ദിവസം. മുൻപ് ഞാൻ സൂചിപ്പിചെന്ന് തോന്നുന്നു ഇനി ഇല്ലെങ്കിൽ ഇപ്പോൾ സൂചിപ്പിക്കാം. ഞാൻ തികച്ചും ഒരു "ലോക്കൽ" ആയിരുന്നത് കൊണ്ട് ,ഹോ സന്തോഷം ആയി അല്ലെ "ലോക്കൽ" എന്ന് കേട്ടപ്പോൾ. "തറ" അല്ല ആ നാട്ടുകാരൻ എന്നേ ആ പഥത്തിന് അർത്ഥം ഉള്ളു. 

ആ ക്ലാസ്സിലെ  മഹിളാമണികളെ പലവട്ടം പല രാജവീധികളിലും ഇടവഴികളിലും എന്ന് വേണ്ട പലസ്ഥലത്തു വെച്ച് ഞാൻ കണ്ടിട്ടുള്ളവരാണ്‌ അപ്പോൾ സ്വാഭാവികമായും എന്നേയും കണ്ടിട്ടുണ്ടാവുമല്ലോ;അല്ലേ?

ഈശ്വരാ!!!!!!എന്നെ കാത്തോണേ ഇനിയുള്ള എൻറെ പഠിപ്പിക്കൽ; നിൻറെ മാത്രം കയ്യിൽ ;കണ്ട്രോള് തരണേ .

ക്ലാസ്സിലേക്ക് പ്രവേശിച്ച ഉടനെ കിട്ടിയ ഗുഡ് മോർണിംഗ് തന്നെ ഒരു വശപ്പിശക് ടോണ്‍. ഒന്ന് ചമ്മിയില്ലേ? യെസ് ചമ്മി .പുറത്ത് കാണിച്ചില്ല ,അതാണ്‌ എൻറെ ഐഡിയ.ഹാജർ പുസ്തകത്തിൽനിന്ന് പേര് വിളിച്ച് ചമ്മൽ മാറ്റി കൊള്ളം, ഇരുപത്തിനാല് പേര് അധികവും സ്ത്രീ ജനങ്ങൾ. പെണ്‍ പടകൾ ഒക്കെ നല്ല മൂഡിൽ ,പുരുഷകേസരികൾ കള്ള ചിരിയുമായി ആണ് ഇരിക്കുന്നത്.

എടാ കള്ളാ !!! നീയല്ലേ ഞങ്ങളെ കൂട്ടുകാരുമൊത്ത് പലതവണ വായിൽ നോക്കി നിന്നിട്ടുള്ളത്, ഇപ്പോൾ വന്നിരിക്കുന്നു സാറായിട്ട്‌ ;സാറാനത്രേ സാർ,നിൻറെ ഒക്കെ സമയം.അതായിരിക്കാം അപ്പോൾ അവരുടെ മനസ്സിൽ എന്ന് കരുതുകയെ എനിക്ക് തരമുള്ളു.

എൻറെ ശരീരം കിടുകിടാ വിറക്കുന്നു ഭൂരിഭാഗം വരുന്ന തരുണികളുടെ മുഖത്ത് നോക്കാൻ തന്നെ പേടി ഇനി അബദ്ധത്തിൽ എങ്ങാനം നോക്കിയാൽ അപ്പോൾ തന്നെ ഞാൻ കണ്ണ് പിൻവലിക്കും പുറത്ത് കൂടി പോകുമ്പോൾ നോക്കുന്ന പോലെ അത്രയ്ക്ക് എളുപ്പമല്ല നാല് ചുവരുകൾക്കുള്ളിൽ ,ശരിക്കും മൃഗശാലയിലെ കൂട്ടിലടക്കപെട്ട "സിംഹം" അതാണ് അപ്പോൾ എൻറെ അവസ്ഥ.

കണക്കാണ് എന്റെ വിഷയം. തുടക്കം എന്ന നിലക്ക്‌ ഇതുവരെ പഠിപ്പിച്ചത് എവിടെ വരെ എന്നറിയുക എന്നത് ധാർമികമായ എൻറെ അവകാശം അല്ലെ അതിനാൽ ആ കർത്തവ്യം നിറവേറ്റാൻ തീരുമാനിച്ച ഞാൻ ആണ്‍ കുട്ടികളുടെ ഇടയിൽ നിന്ന് ഒരു ബുക്ക്‌ മേടിച്ചു. എന്താ ആശാന് തരാൻ ഒരു മടി.ഓഹോ അതായിരുന്നു കാരണം നല്ല കൈയക്ഷരം,ഇതിലും ഭേതം കെജിയിൽ പഠിക്കുന്ന എൻറെ "അയാൻറെ" കൈയക്ഷരം ആണ്.

നന്നായി നോട്ട് എഴുതുന്ന ആരെങ്കിലും ഒരു ബുക്ക്‌ തരു,ആരും ഇല്ലേ? കാത്തിരിപ്പിൻറെ ദൈർഘ്യം കൂടിയപ്പോൾ  എനിക്ക് പിടിച്ച് നിൽക്കാനായില്ല , പിന്നെ നീയൊക്കെ എന്തിനാ കെട്ടി ഒരുങ്ങി രാവിലെ എഴുന്നുള്ളുന്നത് ,ദേഷ്യം കൊണ്ട് ഞാൻ വിറച്ചു. പെട്ടന്ന് ഒരു കിളിനാദം .സാർ സോഫിയുടെ ബുക്ക്‌ മേടിക്ക്.


സോഫി ആരാണാ ഭാഗ്യവതി ? സാർ ഞാൻ..... കൊള്ളാം നല്ല ഒരു സുന്ദരി കുട്ടി. ആ ബുക്ക്‌ തരു. നമ്രശീർഷയായ് അ സുന്ദരി ബുക്ക്‌ കൈമാറി. അവളെ ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ ചായ തന്നത് പോലെ. എന്ത് നല്ല ആചാരങ്ങൾ ഇനിയുണ്ടോ ഇതുപോലുള്ള നല്ല നല്ല ആചാരങ്ങൾ. ബുക്കിന്റെ  ഒരു വശത്ത് മോഹൻലാലും മറുവശത്ത് മമ്മൂട്ടിയും പടച്ചട്ട കൊള്ളം ഇനി അഴകുള്ള ചക്കയിൽ ചുളയില്ലതാകുമോ ? ഇല്ല,കൊള്ളാം  നല്ല വൃത്തി ഉള്ള കുനുകുന അക്ഷരങ്ങൾ പേര് പോലെ തന്നെ നല്ല സോഫ്റ്റ്‌ അക്ഷരങ്ങൾ .മിടുക്കി ,താങ്ക്യു സാർ.

ഞാൻ ആ ബുക്കിൽ പതിയെ കണ്ണോടിച്ചു ദ്വിമാന സമവാക്യത്തിന്റെ സാമാന്യ രൂപം കൊള്ളം ഇത് തന്നെ തുടങ്ങാം.

അപ്പോഴാണ്‌ ഞാൻ അവളെ ശ്രദ്ധിച്ചത് ,ഒരു അലങ്കാരത്തിനു നമുക്ക് അവളെ "ക്രിസ്റ്റീന" എന്ന് വിളിക്കാം നല്ല ചന്തം ഉള്ള ഒരു പെണ്‍കിടാവ് എന്താ അവളുടെ കണ്ണിനൊരു തിളക്കം!!! "സുറുമയെഴുതിയ മിഴികളെ "
ആ ഗാനം അന്വർത്വമാക്കിയ നോട്ടം. ആ നോട്ടം തെല്ലൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്. 



മതി ഇന്നിനി ക്ലാസ്സ്‌ തുടരുന്നത് എൻറെ ആരോഗ്യത്തിന് നല്ലതല്ല എന്ന തോന്നൽ എന്നെ വേട്ടയാടാൻ ആരംഭിച്ചു.മറ്റ് ഗുരുതരമായ പരിക്കുകൾ ഇല്ലാതെ ഞാൻ ആ ക്ലാസ്സിന് തിരശ്ശീല ഇട്ടു.പക്ഷേ ഇനിയുള്ള തുടർ ക്ലാസ്സിനു ക്രിസ്റ്റീന ഒരു പാര ആകില്ലേ എന്ന തോന്നൽ എന്നെ കൊണ്ട് ആ പാതകം ചെയ്യിച്ചു.

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ബിന്ദു ടീച്ചറെ കണ്ട് കാര്യം പറഞ്ഞു . ടീച്ചർ അവളെ വിളിച്ച് പറയാൻ ഇനിയൊന്നുമില്ല പാവം സുറുമയും കണ്ണുനീരും ആകെ ഉത്സവം കഴിഞ്ഞ പറമ്പ് പോലെ ആക്കി "പാവത്തിന്റെ " മുഖം. പിന്നെയുള്ള എൻറെ ക്ലാസ്സുകളിൽ ക്രിസ്റ്റീന പൌഡർ പോലും ഇട്ടതായി തോന്നിയിട്ടില്ല. അതല്ല ഒരു കാര്യം കൂടി പറഞ്ഞ് ക്രിസ്റ്റീന പുരാണം നിർത്താം,അപ്പോഴാണ് എന്തുകൊണ്ടാണ് ആലങ്കാരികമായി അവൾക്ക് ഞാൻ ക്രിസ്റ്റീന എന്ന പേര് കൊടുത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാകു, കാരണം ഞാൻ ഒരു പെണ്‍കുട്ടിയെ അപമാനിച്ചു എന്ന് കാലം പറയരുതല്ലോ.

ഒരിക്കൽ അധ്യാപക ജോലി ഒക്കെ കഴിഞ്ഞ് നാട്ടിൽ മറ്റ് ജോലികളുമായി അർമാധിക്കുന്ന കാലം.എതോ തീയറ്ററിൽ കാമുകനുമായി വന്ന് എന്നെ കണ്ടപ്പോൾ ഓടി ഒളിച്ച "ക്രിസ്റ്റീന" അവളുടെ ആ ജാള്യത ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുന്നു.

അങ്ങനെ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരികളേയും ഒക്കെ പഠിപ്പിച്ച് തഴക്കവും പഴക്കവും ചെന്ന നല്ല ഒരു "അദ്ധ്യാപകൻ " ആയി നടക്കുമ്പോൾ ആയിരുന്നു മണലാരണ്യത്തിലേക്കുള്ള എൻറെ പറിച്ച് നടൽ. യാത്ര പറഞ്ഞ് ഇറങ്ങിയ ദിനം എൻറെ കുട്ടികൾ എനിക്ക് നൽകിയ ഹാർദവമായ യാത്ര അയപ്പ് ഇപ്പോഴും ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്നു. 


ഇപ്പോൾ ഓർക്കുമ്പോൾ "അദ്ധ്യാപകൻ" എന്ന സുന്ദരമായ തസ്തിക എത്ര ആനന്തകരം ആണ് എന്ന് ഞാൻ തിരിച്ചറിയുന്നു.നന്ദി നന്ദി നന്ദി...........

Sunday, 28 December 2014

കടുവ


മാന്യ പ്രേക്ഷകരെ ,

നാടകത്തിൻറെ ഇതിവൃത്തത്തിലേക്ക് ഒരു എത്തിനോട്ടം ....

വളരെ പണ്ട് പുരാതന ചൈനയിലെ "പുക്കാൻ"എന്ന കൊച്ച് ഗ്രാമത്തിൽ നടന്ന ഒരു സംഭവ കഥയെ ആധാരമാക്കി "ആങ്ങ് യെൻ ടീ " എഴുതിയ "ലൗഹു" എന്ന നോവലിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ  
ഏട്  
നമുക്ക് മനസിലാക്കാൻ വേണ്ടി ഇവിടെ മലയാളത്തിൽ അവതരിപ്പിക്കുന്നു.

......................................................................................

ഇതിൽ അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം കൂട്ടുകാർ
......................................................................................

കഥ ,തിരക്കഥ ,സംവിധാനം :- ഷമീർ ഹുസൈൻ  (2001 മെക്കാനിക്കൽ )
......................................................................................

അവതരണം :- കാർമ്മൽ അലുംനി യു എ ഇ ചാപ്റ്റർ
.......................................................................................

നാടകം ആരംഭിക്കുന്നു ....നാടകത്തിൻറെ പേര് "കടുവ"
.......................................................................................

രംഗം ഒന്ന്

രംഗപടം (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )


ചൈനയിലെ ഒരു ഗ്രാമം നാട്ടുപ്രമാണിയും അഞ്ച് അനുചരന്മാരും.

നാട്ടുപ്രമാണി :- അങ്ങനെ സന്യാസി തൻറെ അനുചരന്മാർക്ക് സാരോപദേശങ്ങൾ നൽകികൊണ്ടിരിക്കുന്നു .

അനുചരൻ ഒന്ന് :- സന്യാസി ദിവ്യ ശക്തിയുള്ള ആളാണെല്ലെ ?

(ബാക്കിയുള്ളവർ നാട്ടുപ്രമാണിയെ സാകൂതം വീക്ഷിക്കുന്നു )

നാട്ടുപ്രമാണി :- അതെ സ്വാമിയുടെ ഒരുപാട് ദിവ്യ അനുഭവങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പാട്ടാണ്

അനുചരൻ രണ്ട്  :- അതിൽ ഒരു കഥ കേൾക്കണം എന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹം ഉണ്ട്

നാട്ടുപ്രമാണി :- തീർച്ചയായും അതിലൊരെണ്ണം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം

(കഥ കേൾക്കാനായി എല്ലാവരും താഴെ ഇരിക്കുന്നു )

അനുചരൻ മൂന്ന് :- സ്വാമിജിയുടെ കഥ കേൾക്കാൻ ഞങ്ങൾക്ക് ധൃതി ആയി ........പറയൂ ഞങ്ങൾ കേൾക്കട്ടെ

നാട്ടുപ്രമാണി :- വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഈ പ്രദേശം ഒരു വനമായിരുന്നു ആനയും സിംഹവും മയിലും അങ്ങനെ എന്ന് വേണ്ട എല്ലാ വന്യ മൃഗങ്ങളും ഉള്ള ഒരു വലിയ ഒരു കാട് .

അനുചരൻ നാല് :- അതെ അത് ഞാൻ ഓർക്കുന്നു എൻറെ അച്ഛൻറെ കൂടെ ഞങ്ങൾ ഇവിടെ താമസം ആക്കുമ്പോൾ ഇതൊരു വനമായിരുന്നതായി  ഞാൻ ഓർക്കുന്നു.

നാട്ടുപ്രമാണി :- പതിവുപോലെ "സിയാൻ" ജീവിത പ്രാരാബ്ധങ്ങളുമായി മുന്നോട്ടുപോകുന്ന കാലം 
......................................................................................

രംഗം രണ്ട്


രംഗപടം (ഒരു പാറക്കെട്ട് മരങ്ങൾ പുറകിൽ ആകാശം )


സിയാൻ :- ഈശ്വരാ ഇനി എപ്പോഴാ ഞാൻ വീട്ടിലെത്തുന്നത്
ഇനി അല്പം വിശ്രമിച്ചിട്ടാകാം യാത്ര.


(അടുത്ത് കാണുന്ന പാറയിൽ ഇരിക്കുന്നു ശേഷം അവിടെ കിടന്നുറങ്ങുന്നു സന്യാസി പ്രവേശിക്കുന്നു )


സന്യാസി :- ധിക്കാരി എൻറെ അനുവാദം ഇല്ലാതെ ഇവിടെ ഇരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു 


(ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് കൊണ്ട് )


സിയാൻ :- ആരാ? (പേടിച്ച് വിറച്ച് )


സന്യാസി:- ഹേ നിനക്ക് ഇത്ര ധിക്കാരമോ? എൻറെ തപോവനം കയ്യടക്കിയ നീ ഞാൻ ആരെന്ന് ചോദിക്കാൻ ,മാത്രം വളർന്നോ ?


സിയാൻ :- (ഭയത്തോടെ) അവിടെന്ന് ആരെന്ന് അടിയന്ന് മനസ്സിലായില്ല ദയവായി സ്വാമി ആരെന്ന് പറഞ്ഞാലും 


സന്യാസി :- ധിക്കാരി എൻറെ ഈ കാഷായ വേഷവും തേജസ്സും കണ്ടിട്ടും എന്നെ മനസ്സിലാകാത്ത നിനക്ക് ഇനി മനുഷ്യനായി ജീവിക്കാൻ യാതൊരവകാശവും ഇല്ല 


സിയാൻ :- സ്വാമി പൊറുക്കണം. ഈ പാവത്തിനെ ശപിക്കരുതേ, എന്നെ കാത്ത് എൻറെ  ഭാര്യയും മക്കളും .


സന്യാസി :- ധിക്കാരം പൊറുക്കാൻ ഞാൻ പഠിച്ചിട്ടില്ല .നിൻറെ ശിക്ഷ നീ തന്നെ ചോദിച്ച്  മേടിച്ചതാണ് .ഇനിയുള്ള കാലം നീ കാട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു കടുവ ആയിമാറട്ടെ.


(ഭാണ്ഡത്തിൽനിന്ന് പൊടി എടുത്ത് അലറിക്കൊണ്ട്‌ സിയാൻറെ മുകളിലേക്ക് ഇടുന്നു പേടിപ്പെടുത്തുന്ന ശബ്ദം ,മെഴുകുതിരി പ്രകാശം മാത്രം. സിയാൻറെ കരച്ചിൽ കേൾക്കുന്നു , കരച്ചിൽ ഞരക്കം ആയി മാറുന്നു ,കടുവ ആയി സിയാൻ രൂപാന്ദരം പ്രാപിക്കുന്നു , രംഗത്ത് പ്രകാശം പരക്കുന്നു )


കടുവ :-ദൈവമേ ഈ പാവത്തിനെ എന്തിന് പരീക്ഷിക്കുന്നു ഇന്നേവരെ ഒരു പുൽക്കൊടിയോടു പോലും അതിക്രമം കാണിക്കാത്ത എന്നോട് എന്തിനീ അനീതി.


(കരഞ്ഞ് കൊണ്ടിരിക്കുന്ന കടുവയുടെ മുന്നിലേക്ക്‌ ഒരു അനുചരൻ കടന്ന് വരുന്നു. പാട്ട് പാടിക്കൊണ്ട് വരുന്ന വഴിയാത്രക്കാരൻ കടുവയെ കണ്ട് നിലവിളിക്കുന്നു )


വഴിയാത്രക്കാരൻ :- അയ്യോ കടുവ എന്നെ പിടിച്ചേ ഓടിവായോ എന്നെ രക്ഷിക്കണേ കടുവ കടുവ.


(പേടിച്ച് രംഗത്ത് നിന്ന് ഓടിമറയുന്നു )


കടുവ :- ഞാൻ നിന്നെ ഒന്നും ചെയ്യില്ല ഞാൻ കടുവ അല്ല നിൻറെ കൂട്ടുകാരൻ സിയാൻ ആണ് ഞാൻ കടുവ അല്ല.


(കരഞ്ഞു കൊണ്ട് രംഗത്ത് നിന്ന് മറയുന്നു രംഗത്ത് വേട്ടക്കാരൻ പ്രത്യക്ഷപെടുന്നു )


വേട്ടക്കാരൻ :- ഇന്ന് എങ്കിലും ഒരു നല്ല കോള് ഒത്ത് കിട്ടിയാൽ മതിയായിരുന്നു.കുറച്ച് കാലമായി നല്ല ഒരു വേട്ട നടന്നിട്ട്.(ഗർവ്വോടെ ) ഞാൻ വന്നതറിഞ്ഞ് ഈ കാട്ടിലെ സകല മൃഗങ്ങളും പേടിച്ചോടിയെന്ന തോന്നുന്നത്. ആ അതാ നല്ലത് വെറുതെ എൻറെ കൈക്ക് പണിയുണ്ടാക്കേണ്ട.


(പെട്ടന്ന് മുൻപിൽ ഒരു കരിയില വീഴുന്ന ശബ്ദം കേട്ട് ഞെട്ടുന്നു)


വേട്ടക്കാരൻ :- അയ്യോ കൊല്ലല്ലേ ഞാൻ ഒരു പാവം ആണേ വയിറ്റിപിഴപ്പിനു വേഷം കെട്ടിയതാണെ ... അയ്യേ ഇല ആയിരുന്നോ ഞാൻ ഓർത്തു കടുവ  ആയിരിക്കും എന്ന് ......ഭാഗ്യം ആരും കണ്ടില്ല.


(ഓടി കിതച്ച് വഴിയാത്രക്കാരൻ രംഗത്ത് പ്രവേശിക്കുന്നു )


വഴിയാത്രക്കാരൻ :- രക്ഷിക്കണേ കടുവ എന്നെ പിടിച്ചേ,  രക്ഷിക്കണേ.


(വഴിയാത്രക്കാരനോടൊപ്പം വേട്ടക്കാരനും ഓടുന്നു)


വേട്ടക്കാരൻ :- അയ്യോ എന്നെ കടുവ പിടിച്ചേ. അല്ല കടുവ എവിടെ ഛെ നാണക്കേട്‌ എവിടെ ആണെടോ കടുവ ഈ എനിക്ക് കടുവ വെറും പൂച്ച ആണെന്ന് നിനക്കറിയില്ല വെറുതെ പേടിച്ചോടുന്നു ഭീരു.


വഴിയാത്രക്കാരൻ
 :- വേട്ടക്കാര വേട്ടക്കാര കടുവ ആ കുന്നിൻ ചരിവിലാണ് ഭാഗ്യം കൊണ്ട് ഞാൻ ഓടി രക്ഷപെട്ടു.ഇല്ലെങ്കിൽ ഇന്ന് ഞാൻ അവന് ഇര ആയേനെ.


വേട്ടക്കാരൻ :- എങ്കിൽ വാ നമുക്ക് പോയി നോക്കാം (പേടിയോടെ)

വഴിയാത്രക്കാരൻ :- എൻറെ പൊന്ന് വേട്ടക്കാര 
ഇതെൻറെ രാണ്ടാം ജന്മമാണ് ഇനി ഒരു ഭാഗ്യപരീക്ഷണത്തിന് ഞാൻ ഇല്ല നീ ഒറ്റക്ക് പോയാൽ മതി 


(ഇതും പറഞ്ഞ് 
വഴിയാത്രക്കാരൻ
 രംഗത്ത് നിന്ന് പോകുന്നു)


വേട്ടക്കാരൻ :- ദൈവമേ എന്നെ കാത്തോണേ അവനുമായി ഒന്ന് മുട്ടി നോക്കാം  അല്ലെ നിങ്ങളും വാ നമുക്ക് അരക്കൈ നോക്കാം 


(വേട്ടക്കാരൻ രംഗത്ത് നിന്ന് വിടവാങ്ങുന്നു )


കടുവ :-ഞാൻ വിശന്നു തളർന്ന് ഈ കാട്ടിൽ കിടന്ന് മരിച്ചുപോകും എൻറെ മക്കൾ എൻറെ ഭാര്യ ഇനി ഞാൻ അവർക്ക് വേണ്ടി എന്ത് ചെയ്യും അവരെങ്ങനെ ജീവിക്കും ഈശ്വരാ.


(വേട്ടക്കാരൻ കടന്നു വരുന്നു )


കടുവ :- ഒരു കാൽപെരുമാറ്റം കേൾക്കുന്നുണ്ടല്ലോ മറഞ്ഞിരിക്കാം (മറഞ്ഞിരിക്കുന്നു)


വേട്ടക്കാരൻ :- പരീക്ഷിക്കല്ലേ കടുവ എന്നെ ഒന്നും ചെയ്യല്ലേ എന്നെ നിനക്കല്ലാതെ  ആർക്കും രക്ഷിക്കാൻ പറ്റില്ലേ 


കടുവ :- ആരാടാ ?


വേട്ടക്കാരൻ :- ഞാൻ ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ. എന്നെ ഒന്നും ചെയ്യല്ലേ .


കടുവ :- ഞാൻ ആഹാരം കഴിച്ച കാലം തന്നെ മറന്നു നിന്നെ കണ്ടാൽ ഒരാഴ്ച തിന്നാൻ ഉള്ള ഇറച്ചി ഉണ്ടെന്ന് തോന്നുന്നു അത് കൊണ്ട് നിന്നെ ഞാൻ ഇന്ന് കൊല്ലും 



വേട്ടക്കാരൻ :- ഹ ഹ ഹ ഹ  നീ എന്നെ കൊല്ലം ഹ ഹ ഹ  ഹേ എടാ നികൃഷ്ഠ ജീവി മനുഷ്യൻറെ ബുദ്ധി എന്താണെന്ന് നിനക്ക് അറിയുമോ? ഇരയെ കൊല്ലാൻ ഏതറ്റം വരയും ഞാൻ പോകും അത് കൊണ്ട് ജീവൻ വേണേൽ നീ ഓടി പൊക്കൊ

കടുവ : - ഇനി എനിക്കെന്തിനു ജീവൻ നീ എന്നെ കൊന്നാൽ ഞാൻ ധന്യനായി ....
മരിക്കുന്നതിനു മുൻപ് എനിക്ക് ഒരു മനുഷ്യനോടെങ്കിലും എൻറെ പ്രതികാരം തീർക്കണം അത് നിന്നെ പോലെ ഒരു വേട്ടക്കാരൻ ആയതിൽ സന്തോഷം.

വേട്ടക്കാരൻ :- ഓഹോ അപ്പോൾ അങ്ങനെ ആണ് എന്നാൽ വാ തുടങ്ങാം.


(കടുവയും വേട്ടക്കാരനും ആയി കായികമായി പോരാട്ടം നടക്കുന്നു കടുവയെ വേട്ടക്കാരൻ മുറിവേൽപ്പിക്കുന്നു ശേഷം തളർന്ന് അവിടെ നിന്ന് യാത്ര ആകുന്നു )


വേട്ടക്കാരൻ :- നിന്നെ കണ്ടിട്ട് ഒരു വന്യ മൃഗമായി എനിക്ക് തോന്നുന്നില്ല മനുഷ്യനില്ലാത്ത ഒരു മനുഷ്യത്വം നിനക്കുള്ളതായി തോന്നുന്നു സുഹൃത്തേ നിനക്ക് നല്ലത് വരട്ടെ.


(മുറിവേറ്റ കടുവ തളർന്നുറങ്ങുന്നു വീണ്ടും ഒരു കാലടിശബ്ദം )


ചാൻ:-  കരുണമയനെ എന്നെ കാത്തു കൊള്ളെണെ.(പേടിച്ചാണ് വരവ് കടുവ എഴുന്നേറ്റ്  ചാനെ കാണുന്നു)


കടുവ :- നന്ദി ദൈവമേ എനിക്ക് നീ ഒരിരയെ നല്കി ഇന്ന് ഞാൻ ഇവനെ കൊന്ന് ഭക്ഷിക്കും ഇല്ലേൽ ഈ കൊടുംകാട്ടിൽ പട്ടിണി കിടന്ന് ഞാൻ മരിക്കും.


ചാൻ :- അയ്യോ കടുവ എന്നെ കൊല്ലരുതേ ഞാൻ പാവം ആണ് എന്റെ കുട്ടികൾക്ക് ആരും ഇല്ലാതാവും വയസ്സായ എന്റെ അച്ഛനും അമ്മയും എന്റെ ഭാര്യ എൻറെ സഹോദരങ്ങൾ എന്നെ കൊല്ലരുതേ.


കടുവ :- എനിക്ക് ജീവിക്കണം അത് കൊണ്ട് നിന്നെ കൊന്നെ തീരു നീ എനിക്ക് മാപ്പ് തരണം.


(കടുവ ചാനെ കൊല്ലുന്നു )


കടുവ :- ഹോ അങ്ങനെ എൻറെ വിശപ്പ്‌ മാറി ഇനി സ്വസ്ഥമായി ഒന്നുറങ്ങണം.


(കടുവ ഉറങ്ങുന്നു സന്യാസി കടന്നു വരുന്നു )


സന്യാസി : - കുഞ്ഞേ ....എൻറെ  ശിപ്രകോപം നിന്നെ ഒരു നിക്രിഷ്ടൻ ആക്കി മാറ്റി നിനക്ക് ഇതിൽ നിന്ന് ഒരു മോചനം ഞാൻ നല്കാം 


കടുവ :- ദയാപരനായ സ്വാമി എന്നെ പൂർവ്വ സ്ഥിതിയിലാക്കാൻ അങ്ങേക്ക് കനിവുണ്ടാകണം

(പ്രാർത്ഥനയിൽ നിന്ന് സ്വാമി ഒരു മാല വരുത്തി കടുവയുടെ കഴുത്തിൽ അണിയിക്കുന്നു)


സന്യാസി :- മകനെ ഈ മല കഴുത്തിൽ ഉള്ള കാലം നിനക്ക് മനുഷ്യനായി തന്നെ ജീവിക്കാം ഇത് നഷ്ടപ്പെടുകയോ പൊട്ടിപ്പോകുകയോ ചെയ്‌താൽ നീ വീണ്ടും കടുവ ആയി മാറും പിന്നെ നിനക്ക് അതിൽ നിന്ന് ഒരു മോചനം ഉണ്ടാകുകയില്ല 


കടുവ :- അവിടെന്ന് പറയും പോലെ ഞാൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായി ഞാൻ ഇതിനെ കരുതിക്കൊള്ളം 



(സന്യാസി യാത്ര ആവുന്നു,വലിയ ശബ്ദം പ്രകാശം മെഴുകുതിരിനാളം,കടുവ മനുഷ്യനായി മാറുന്നു)


സിയാൻ :- അയ്യോ ഞാൻ മനുഷ്യനായി ഇനി എനിക്ക് എൻറെ മക്കളെ കാണാം അതാ ഞാൻ വന്ന കാട്ടുപാത.


(സിയാൻ കാട്ടുപാതയിലൂടെ ഓടിപ്പോകുന്നു)
.................................................................................

രംഗം മൂന്ന് 

രംഗപടം  (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )


നാട്ടുപ്രമാണി :- അങ്ങനെ ആ ദിവ്യന്റെ അപാരമായ ശക്തിയിൽ അവനു മോചനം ലഭിച്ചു .


അനുചരൻ ഒന്ന്   :- നല്ല കഥ


അനുചരൻ രണ്ട്  :- സ്വാമി പറഞ്ഞ കഥയിലെ പോലെ തന്നെ ഉണ്ടല്ലോ സിയാനെ നിൻറെ കഴുത്തിലെ ഈ മാല 


അനുചരൻ മൂന്ന്  :- അതെ അതെ 


അനുചരൻ ഒന്ന് :- നോക്കട്ടെ


സിയാൻ :- വേണ്ട അങ്ങനെ കാണിക്കാൻ പറ്റുന്ന മാല അല്ല ഇത് 


അനുചരൻ നാല് :- അപ്പോൾ നീയണെല്ലെ എൻറെ അച്ഛനെ കൊന്നത്.എൻറെ കുടുംബത്തെ പട്ടിണി ആക്കിയത് നിന്നെ ഞാൻ.


സിയാൻ :- അല്ല അത് ഞാൻ അല്ല 


(മാലയിൽ കടന്ന് പിടിക്കുന്നു )


സിയാൻ :- പൊട്ടിക്കരുത്‌ അത് പൊട്ടിക്കരുത് 


(മാലപൊട്ടിക്കുന്നു , കാതടക്കുന്ന ശബ്ദം വീണ്ടും അരണ്ട വെളിച്ചം)

അയ്യോ കടുവ എല്ലാവരും ശബ്ദം ഉണ്ടാക്കി ഓടി പോകുന്നു.


(സിയാൻ കടുവ ആയി മാറുന്നു )


കടുവ :- മനുഷ്യ കുലമേ  ഞാൻ അറിയാതെ ചെയ്ത ഒരു തെറ്റുപോലും ക്ഷമിക്കാൻ സാധിക്കാത്ത നിങ്ങൾക്കിടയിൽ ഇനി മനുഷ്യൻ ആയി ജീവിക്കാൻ എനിക്കാഗ്രഹം ഇല്ല പക്ഷെ ഇനിയുള്ള ജീവിതം "കാലം സാക്ഷി ചരിത്രം സാക്ഷി എൻറെ കണ്മുൻപിൽ കാണുന്ന ഓരോ ജീവിയേയും മനുഷ്യനേയും ശത്രു ആയി കണ്ട് ഞാൻ വക വരുത്തും ഇത് സത്യം സത്യം സത്യം.


(ശുഭം)









Sunday, 21 December 2014

ഏകാന്ത നാളുകൾ

ഇനി വരും നാളുകൾ ഏകാന്ത നാളുകൾ 
വിടചൊല്ലി പിരിയുന്ന നാളുകൾ 
നമ്മൾ അകലാൻ തുടങ്ങിയ നാളുകൾ 

          പലവട്ടം നാം തീർത്ത സൗഹൃദങ്ങൾക്കിന്ന് 
          വിട നല്കുവാനായ് വന്നതാകാം 
          പാതി മിഴി പൂട്ടി അകന്ന് പോകുന്നൊരി 
          ആത്മ ദു:ഖത്തിൻ ഇരുപുറം നാം 



വസന്തം കഴിഞ്ഞെത്തിനിൽക്കുന്നു ..........
ഇനി കാത്തിരിക്കില്ല ഞാൻ നിനക്ക് വേണ്ടി 
കീറിയെറിഞ്ഞു നീ എൻ രക്തപുഷ്പങ്ങൾ 
മായാത്ത സ്നേഹത്തിൻ ശേഷിപ്പുകൾ 

        ഇനി ഇല്ല ഞാൻ നിൻറെ സ്വപ്നങ്ങളിൽ 
        മായ്ച്ചു കഴിഞ്ഞു നീ വേണ്ടുവോളം 
        ഇത് നിനക്കെൻറെ അവസാന വാക്കുകൾ 
       ഹൃദയം പിളർക്കുന്ന മുറിവ് പോലെ .

Wednesday, 24 September 2014

ഇനി ഞാൻ ഉറങ്ങട്ടെ ....


ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ 
മനസ്സിൻ ദുഃഖ ഭാരങ്ങൾ എല്ലാം ഇറക്കി ഞാൻ 
ഉറങ്ങട്ടെ...................ഉറങ്ങട്ടെ.........................

ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ അംബരം കാണട്ടേ ................................
ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ പെയ്യുന്ന പേമാരി കാണട്ടേ ...................
ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ പച്ച പാടങ്ങൾ കാണട്ടേ .......................

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ



മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ വീശുന്ന കാറ്റിന്റെ മർമരം കേൾക്കട്ടേ ......................
മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ വീഴുന്ന മഴയുടെ നൊമ്പരം കേൾക്കട്ടേ .......................
മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ അടയുന്ന വാതിലിൻ ശീല്ക്കാരം കേൾക്കട്ടേ ..................

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ

താളം നിലച്ചു ...............നാളം അണഞ്ഞു ...........
ഇരുളിൻറെ ആഴം വെളിച്ചത്തെ മായ്ച്ചു ............
താളം നിലച്ചു ...............നാളം അണഞ്ഞു ...........
ഇരുളിൻറെ ആഴം വെളിച്ചത്തെ മായ്ച്ചു ............

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ






Monday, 20 May 2013

കല്യാണ സദ്യ

(ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിക്കുന്നവരോ , മരിച്ചവരോ ആയ ആരുമായും യാതൊരു സാദ്രിശ്യവും ഇല്ല , അഥവാ അത് തോന്നിയാൽ ഞാൻ ഉത്തരവാധിയുമല്ല.)

 

അന്ന് ഒരു ഞായർ ആഴ്ച ആണെന്ന് തോന്നുന്നു........ 

 

ഞാനും, മാണിക്യനും, ആശാനും വീട്ടിൽ ഒന്നും പോകാതെ പഠനത്തിൽ മുഴുകാൻ തീരുമാനിച്ച  ജീവിതത്തിലെ മറ്റൊരു അവധി ദിനം കൂടി.

 

കാലത്ത് മുറ്റത്ത്‌ കുറെ മനുഷ്യ ജീവികളുടെ കാലടി ശബ്ദം കേൾക്കാം,അപ്പോൾ എനിക്കുണ്ടായ മൂത്ര ശങ്ക  പെട്ടെന്ന് ഉറക്കം ഉണരാൻ എനിക്ക് തലച്ചോറിലേക്ക് ഉള്ള സിഗ്നൽ നല്കി.

 

ചാടി എഴുന്നേറ്റ് മുറ്റത്തേക്ക്‌ നോക്കുമ്പോൾ ദാ നിൽക്കുന്നു മറ്റാരുമല്ല സാക്ഷാൽ പുന്നപ്രയുടെ സ്വന്തം "ആണി" എന്ന സുന്ദരനും സുമുഖനുമായ പ്രശാന്ത് പരമേശ്വരൻ എന്ന ചെറുപ്പക്കാരൻ. (പേര് ആലങ്കാരികം)

 

ആണി :- അളിയാ എന്ത് മറ്റെടത്തെ ഉറക്കമാ , ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ ; ഇന്ന് അമ്പലത്തിൽ കല്യാണം ഉള്ള കാര്യം,പിന്നെ എന്ത് മൈ.... ഉറക്കമാട?

 

സത്യമാണ് ആണി പറയുന്നത് ഇന്നലെ രാത്രി "പ്രതീക്ഷ"യിൽ സെക്കന്റ്‌ ഷോ കാണാൻ പോയപ്പോൾ ആണി പറഞ്ഞതാ ഇന്നത്തെ കല്യാണക്കാര്യം, നാണക്കേടായി ,പണ്ടാരം മറന്നുപ്പോയി ഛെ ഇത് എന്ത് മറവിയാ!!!!

 

തോർത്തും സോപ്പും എടുത്ത് കിണറിന്റെ അടുത്ത് എത്തിയത് ഒരു ഞെടിക്കുള്ളിലായിരുന്നു എന്നതാണ് പിന്നീട് നടന്ന പരമമായ സത്യം.

 

പെട്ടന്നുതന്നെ ഒരു കാക്കക്കുളി പാസ്സാക്കി , പുതിയ ഇസ്തിരിയിട്ട ജുബ്ബയും കസവു കരയുള്ള ക്രീം മുണ്ടും നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ടു ഇറങ്ങിയ എന്നെ കണ്ടാൽ പെണ്‍ വീട്ടുകാരൻ ആണോ ? അതോ ചെറുക്കന്റെ സ്വന്തക്കാരൻ ആണോ ? എന്നുള്ള സംശയം എന്നെപ്പോലെ തന്നെ കല്യാണത്തിനു വന്ന പലർക്കും  ഉണ്ടാകാൻ സാധ്യതയുള്ള വസ്തുത ഞാൻ നിങ്ങൾക്ക് മുൻപിൽ മറച്ച് വെക്കുന്നില്ല.

 

 

ആണിയുടെ ഇരുചക്ര വാഹനത്തിൽ ..........ഹഹഹഹഹ ഇരുചക്ര വാഹനം കൊള്ളാം നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു "ഒടൻ കൊല്ലി " സൈക്കിൾ അതിൽ ഞാനും ആണിയും പിന്നെ അതുപോലെ തന്നെ ഉള്ള മറ്റൊരു "ഒടൻ കൊല്ലിയിൽ " ആശാനും മാണിക്യനും അമ്പലത്തിലേക്ക് യാത്ര തിരിച്ചു.

 അമ്പലമുറ്റത്ത് തരുണീ മണികളും , സുന്ദരന്മാരും , വയസ്സന്മാരും , വയസ്സികളും കുട്ടികളും എന്ന് വേണ്ട സമൂഹത്തിലെ  നാന തുറകളിലും പെട്ട സകലമാന ജനങ്ങളും എത്തിയിട്ടുണ്ട്.

 

ഞങ്ങൾ ശകടം അമ്പലത്തിനു അടുത്തുള്ള ഒരു മുറുക്കാൻ കടയുടെ സമീപം ഉപേക്ഷിച്ചു ഇനി അവന്റെ ഉപയോഗം അല്പനേരത്തെക്കാവഷ്യമില്ലല്ലോ . പൊടുന്നനെ പ്ലാറ്റ് ഫോം ടിക്കറ്റ്‌ , സീസണ്‍ ടിക്കറ്റ്‌  ഇത്യാദി ടിക്കറ്റ്‌ ഒന്നും വേണ്ടാത്ത "നടരാജൻ" എക്സ്പ്രസ്സ്‌ ഇൽ യാത്ര തുടർന്നു.

 

കണ്ണുകൾ പരിചയക്കാരിൽ ഉടക്കാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധ പതിക്കാനുള്ള ആയോധനമുറ കരസ്ഥമാക്കിയ ഞങ്ങൾ ഉണ്ടോ മറ്റ് കഷ്മലന്മാർക്ക് പിടികൊടുക്കുന്നു.

 അങ്ങനെ ആബാലവൃദ്ധ ജനങ്ങളേയും താണ്ടി "ഞങ്ങളുടെ സ്വന്തം നടരാജൻ എക്സ്പ്രസ്സ്‌ " ലക്ഷ്യ സ്ഥാനത്തേക്ക് " മാർജ്ജാര സഞ്ചാരം" നടത്തുകയാണ് . അതാ "ഊട്ടുപുര" എന്ന സ്റ്റേഷൻ ബോർഡ്‌ വാരകൾക്ക് അകലെ. ഫിനിഷിംഗ് പോയിന്റ്‌ തൊട്ട ഉസൈൻ ബോൾട്ട് ന്റെ  സംതൃപ്തി. ഇനി ഒരു ദീർഘ നിശ്വാസം ആകാം അല്ലേ? ആയിക്കോട്ടെ ആർക്കാചേതം.

 

കാര്യമായ  പരിശ്രമം  ഒന്നുമില്ലാതെ സ്ഥിരം  ഇരിപ്പിടം  കരസ്ഥമാക്കിയ ഞങ്ങൾ കേട്ടിമേളത്തിനായുള്ള  കാത്തിരിപ്പിലായി.

 അമ്പലത്തിലെ ഒറ്റ കോളാമ്പിയിൽനിന്നുള്ള "നാദസ്വരം " മേള താള കോലാഹലം അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കാം. ഒടുവിൽ അതാ തിടമ്പേന്തിയ ഗജവീരന്മാരെ പോലെ വാഴയിലയുമായി നമ്മുടെ സ്വന്തം പരിചാരകർ അവർ അങ്കത്തട്ടിനെ പുളകം ചാർത്തി കടന്നുവരുന്നു.

 

അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത് തീൻമേശകൾ പലതും ഒഴിഞ്ഞു കിടക്കുന്നു ഒരു സിംബാബ്വേ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം നടക്കുമ്പോഴുള്ള വേദികളിലെ ഗ്യാലറികളുടെ ഒരവസ്ഥ.

 

ഇന്നെന്ത അമ്പലത്തിലെ പൂജാരി വന്നില്ലേ? അല്ലെങ്കിൽ നമ്മുടെ "സ്വന്തം" വധു ആരുടെ എങ്കിലും കൂടെ സ്കൂട്ട് ആയോ ? ആകും ആതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ് അപ്പനും അമ്മയ്ക്കും നൽകാവുന്ന മക്കളുടെ "സ്നേഹോപഹാരം" , ഈശോ!!!!!!!!! ഛെ "അറവുകാടമ്മേ" പണി തൂശനിലയിൽ തന്നോ? ഹേ ലോകത്തിൽ നിലവിൽ ഉള്ള സകല ദൈവങ്ങൾക്കും വിശപ്പിന്റെ വിളിക്കുത്തരം നൽകാൻ മടികാണുമോ? ഹേ............. കാണില്ലായിരിക്കും....

 

ഞങ്ങൾ ഇരിപ്പുറപ്പിച്ച "കളരിക്ക്" എതിർവശം ഇതുവരെ ആരും വന്നിരുന്നില്ല , എന്നാൽ വരുന്നത് ഏതെങ്കിലും  ഹത ഭാഗ്യന്മാർ ആയിരിക്കും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു , ചിലപ്പോൾ ഹത ഭാഗ്യവതികളും ആകാം കാരണം വിളിക്കാത്ത കല്യാണ സദ്യയുടെ രുചി കൂടുതൽ ആയതിനാൽ ആസ്വാദനത്തിന്റെ ഭാഗമായി ചോറും കറിയും പപ്പടവും പഴവും പായസ്സവും എല്ലാം ചേർത്ത് കൈ കൊണ്ട് " ഞെക്കിക്കുഴച്ച്" കൈയ്യിൽ നിന്ന് മുട്ടുവരേയും വിരലുകൾക്കിടയിലൂടെ കൈപ്പുറത്തേക്കും ഒക്കെ ഒഴുക്കി മറ്റുള്ളവരെ സ്ഥിരമായി അലോസരപ്പെടുത്തുക എന്ന സൽക്കർമം കൃത്യമായി ഞാൻ നിർവഹിക്കുമായിരുന്നു. വൃത്തികെട്ടവൻ.................

 

പിന്നീട് നടന്നത് സ്വപ്നേഹി നിരീക്കാത്ത സംഭവമായിരുന്നു അന്നുവരെ എന്നെ ആ സരസ്വതി സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്ന , അല്ലെങ്കിൽ പേടിപ്പിച്ചിരുന്ന , അതുമല്ലെങ്കിൽ എന്നെ തീഷ്ണമായ പദ പ്രയോഗങ്ങൾ കൊണ്ട്  മൂടിയിരുന്ന സകല അദ്ധ്യാപകൻമാരും ചേർന്ന് ഞങ്ങളെ ലക്ഷ്യമാക്കി ഒരു കാലനട ജാഥയായി നടന്നടുക്കുകയാണ്.

 

അല്ലാഹ് എന്നോട് ഇത്രയ്ക്കു വേണോ? കക്കാനും മൊട്ടിക്കാനും ഒന്നുമല്ലല്ലോ? ആർക്കും ചേതമില്ലാത്ത കുറച്ചു ചോർ, കുറച്ചു സാമ്പാർ ,കുറച്ചു അവിയൽ ,കുറച്ചു പപ്പടം ഇവയെല്ലാം ചേർത്ത് ജോറൻ ഒരു "പിടി" അതിനും "പടച്ചോനെ" നീ സമ്മതിക്കൂലാ .....ഒന്ന് സമ്മതിക്ക് പ്ലീസ് ........ ......

 

എന്റെ നാഡി ഞെരമ്പുകൾ തളർന്നു ,തലകറങ്ങുന്നു ,കണ്ണിൽ ഇരിട്ട് കയറുന്നു. നാളിതുവരെ ഞാൻ ഉണ്ടാക്കിയെടുത്ത "എന്റെ ചീത്ത" പ്പേര് പലരുടെയും കണ്മുന്നിൽ അരുംകൊല ചെയ്യപ്പെടുകയാണെല്ലോ ,അതെന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.

 

എടാ തോൽക്കരുത്‌ ഇപ്പോൾ തോറ്റാൽ ഇനി ജീവിതം മുഴുവൻ തോൽക്കും ,എന്ന് എന്റെ മനസ്സിന്റെ മച്ചിലിരുന്ന് പല്ലി ചിലച്ച് കൊണ്ടേയിരുന്നു.

 

സാധാരണയായി പ്രായം ഉള്ളവർ പറയും ആഹാരം കഴിക്കുമ്പോൾ രാജാവ് വന്നാലും എഴുന്നേൽക്കരുത് എന്ന് ശരിയാണോ....... പ്രായമുള്ളവരല്ലേ? അല്ലേ? ആ ആയിരിക്കും. പക്ഷെ ഈ വരുന്നവർ ആരും രാജാക്കന്മാരൊന്നുമല്ലല്ലോ അപ്പോൾ ഒന്ന് എഴുന്നേൽക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല അല്ലേ? ബഹുമാനം കൊണ്ടാണെന്ന ഒരു തെറ്റിധാരണയും നിങ്ങൾക്ക് വേണ്ട  കാരണം ബഹുമാനം കടയിൽ കിട്ടുന്ന ഒന്നല്ലല്ലോ. 

 

അദ്ധ്യാപകൻ ഒന്ന് :- ആഹാ സാറേ ദേ ഇവന്മാർ നേരത്തെ തന്നെ ഇങ്ങെത്തിയല്ലോ?

 

അദ്ധ്യാപകൻ രണ്ട് :- അത് പിന്നെ അങ്ങനെ അല്ലേ വരൂ ക്ലാസ്സിൽ നേരെത്തെ വന്നില്ലെങ്കിലും ഇവന്മാർ കല്യാണത്തിനു നേരത്തെ തന്നെ വരും.

 

ഈ പഹയന്മാർ മാന്യന്മാരായ നമ്മളെ സമൂഹത്തിനു മുൻപിൽ നാണം കെടുത്തുമെന്ന തോന്നുന്നത്.

 

അദ്ധ്യാപകൻ മൂന്ന്‌ :- ടാ നിങ്ങൾ മൂന്നാളെ ഉള്ളു? ബാക്കി മഹാന്മാർ ഒന്നും ഇല്ലേ?

 

ഞാൻ :- അ ആ .....ബാക്കി ....ബാക്കിയുള്ളവർ ...അവധിയായതു  കൊണ്ട് ...വി .... വീട്ടിൽ പോ ....പോയി

 

ഹെന്റമ്മോ!!!!!!!!! അങ്ങനെ അന്ന് അവന്മാരോട് ,ഒരല്പം ബഹുമാനം ആകാം അല്ലെ , ആകാം ....അധ്യാപകന്മാരോട് ഒന്ന് പറഞ്ഞെപ്പിക്കാൻ ഞാൻ പെട്ട പാടെ........എനിക്കും പിന്നെ എനിക്കും അറിയാം ...

 

സത്യത്തിൽ എനിക്ക് ഇന്നും ആലോചിച്ചിട്ടു പിടികിട്ടാത്ത ഒരു കാര്യം ആണ് ,അന്ന് ആ അദ്ധ്യാ "പഹയന്മാർക്ക്" എന്താണ് നമ്മോടു ഇത്രയ്ക്കു സ്നേഹം , ഇനി ഇവന്മാർ അറിഞ്ഞു കാണുമോ ഈ മഹാന്മാരുടെ സൽസ്വഭാവം ? ഹേ നമ്മുടെ ചെയ്തികൾ നാം അല്ലാതെ ആരറിയാൻ ..........അങ്ങനെയുള്ള സുന്ദരമായ വിശ്വാസത്തിലല്ലേ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്.

 

ആർത്തി മൂത്ത് കഴിക്കണം എന്നാ ഞങ്ങളുടെ ആ എളിയ  ഉദ്യമം സഭ്യതയുടെ എല്ലാ അതിരുകൾക്കുള്ളിലുമായി പര്യവസാനിച്ചു. കൈ കഴുകുവാൻ വേണ്ടി എഴുന്നേറ്റ എന്റെ തോളത്ത് ആ ബലിഷ്ടമായ കരം പതിയെ വിശ്രമിച്ചു, ഞാൻ പിടിക്കപെട്ടു, എന്റെ മാനം കപ്പല് കയറിക്കഴിഞ്ഞു , ഇനി എനിക്കൊരു രക്ഷ ഇല്ലേ ? എന്റെ മനസ്സിന് ശക്തിതരു ഞാൻ നിന്റെ രൂപകൂട്ടിൽ നൂറു മെഴുകുതിരികത്തിക്കം ...കർത്താവേ.... ഇത് കേട്ട കർത്താവിന്റെ മനസ്സലിഞ്ഞു , മനസ്സിന്റെ ശക്തി വീണ്ടുകിട്ടിയ ഞാൻ ഇനി എന്തെങ്കിലും വരട്ടെ വരുന്നിടത്ത് വെച്ച് കാണാം . തല മെല്ലെ തിരിച്ചു ആ ഭീകര സ്വത്വത്തെ ഞാൻ നോക്കി , അത് ആദ്യം തന്നെ എന്നെയും സംഘത്തെയും അപമാനിക്കാൻ ശ്രമിച്ച പഴയ നീചൻ തന്നെ ,

 

അദ്ധ്യാപകൻ :- നീ കൃഷ്ണന് ഗിഫ്റ്റ് ഒന്നും കൊടുത്തില്ലേ ?

 

ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ എന്നോട് തന്നെ ചോദിച്ചു ? ഗിഫ്റ്റോ ? ആർക്ക്? എന്തിന്? ദൈവമേ ഇങ്ങേർക്ക് ഭ്രാന്തായോ? അതോ എനിക്കാണോ ? പടച്ചോനെ ഒരു പിടിയും കിട്ടുന്നില്ലല്ലോ...........കർത്താവേ.............. 

 

അദ്ധ്യാപകൻ :- ടാ നിങ്ങടെ കൂട്ടത്തീന്നു നിങ്ങളെ മാത്രമേ കൃഷ്ണൻ കുട്ടി വിളിച്ചിട്ടുള്ളൂ എന്നാണു അവൻ പറഞ്ഞത് .....പാവം ഏതായാലും മോളെ നല്ല ഒരുത്തന്റെ കൂടെ ഇറക്കിവിടാൻ കഴിഞ്ഞല്ലോ അത് തന്നെ നന്നായി .....



ഇപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി ഞങ്ങൾ വന്നിരിക്കുന്നത് ഇന്നലെ വരെ വന്നത് പോലെ വിളിക്കാത്ത  സദ്യ ഉണ്ണാൻ അല്ല .......



ഇനി ഞാൻ സാറിന്റെ കാലിൽ വീഴണോ , അതോ കൈ കഴുകണോ, മനുഷ്യനെ ടെൻഷൻ ആക്കാതെ ഒന്ന് പറ സാറേ. ആരാ കൃഷ്ണൻ കുട്ടി .ഇങ്ങനെ ചോദിക്കാൻ എനിക്ക് അപ്പോൾ ധൈര്യം ഉണ്ടായില്ല , ഇനി ഇയാൾ പറയേണ്ട .....വേവുവോളം കാത്തു ഇനി ആറുവോളം അല്ലെ അത് ഞാൻ ക്ഷമയോടെ കാത്തോളാം. ഇങ്ങേരു ചെല്ല് പോ........ പോ......... എന്ന് മനസ്സ് മന്ദ്രിച്ചു.



ആരാണി കൃഷ്ണൻ കുട്ടി ? . എനിക്കറിയാമോ? . എന്നെ അറിയാമോ? . ഉത്തരം ഇല്ലാത്ത ആനേകം സമസ്യകൾ എന്നെ ആലോസരപ്പെടുതിക്കൊണ്ടെയിരുന്നു.



ദാ അവസാനം സാക്ഷാൽ കൃഷ്ണേട്ടൻ അതെ ഈ കഥയിലെ നായകൻ ശ്രി. കൃഷ്ണൻ കുട്ടി എന്നെ ലക്ഷ്യമാക്കി നടന്നടുക്കുന്നു, ജീവസ്സും , ഓജസ്സും , തേജസ്സും ഉള്ള കൃഷ്ണ  ഭഗവാൻ. അതെ അപ്പോൾ എനിക്ക് കൃഷ്ണേട്ടനെ അങ്ങനെ തന്നെ ആണ് തോന്നിയത് ,  കാരണം എന്റെ , അല്ല ഞങ്ങളുടെ മാനം കാത്ത സാക്ഷാൽ കൃഷ്ണ ഭഗവാൻ.



കൃഷ്ണേട്ടൻ:- ടാ മക്കളെ നിങ്ങൾ വരില്ലാന്നാട കൃഷ്ണേട്ടൻ ഓർത്തത്....അവന്മാരൊക്കെ എന്തിയേ? അനീഷും , ജിജിയും അതോ നീ മാത്രമേ വന്നുള്ളൊ?



സ്നേഹം തുളുമ്പുന്ന ആ ചോദ്യം എന്നെ തെല്ലൊന്നുമല്ല അഹ്ലാദിപ്പിച്ചത്.....



ഞാൻ :- വന്നു കൃഷ്ണേട്ട വന്നു. എല്ലാരും ഉണ്ട് കൃഷ്ണേട്ടൻ വിളിച്ചാൽ ഞങ്ങൾ വരാതിരിക്കുമോ ......അവന്മാര് ഊണ് കഴിക്കുവ , ഞാൻ ഒന്ന് പോയി കൈ കഴുകി വരാം ,  കൃഷ്ണേട്ടൻ സ്കൂട്ട് ആകരുത് , ഒന്ന് വെയിറ്റ് ചെയ് ഞാൻ ഇപ്പോൾ തന്നെ വരാം ........

 

ഞാൻ കൈകഴുകാൻ വേണ്ടി ഓടിപ്പോയി .......തിരിച്ചു വരുമ്പോൾ മാണിക്യനും ആശാനും എത്തി .



മാണിക്യൻ :- ടാ കൃഷ്ണേട്ടന്റെ മോൾടെ കല്യാണം ആരുന്നു അല്ലേ ? .

 


ജിജി :- നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതാ ഇന്ന് ആരോ നമ്മളെ എന്തിനോ വിളിച്ചിട്ടുണ്ടെന്നു.



പിന്നെ നമ്മളെ ഒക്കെ വിളിക്കാൻ നമ്മൾ ആരാ .....അങ്ങനെ പറയണം എന്നുണ്ടായിരുന്നു....

ഞാൻ :- ആശാനെ പണി പാളും കൃഷ്ണേട്ടന് വല്ലതും കൊടുക്കേണ്ടേ . പുള്ളി നമ്മളെ മാത്രമാണ് കല്യാണം വിളിച്ചിരിക്കുന്നത് . കയ്യിൽ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ താ .......

ജിജി :- ഭാഗ്യം എന്റെ കയ്യിൽ ഒരു നൂറ്  ഉണ്ടെന്നു തോന്നുന്നു ........

പോക്കെറ്റിൽ തപ്പി ആശാൻ നൂറ് രൂപ  എന്റെ കയ്യിൽ തന്നു , ഇത് കണ്ട അനീഷും കയ്യിൽ ഇരുന്ന നൂറ് വീശി , ഞാൻ ഇന്ന് രാത്രി "പ്രഭാതിൽ" വന്ന "ചലച്ചിത്രം" കാണാൻ വെച്ച നൂറ് നിറഞ്ഞ മനസ്സോടെ തന്നെ പുറത്തെടുത്തു.



പിന്നെ ഞങ്ങൾ മൂവരും ചേർന്ന് ആ രൂപ ആൾക്കൂട്ടത്തിൽ നിന്ന കൃഷ്ണേട്ടന്റെ കയ്യിൽ ആരും കാണാതെ വെച്ച് കൊടുക്കുമ്പോൾ എന്റെ മനസ്സില് ഒരു "ലഡ്ഡു" പൊട്ടിയ ഫീലിംഗ് അനുഭവപെട്ടു .......

 

ഇതെല്ലാം ഇമവെട്ടാതെ ഒരാൾ ഒളിഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു. രംഗം ശാന്തം ആയപ്പോൾ അദ്ദേഹം ഞങ്ങളുടെ അടുക്കൽ വന്നു . ആ മാന്യനെ കണ്ടപ്പോൾ ചിരി അടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ സ്വന്തം ആണി.

 

തിരിച്ചു കപ്പക്കടക്ക് പോകുമ്പോൾ ആണി ചോദിച്ചു . ആണി മാത്രമല്ല നിങ്ങളും ചോദിക്കും ആരാ കൃഷ്ണേട്ടൻ ? നിങ്ങളെ പുള്ളിക്ക് എങ്ങനെ അറിയാം? നിങ്ങൾ എന്തിനാ പുള്ളിക്ക് കാശു കൊടുത്തത് ?

അതെന്തിനാ ആണി നീ ഇതൊക്കെ അറിയുന്നത് ....നീ അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ?



ഞാനും ആശാനും മാണിക്യനും ചിരിച്ചു ......ഇനിയും വിളിക്കാത്ത സധ്യ കഴിക്കില്ല എന്ന അൽപനേരം മുൻപത്തെ ഞങ്ങളുടെ ശപഥം  നാളെ തന്നെ ആണി പൊളിക്കുമല്ലോ , എന്നോർത്ത് ......



യാത്രക്കൊടുവിൽ ഞാൻ ആണിയോടു പറഞ്ഞു . ടാ അത് ഞങ്ങളുടെ "കാർമ്മൽ" ലെ പ്യൂണ്‍ "കൃഷ്ണേട്ടൻ" ന്റെ മോൾടെ കല്യാണമാ ..........

പിന്നെ ആണി നീ ഒരു കാര്യം മനസ്സിലാക്കണം "നിന്നെ പോലെ വിളിക്കാതെ അല്ല ഞങ്ങൾ പോയി ഞണ്ണിയത്"...................കേട്ടോട..........പുന്നാര മോനെ.

 

(അപ്പോഴത്തെ ആണിയുടെ മുഖഭാവം മാന്യ വായനക്കാരുടെ ഭാവനക്കായി സമർപ്പിക്കുന്നു............ശുഭം)


Monday, 15 August 2011

ഒരു സായാഹ്നത്തിന്റെ ഓര്മ്മയ്ക്ക്‌



                 
പുലര്‍ച്ചെ എന്‍റെ  ഘടികാര ശബ്ദം ഉറക്കത്തിനു ഭംഗം വരുത്തിയത് തെല്ല് അസഹിഷ്ണുതയോടെയാണ് എനിക്ക് അനുഭവപ്പെട്ടത്. (സമയം അപ്പോള്‍ എട്ടു മണി) ഉറക്കച്ചടവോടെ ആദ്യ കര്‍മ്മം (ആദ്യ കര്‍മ്മം ഉടുതുണി തപ്പിയെടുക്കല്‍ ആണെങ്കിലും) നിലക്കാതെ ചിലക്കുന്ന ഉണര്‍ത്തു പാട്ട് (അലാറം) കുത്തി നിര്‍ത്തലാണ്. ഭൂമിയില്‍ കാല്‍ തൊടുമ്പോള്‍ കൈ കട്ടന്‍ ബീഡി (നാടന്‍ തെരുപ്പ്‌ ബീഡി ആ സമയത്ത് ഒരു രൂപയ്ക്ക് അഞ്ചു ബീഡി) പൊതിയിലേക്ക് നീങ്ങി, അവശേഷിക്കുന്ന ഒരു ആത്മശാന്തിക്കു തീ പിടിപ്പിച്ചു (മുറിയിലാകെ കത്തിയ ഫോസ്ഫെറസിന്റെ രൂക്ഷ ഗന്ധം). ആദ്യ പുക വലിച്ചൂതി (പുറത്ത് മുട്ടയിട്ട പിടക്കോഴിയുടെ ആത്മ നിര്‍വൃതിയുടെ പാട്ട്,കോഴികള്‍ ശല്യമാണ് (കഴിക്കുമ്പോള്‍ അല്ല) പരിസരം മുഴുവന്‍ കാഷ്ടിച്ചു വൃത്തികേടാക്കും. ജീവഭയം ഉള്ളത് കൊണ്ടു പൂവന്‍ കോഴികള്‍ തൊടിയില്‍ കയറാന്‍ മടിക്കുന്നു) വാതില്‍ മലര്‍ക്കെ തുറന്നു പുറത്തേക്ക്.ആദ്യ നോട്ടം അടുത്തുള്ള വിശാലമായ വിജയേട്ടന്റെ പറമ്പിലേക്ക്. (വിജയേട്ടന്‍ ഞങ്ങളുടെ ഹൗസ് ഓണര്‍ ആണ് ഭാഗ്യവശാല്‍ ഈ നീണ്ട മൂന്നു വര്‍ഷത്തിനിടെ ആ"മഹാനെ"കാണാന്‍ ഈയുള്ളവര്‍ക്ക് ഭാഗ്യം ഉണ്ടായിട്ടില്ല).


വര്‍ഷങ്ങള്‍ പഴക്കമുള്ള മാവുകളും,പ്ലാവുകളും,തെങ്ങും എന്ന് വേണ്ട ചേന,ചേമ്പ്,കാച്ചില്‍ ഇത്യാദി അസംഖ്യം ഹരിതാഭമായ വൃക്ഷലതാതികള്‍ കൊണ്ട് സമ്പന്നമാണ് മൂപ്പരുടെ പറമ്പ്.

"പടച്ചോനെ ഇങ്ങള്‍ കാത്തോളീന്‍" കൈ ഉയര്‍ത്തി ഞൊട്ട ഒടിച്ച് വാതില്‍ പടിയില്‍ "ആരോഗ്യ കസര്‍ത്ത്" നടത്തി മുറ്റത്തേക്ക് ഒരു ചാട്ടം. പ്രകൃതി ഭംഗി ആസ്വദിച്ചു പുക ഊതി കൊണ്ടിരിക്കുമ്പോള്‍ കിണറിന്റെ അടുത്ത് അര്‍ദ്ധനഗ്നനായി "മാണിക്യന്‍" (കര്‍ത്താവേ ഈ സാധനം ഇന്ന് നേരത്തെ എഴുന്നേറ്റോ?). ഞാന്‍:- എടാ പുല്ലേ നീ ചോറ് റെഡി ആക്കിയോ? (സാധാരണയായി "ജിജി ആശാന്‍" ആണ് മേപ്പടി കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത്. ഇന്ന് മൂപ്പര്‍ കുടുംബത്തില്‍ പോയിരിക്കുകയാണ്) മാണിക്യന്‍:-ഹോ "കൊണാന്റെര്‍" പള്ളിയുറക്കം കഴിഞ്ഞോ? അടിയന്‍ അരിയിട്ടിട്ടുണ്ടു തംബ്രാ, നിനക്ക് വേണമെങ്കില്‍ ഒന്ന് നോക്കിക്കോ, റെഡി ആയോ എന്ന്. (കേട്ട പാതി കേള്‍ക്കാത്ത പാതി ചാടി അടുക്കളയില്‍ കയറി; കാരണം പട്ടിണി കിടക്കാന്‍ വയ്യ). ഭാഗ്യം! എല്ലാ സാധനവും അതാതു സ്ഥലത്ത് തന്നെ ഉണ്ട്. "തട" തുണിയെടുത്ത് കലത്തിന്റെ മൂടി മാറ്റി ചിരട്ട തവി കൊണ്ടു ചോറ് കോരി "അമ്പട വില്ല" ഇതാണ് മോനെ കുത്തരിയുടെ വേവ്,ചോറ് പെട്ടന്ന് തന്നെ വടിച്ച്‌ വിജയശ്രീലാളിതനായി വീണ്ടും പുറത്തിറങ്ങി. (ഇപ്പോള്‍ ചോറ് ഉണ്ടാക്കിയത് "മാണിക്യന്‍" ആണ് എന്ന് അവന്‍ ആണയിട്ടു പറഞ്ഞാല്‍ പോലും ഒരു കുഞ്ഞും വിശ്വസിക്കില്ല, അതാണ്‌ ഈ ഉള്ളവന്റെ മട്ടും ഭാവവും).
ഞാന്‍:- "മാണിക്യ" ഇന്ന് പരീക്ഷ വല്ലതുമുണ്ടോ ഡാ? (പരീക്ഷപ്പേടി ഉണ്ടായിട്ടൊന്നുമല്ല,എന്തു ക്ലാസ്സ്‌ടെസ്റ്റ്‌ ഒരു സാധ പോലീസുകാരനോട്‌ തായം കളിയ്ക്കാന്‍ താല്പര്യം ഇല്ല).
മാണിക്യന്‍:- ഓ പരീക്ഷ ഉണ്ടെങ്കില്‍ നമുക്കെന്താ അളിയാ?(ഹാവു ആശ്വാസമായി, ലോകത്ത് ചേരണ്ടതെ ചേരു എന്ന ആപ്തവാക്യം അര്‍ത്ഥവത്താക്കിയ സഹ മുറിയന്മാര്‍).
ഞാന്‍:-ഇന്ന് ആ "കൂതറ ദാസ്" ഉണ്ടോ?(അധ്യാപകനെ അങ്ങനെ സംബോധന ചെയ്തത് തെറ്റാണെന്ന് ഇന്ന് മനസിലായി).
മാണിക്യന്‍:- ആ വിദ്വാന്‍ എന്നും കാണും. (ഗദ്ഗദം മത്തങ്ങാ തലയന്‍)
ഞാന്‍:- ഇന്ന് ഉച്ചക്ക് വരപ്പാണോ?
മാണിക്യന്‍:-പൊന്നളിയ, നിന്നെ സമ്മതിക്കണം. ഇന്ന് പ്രൊജക്റ്റ്‌ ആടാ പ്രൊജക്റ്റ്‌ (ഹും പ്രൊജക്റ്റ്‌ ആണെത്രെ പ്രൊജക്റ്റ്‌ (കയര്‍ മാറ്റ്‌ ട്രെസ്സിംഗ് മെഷീന്‍,ആ കഥ ഞാന്‍ പറഞ്ഞാല്‍ എന്നെ അവന്മാര്‍ (പ്രൊജക്റ്റ്‌ ടീം) തന്നെ തല്ലും).
ഞാന്‍:- അളിയാ ഞാന്‍ ഉച്ചക്ക് "സ്കൂട്ട്" ആകും
മാണിക്യന്‍:- അതെന്താട "പ്രതീക്ഷ" യില്‍ പടം മാറിയോ? ( "പ്രതീക്ഷ" ആലപ്പുഴക്കാരോട് പറഞ്ഞു മനസിലാക്കുന്നത്‌ "വലിയ ഒരു തമാശ" ആയിരിക്കും)
(ആലപ്പുഴക്കാര്‍ അല്ലാത്ത മാന്യ വായനക്കാര്‍ക്ക്‌ "പ്രതീക്ഷ" പേര് പോലെ തന്നെ മനുഷ്യനെ പ്രതീക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി  (പണ്ട്) സ്ഥിരമായി അശ്ലീല ചിത്രങ്ങള്‍ മാത്രം ഓടിക്കൊണ്ടിരുന്ന ഒരു സി ക്ലാസ്സ്‌ "സിനിമ ടാക്കീസ്".
(പടം മാറിയോ! ഹേ നമ്മളറിയാതെ അങ്ങനെ ഒരു പടം മാറ്റം,"നോ ചാന്‍സ്")
ഞാന്‍:-ഹേയ് ശിവ ശിവ നീ ഇല്ലാതെ ഞാന്‍ ഒറ്റയ്ക്ക് "പ്രതീക്ഷ" യില്‍!
ഇല്ലെട. "അമ്മയുടെ വീട്" വരെ ഒന്ന് പോണം. (കള്ളമാണ് പക്ഷെ സദുദ്ദേശം ആയതു കൊണ്ടു "മാണിക്യന്‍" വന്നാല്‍ ശരിയാകില്ല, സൂത്രത്തിലുള്ള ഒഴിവാക്കലിനു പലപ്പോഴും ഞാന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് "അമ്മയുടെ വീട്").

മാണിക്യന്‍ കുളിതുടര്‍ന്നുകൊണ്ടിരിക്കെ, ഞാന്‍ ബീഡി വലി പൂര്‍ത്തിയാക്കി, ബ്രഷ് ചെയ്യാന്‍ ആരംഭിച്ചു. പിന്നെ കുളി തേവാരം ചന്തം ചാര്‍ത്തല്‍ (ക്നാനായ സഭയുടെ ഒരു കല്യാണ ആചാരമാണ്) ഇത്യാദി കാര്യങ്ങള്‍ ഒരു "അടൂര്‍" ചിത്രം പോലെ ആണ്  പൂര്‍ത്തിയായത്. (ഡയലോഗ് ഇല്ലാതെ) ഇനി ഞങ്ങളുടെ  സ്വന്തം "ഫൈവ് സ്റ്റാര്‍ തട്ടുകട" (കാര്‍ത്താസ് കപ്പക്കട) പുട്ടും കടലയും (നാവില്‍ ഇപ്പോഴും ആ രുചി നില്‍ക്കുന്നു) പിന്നെ ഒരു അടിക്കാത്ത ചായ. (പറ്റ് ആയതു  കൊണ്ടു തല്ക്കാലം പൈസ കൊടുക്കേണ്ട കാര്യമില്ല മുജ്ജന്മ സുകൃതം).

പ്രാതല്‍ കഴിഞ്ഞു, റൂമില്‍ എത്തി ബാക്കി കലാപരിപാടികള്‍ ആരംഭിക്കണം. ബുക്ക്‌,പുസ്തകം,ചോറ് (ബുക്കും,മിനി ദ്രാഫ്റ്റെര്‍ ഉം എന്തിനധികം പറയുന്നു,പേന മറന്നാലും"ചോറ്" മറക്കില്ല). (ചോറ് ഞങ്ങള്‍ കൊണ്ടു പോകുന്നത് ഒരു കലയാണ്‌, ആദ്യം ഒരു textile കവര്‍ നന്നായി കീറി അത് വൃത്തിയായ്‌ തുടച്ച്, പിന്നെ ഒരു കലം ചോറ് (നാഴി അളവ് അറിയാത്തത് കൊണ്ടു കൃത്യമായി പറയാന്‍ പറ്റില്ല) ഒറ്റത്തട്ട്. പിന്നെ അത് ഒരാളുടെ ഡ്യൂട്ടി ആണ് "ചുമന്ന്‌" കോളേജില്‍ എത്തിക്കല്‍. അയാളുടെ ബുക്ക്‌ ചുമക്കല്‍ ബാക്കി ഉള്ളവരുടെ ജോലി ആണ്).

കോളേജില്‍ ക്ലാസ്സ്‌ തുടങ്ങാന്‍  ഇനി പത്തു മിനിറ്റ് കൂടി കാണും (ആ സമയം ആണ് തിരക്കിട്ട പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത്). സമയം കഴിഞ്ഞു, ഇനി രക്ഷയില്ല ബോറന്മാര്‍ (അധ്യാപകര്‍) ഒന്നൊന്നായി ഇനി അരങ്ങില്‍ എത്തും (ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും അങ്ങനെ നീളുന്നു പട്ടിക). ക്ലാസ്സ്‌ ഒന്ന് "ഇഷിക്കാവ". സ്വയം സംരഭകരാകാന്‍ പ്രാപ്തനാക്കിയെടുക്കുക,
"നടന്നത് തന്നെ...." ശ്രദ്ധയോടെ ആണ് ഇരിക്കുന്നത് എന്ന് ഉറപ്പു വരുത്തി, പക്ഷെ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവന്‍ കടിഞ്ഞാന്‍ ഇല്ലാത്ത കുതിരയെ പോലെ ഗദകാല സ്മരണകളിലൂടെ "അശ്വമേധം" നടത്തുകയാണ്.
ഉറക്കം തൂങ്ങുന്ന "സല്‍ഫോ",ശംഭു വെക്കാന്‍ അവസരം കാത്തിരിക്കുന്ന "ഗോപന്‍" ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന ഭാവത്തില്‍ "ഫ്ലൂച്ചന്‍"പിന്നെയും ഉണ്ട് എണ്ണമറ്റ മറ്റു പല വിദ്വാന്‍ മാരും. ഇവര്‍ക്ക് ഒക്കെ ഒത്ത നടുവില്‍ "ദാദ സാഹിബ്" (ഡൊമനിക് സാര്‍). അയ്യോ രക്ഷപ്പെട്ടേ (ക്ലാസ്സ്‌ കഴിഞ്ഞ സന്തോഷത്തില്‍ സനല്‍ ആണ് കമന്റ്‌ പാസ്സാക്കിയത്). ഇനി "രണ്ടാം ഊഴം" തെര്‍മല്‍ ടെക്നോളജി ക്ലാസ്സ്‌ എടുക്കുന്നത് മറ്റാരുമല്ല,എന്‍റെ അക്കാലത്തെ ഒരേയൊരു ശത്രു സാക്ഷാല്‍ ബിജുദാസ്. (ശത്രുതയുടെ കഥ മറ്റൊരു അവസരത്തില്‍ പറയാം). "ഗുഡ് മോര്‍ണിംഗ് സാര്‍" ക്ലാസ്സില്‍ ഉയര്‍ന്ന ശബ്ദം ആള്‍ക്ക് കോള്‍മയിര്‍ കൊണ്ടോ എന്നൊരു സംശയം, ആ.. ഇനിയെന്ത് ആപത്തു വരാന്‍,വന്നിരിക്കുന്നത് തന്നെ അല്ലെ ഏറ്റവും വലിയ ആപത്ത്. പുള്ളിക്കാരന്‍ സ്വയം വിശ്വസിക്കുന്നത് "ഖുര്മി ഗുപ്താ" (തെര്‍മല്‍ ടെക്നോളജി യിലെ അതികായന്‍) ആണെന്നാണ്. കാര്യമായ പരിക്കില്ലാതെ അങ്ങനെ "അവനും" വീണു മരിച്ചു. ഇനി പത്തു മിനിറ്റ് ടീ ബ്രേക്ക്‌ ആണ് സ്വസ്ഥം സുഖം സമാധാനം.
ക്ലാസ്സിന്‍റെ പുറത്തു കടന്ന് ഓരോരുത്തരും അവരവരുടെ സ്ഥാനം ഉറപ്പിച്ചു. അതാ വരുന്നു സുന്ദരികള്‍ (പേര് പറയുന്നില്ല കാരണം പലരും ഇപ്പോള്‍ പലരുടേയും ഭാര്യമാര്‍ ആയി സ്വച്ചന്ദ  ഗൃഹഭരണം നടത്തുന്നു. ഇനി ഞാനായിട്ട് ഒരു കുടുംബ കലഹത്തിനില്ല) നയനാനന്ദകരമായ "പൂച്ച നടത്തം" (ഒരു സ്വകാര്യം,സാധാരണയായ് മെക്കാനിക്കല്‍ പിള്ളേരെ കാണുമ്പോള്‍ സുന്ദരികളുടെ "അന്നനട"ക്ക് ഇത്തിരി കൊഴുപ്പ് കൂടാറുണ്ട്, അതിനു കാരണവും ഉണ്ട്. മരുഭൂമിയിലെ മരുപ്പച്ച പോലെ ആണ്ടിലും ചങ്ക്രാന്തിക്കുമാണ് മെക്കാനിക്കലില്‍ ഒരു പെണ്‍ തരി പഠിക്കാന്‍ എത്തുന്നത്. ആയതിനാല്‍ ഈ ഉള്ളവന്‍ ഉള്‍പ്പടെ ടി വിഷയത്തില്‍ അല്പം മുന്‍പോട്ടാണ്. സൊള്ളാന്‍ കിട്ടാത്തത് കൊണ്ട് കണ്ടെങ്കിലും ആസ്വദിക്കാമല്ലോ, എന്നാല്‍ "നീയൊക്കെ കാണെടാ" എന്നാണ് അപ്പോഴത്തെ മഹിളാ രത്നങ്ങളുടെ ഭാവം). കണ്ണിനു കുളിര്‍മ്മ, മനസ്സിന് ആശ്വാസം. പൊടുന്നനെയുള്ള ആക്രാന്തത്തില്‍ മൂത്രം ഒഴിക്കണം എന്ന വികാരത്തിനു അല്പം വിശ്രമം നല്‍കാന്‍ തീരുമാനിച്ചു. സമ്മതിക്കില്ല എന്നുറപ്പിച്ച് ദാ മുന്നില്‍ സാക്ഷാല്‍ "നാദം".
നാഥ് :- മക്കളെ കാന്‍റീനില്‍ പോയി ചായ കുടിക്കാം? (കയ്യില്‍ കാശുള്ളവര്‍ ഭാഗ്യവാന്‍മാര്‍).

ഞാന്‍:- (ബിജോയ്‌ ഇപ്പോള്‍ കൂട്ടത്തില്‍ ഇല്ല) അവന്‍റെ കയ്യില്‍ "സാനി"ക്ക് കൈ കഴുകാന്‍ സോപ്പ് മേടിക്കാനുള്ള കാശ് കാണും, അതില്‍ നിന്ന് "ഉണ്ടന്‍ പൊരി " കീറാം (മൂവരും പരസ്പരം നോക്കി ചിരിക്കുന്നു)
നാഥ്:- ഇവന്‍ സോപ്പ് മേടിച്ചു സോപ്പ് മേടിച്ചു മിക്കവാറും ആരെങ്കിലും ഒക്കെ ആവും. (അച്ചന്‍ ആകും എന്നാണ് സാരാംശം) (കുറിപ്പ്:- ബിജോയും സാനിയും ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണ് അവരെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ).
ബിജോയ്‌:-എന്നാല്‍ പോകാം (ഞങ്ങള്‍ മൂവരും എപ്പോഴേ റെഡി) ചായയും, ഉണ്ടന്‍ പൊരിയും അകത്തു ചെന്നപ്പോള്‍, ഇത് ഞങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച ദൈവത്തിനു നന്ദി പറഞ്ഞില്ലങ്കില്‍ അത് ശരിയല്ല, എന്ന തോന്നല്‍ എനിക്കുണ്ടായി "അല്‍ഹമ്ദുലില്ലഹ് ".
മൂത്ര ശങ്ക കലശലായി, ഇനി കഴിഞ്ഞിട്ടേ ഉള്ളു മറ്റെന്തും. മൂത്രപ്പുരയെ ലകഷ്യമാക്കി മണ്ടുമ്പോള്‍ അതാ ആ നിലവിളി ശബ്ദം (ക്ലാസ്സ്‌ തുടങ്ങാന്‍ ഉള്ള മണി) കാര്യസാധ്യ ശേഷം ക്ലാസ്സിന്‍റെ വാതിലില്‍ എത്തിയപ്പോള്‍ "ആഹാ വന്നല്ലോ വനമാല" എന്ന ഭാവം പിള്ള സാറിനു.
ഞാന്‍:- "സാര്‍" (വന്നാലും ശിഷ്യ കടന്നു വന്നാലും എന്ന് പറയണേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു). സാര്‍:- ‍ഉം ഉം (മൂളലില്‍ തന്നെ എല്ലാം ഉണ്ട്). മോഹന്‍ലാല്‍ പറഞ്ഞത് പോലെ "ഡയ്നാമിക്സിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു നുമാറ്റിക്സിന്റെയും, ഹൈഡ്രോളിക്സിന്റെയും മൂര്‍ത്തീഭാവം  ആണ് സാറിന് അപ്പോള്‍. (എനിക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍) അങ്ങനെ തരക്കേടില്ലാതെ ആ ക്ലാസ്സ്‌ അവസാനിച്ചു. (താല്പര്യം ഉള്ളത് കൊണ്ട് ബോര്‍ അടിച്ചില്ല).

ഉച്ച ഭക്ഷണം, അതിനു മുന്‍പ് കറി സംഭരിക്കണം "വീട്ടില്‍ നിന്ന് അമ്മ സ്വന്തം മക്കള്‍ക്ക്‌" കൊടുത്തു വിടുന്ന കറികളില്‍ ഭൂരിഭാഗവും ഞങ്ങള്‍ ആണ് തട്ടുന്നത്. പ്രാകി കൊണ്ടാണ് പലരും തരുന്നതെങ്കിലും, ചിലര്‍ അങ്ങനെ അല്ല എന്നാണു വിശ്വാസം. അങ്ങനെ അല്ലേ? അല്ലെങ്കില്‍ തന്നെ നാണവും മാനവും ഉള്ളവര്‍ക്കല്ലേ ഇതൊക്കെ ചിന്തിക്കാന്‍ സമയം. ദൈവം സഹായിച്ച് ഇന്നേവരെ നാണം എന്ന വികാരം തൊട്ടു തലോടിയിട്ടില്ലാത്തത് കൊണ്ട്  ഈ ഉള്ളവര്‍ക്കെന്താ ചേതം.(ഇതൊക്കെയാണ് നമ്മുടെ പില്‍ക്കാല സ്മരണകള്‍ക്ക് ശക്തി പകരുന്നത്). വിശാലമായ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഞാനും കമ്പനികളും ചേര്‍ന്ന് തീറ്റമത്സരം  ആരംഭിച്ചു. ചോറില്‍ പല "വീട്ടില്‍" നിന്ന് ഉള്ള അമ്മമാരുടെ സ്നേഹം (സ്വന്തം മക്കളോട്) കൂടിയാകുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രുചി. മീന്‍കറി,പാവക്ക കൊണ്ടാട്ടം,മുട്ട പൊരിച്ചത്,അവിയല്‍,പരിപ്പുകറി,തേങ്ങാചമ്മന്തി....."ഹ എന്താ രുചി". ഇനി ഒരു സത്യം പറയട്ടെ, (ഇതുവരെ പറഞ്ഞത് കള്ളം അല്ല) ആ ക്യാമ്പസ്‌ ചരിത്രത്തില്‍ ഞാനും ആശാനും മാണിക്യനും ചേര്‍ന്ന് കഴിച്ച അത്രയ്ക്ക് കറികള്‍ ആരെങ്കിലും കഴിച്ചു എന്ന് പറയുന്നത് പച്ച കള്ളമായിരിക്കും. (ഇന്നത്തെ അവസ്ഥ അറിയില്ല).

ഇനി ഒന്ന് പുകക്കണം, അതിനു നമ്മുടെ സ്വന്തം "സാബു". (കോളേജിന്റെ അടുത്തുള്ള കടയാണ്. കടയാണോ? എന്ന് നിങ്ങള്‍ കണ്ടിട്ടുള്ളവര്‍ ചോദിച്ചാല്‍ എനിക്ക് ഉത്തരം മുട്ടും). എന്നാല്‍ നിങ്ങളുടെ അറിവിലേക്ക് ഇപ്പോള്‍ പഴയ "സാബു" അല്ല ഇപ്പോള്‍ ആള് "പുലിയാണ്").ഞാന്‍ :- സാബു ഒരു "വില്‍സ്". ആസ്വദിച്ചു പുക പുറത്തേക്ക് തള്ളി വിട്ടു കൊണ്ട് സൊറ പറഞ്ഞിരിക്കുന്നു. (സമയം രാജധാനി എക്സ്പ്രസ്സ്‌ന്റെ വേഗതയില്‍ പായുകയാണ്).

ഉച്ചക്ക് ഞാനും നാഥും  ചേര്‍ന്ന് ഒരിടം വരെ പോകാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, (നാഥ് അക്കാലത്തു സിഗരെറ്റ്‌ വലിക്കില്ല അതിനാല്‍ ഞങ്ങള്‍ "മോശക്കാരുടെ കടയില്‍" ഉച്ചക്ക് അവന്‍ വരാറില്ല).ഇനി അവനെ എത്രയും പെട്ടെന്ന് കണ്ടെത്തി ആലപ്പുഴക്ക് പോകണം. ഇടവപ്പാതി ആയതു കൊണ്ട് മഴപെയ്യാനും, മഴപെയ്യാതിരിക്കാനും (കാലാവസ്ഥാ പ്രവചനം) സാധ്യത ഉണ്ട്. പുകവലിക്ക് ശേഷം ക്ലാസ്സില്‍ എത്തുമ്പോള്‍ പ്രൊജക്റ്റ്‌ ടീം റെഡി. ധനീഷ്:- വാ വര്‍ക്ക്‌ ഷോപ്പിലേക്ക് പോകാം. പോകുമ്പോള്‍ അതാ  അവന്‍ നില്‍ക്കുന്നു(നാഥ്). ഞാന്‍:- ടാ ഒന്നരക്ക് പോണം. നാഥ്:-ഓക്കേ മച്ചു.
ഉച്ച കഴിഞ്ഞുള്ള അങ്കം "പ്രൊജക്റ്റ്‌" ആണ്. മുന്‍കൂട്ടി തീരുമാനം എടുത്തത്‌ പോലെ ഞാന്‍ സ്കൂട്ട് ആയി സാബുവിന്‍റെ കടയില്‍ എത്തി. ഒരു സിഗരറ്റ് കൂടി കത്തിച്ചു. ദാ അവന്‍ എത്തി, ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴയിലേക്ക് യാത്ര തുടങ്ങി. പോകുന്ന വഴിക്ക് ഞങ്ങള്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കി, ഒരു ജേഴ്സി സ്പോണ്‍സര്‍ ചെയ്യിക്കണം അതാണ്‌ കവികളുടെ ഉദ്ദേശം. സാധിച്ചാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം കോളേജില്‍ നിന്ന് ഒരു ഫുട്ബോള്‍ ടീം ഇന്റര്‍ കോളേജ് മത്സരത്തില്‍ പങ്കെടുക്കും. (ഇല്ലെങ്കിലും പങ്കെടുക്കും പക്ഷെ പഴഞ്ചന്‍ ജേഴ്സി ആയിരിക്കും എന്നെ ഉള്ളു). കടയില്‍ എത്തിയ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച ഒരു ഉത്തരം അല്ല ലഭിച്ചത്, അല്പം അമര്‍ഷം ഉണ്ടായെങ്കിലും പ്രതീക്ഷക്കു വകയുള്ള  ഒരു ഓഫര്‍ അയാളില്‍ നിന്ന് ലഭിച്ചു. അടുത്ത വര്‍ഷം ഉറപ്പായും സ്പോണ്‍സര്‍ ചെയ്യാം എന്ന്. (നമുക്ക് ഭാഗ്യം ഇല്ലെങ്കിലും അടുത്ത തലമുറയ്ക്ക് ഭാഗ്യം ഉണ്ടല്ലോ).പക്ഷെ പ്രതീക്ഷിക്കാത്തത് സംഭവിച്ചത് മനസ്സിനെ വല്ലാതെ ഉലച്ചു. "ഇതികര്‍ത്തവ്യത മൂഡന്‍" എന്ന് ഈ അവസ്ഥക്കായിരിക്കും പറയുക. അല്ലേനാഥ് അവന്റെ വീട്ടിലേക്കു യാത്ര പറഞ്ഞു പിരിഞ്ഞു, ഏകാന്തന്‍ ആയപ്പോള്‍ പിന്നെയും സങ്കടം കൂടിക്കൊണ്ടിരുന്നു, അതാ രംഗ ബോധം ഇല്ലാത്ത കോമാളിയായ്‌ മഴ. ഞാന്‍ ഓടി ബസ്‌ സ്റ്റേഷനില്‍ എത്തി.
പിന്നെ യാന്ത്രികമായ ഒരു യാത്ര, കൂനിന്മേല്‍ കുരു പോലെ ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയ്ക്ക് മേമ്പൊടി ആയി ഇടിയും, മിന്നലും. ആ മഴക്കും എന്നെ തണുപ്പിക്കാന്‍ ആയില്ല. കാരണം പോകുമ്പോള്‍ ഉള്ള അഹങ്കാരം തന്നെ.(ആരെയും നാക്ക് കൊണ്ട് അടിച്ചിടാം എന്നാണു അന്നുവരെയുള്ള എന്റെ ഭാവം). എല്ലാം കഴിഞ്ഞു ഒന്നും നടന്നില്ല, വിജയാശ്രീലാളിതന്‍ വീണിതാ കിടക്കുന്നു 'കടുകും കരിവേപ്പിലയുമായ്'.
"പോണാല്‍ പോകട്ടും പോടാ" ഇനി വരുന്നേടത്തുവെച്ചു കാണാം വണ്ടി മഴത്തുള്ളികളെ കീറിമുറിച്ചു ലകഷ്യ സ്ഥാനത്തേക്ക് പായുന്നു. (ഓര്‍ഡിനറി പായുമോ ആവോ!) സ്ഥലകാലബോധം തിരിച്ച് വന്നത് എസ്. ഡി. കോളേജ് ലെ സുന്ദരികള്‍ ബസ്സില്‍ കയറിയപ്പോഴാണ്, മുടിഞ്ഞ ഒരു യൂണിഫോം കാരണം പലപ്പോഴും മാനം കപ്പല്‍ കയറിയിട്ടുണ്ട്. ഇനി വല്ലാതെ നോക്കി കോളേജിന്റെ പ്രൌഡി കളയേണ്ട.(കാര്യം അതല്ല എങ്കിലും)എന്നാലും മനസ്സ് സമ്മതിക്കുന്നില്ല.(പ്രായം അതല്ലേ). കപ്പക്കടയില്‍ ഇറങ്ങാം വേണ്ട, അറവുകാട് "പണ്ടാരം" കോളേജിന്റെ മുന്നില്‍ മുഴുവന്‍ "സാത്താന്മാരും" ഉണ്ട്. ഇനി പുന്നപ്ര അത് തന്നെ സമാധാന മേഖല കാലക്കേടിന് കയ്യില്‍ കുടയും ഇല്ല. (അല്ല നീയെന്ത സുഹൃത്തെ പറയുന്നത് "കുട" പണ്ട് പെറ്റ തള്ള അമ്പത് വെട്ടം പറയും പുന്നാര മുത്തെ ആ കുടയും കൊണ്ട് പോടാ ...ഹോ ഈ അമ്മ ക്ക് ഒരു പണിയും ഇല്ലേ "കുടയും വടിയും ആയി ആരെങ്കിലും കോളേജില്‍ പോകുമോ?") (പില്‍ക്കാലത്ത് "കാലന്‍ കുട" യുമായി മതിവരുവോളം കറങ്ങി ആശതീര്ത്തിരുന്നു). മഴയെ അവഗണിച്ച് ബസ്സില്‍ നിന്ന് ഇറങ്ങി ഒറ്റ ഓട്ടത്തിനു വെയിറ്റിംഗ് ഷെഡില്‍.എവെരെസ്റ്റ് കീഴടക്കിയ ഹിലാരിയുടെ മനസ്സാണ് ഇപ്പോള്‍. ശരീരത്തിനും മനസ്സിനും ഒരു തണുപ്പ്, ഇനി എത്രയും പെട്ടന്ന് സാബുവിന്‍റെ ഹോട്ടല്‍. ഒരു ചായ,കടി പിന്നെ ഒരു വില്‍സ്.പക്ഷെ എങ്ങനെ, മഴതംബുരാന്‍ തകര്ത്താടുകയല്ലേ. സമയം നാലര ആയതേ ഉള്ളു, പക്ഷെ  കണ്ടാല്‍ ഒരു ആറരയുടെ ചേല്‍.
അതാ അവള്‍ വരുന്നു. ആരാ അവള്‍? എന്റെ കോളേജില്‍ തന്നെ പഠിക്കുന്ന ഒരു അന്നനടക്കാരി പെണ്‍കുട്ടി. ഇട്ടിരിക്കുന്ന വേഷം ക്രീം ഷര്‍ട്ട്‌ പിന്നെ ബ്രൌണ്‍ പാന്റ്സ്. (എന്റെയും വേഷം അത് തന്നെ) അന്ന് പെണ്‍കുട്ടികള്‍ ലാബ്,പ്രൊജക്റ്റ്‌,വര്‍ക്ക്‌ഷോപ്പ് എന്നിവയ്ക്ക് ടി വേഷം ആണ് ധരിക്കാറ്. മഴ ആയതു കൊണ്ട് നനഞ്ഞാണ് കക്ഷിയുടെ വരവ്, മഴ അവളെ അല്പം "സുന്ദരി" ആക്കിയോ? ശരീരത്തിന്റെ മൊത്തം വടിവുകളും കണ്ണാടി കൂട്ടിലെന്ന പോലെ നന്നായി തന്നെ കാണാം. "ത്രിപ്തിയായ് അഛാ ത്രിപ്തിയായ്" ഇന്ന് കണി കണ്ട മാണിക്യനെ നാളെയും കണി കാണണമേ ഈശ്വരാ. (എന്നും അവനെ തന്നെ ആണ് കണി കാണുന്നത്).അവള്‍ ആ ബസ്‌ സ്റ്റോപ്പ്‌ കടന്നു പോകുന്നത് ഞാന്‍ കണ്ണിമചിമ്മാതെ ചൂഴ്ന്നു നോക്കുകയാണ്, പെട്ടന്നാണ് ഒരു കൊള്ളിയാന്‍ പോലെ അവള്‍ എന്നെ തല തിരിച്ചു നോക്കിയത്. (എന്റെ നോട്ടത്തിനു കാന്ത ശക്തി ഉണ്ടെന്നു തോന്നുന്നു). ഇല്ല,അവള്‍ ഇങ്ങോട്ട്  വരുകയാണോ, ഭാഗ്യം. ബസ്‌ സ്റ്റോപ്പ്‌ല്‍ ഞാന്‍ അല്ലാതെ കുറച്ചു ഉറുമ്പുകള്‍ മാത്രം അവള്‍ വന്നു. (പടച്ചോനെ പരീക്ഷിക്കല്ലേ).

അവള്‍ :-എന്താ ഇവിടെ?
ഞാന്‍ :- ആലപ്പുഴവരെപ്പോയി. തിരിച്ചു വന്നപ്പോള്‍ നല്ല മഴ. കുടയില്ലത്തത് കൊണ്ട് ഇവിടെ ഇറങ്ങി.
അവള്‍ :- വരുന്നോ?(അങ്ങോട്ട്‌ എന്ന ഭാവത്തില്‍).
ഞാന്‍:-(പണി പാളി) ഇല്ല.മഴ മാറിയിട്ട് പൊക്കോളാം.
അവള്‍ :- (ഇല്ല എന്നെ വിടാന്‍ ഭാവമില്ല) ഇല്ല വരൂ ഞാന്‍ "സൂര്യ" ടെ അവിടെ വിടാം.
പടച്ചോനെ, ഇവള്‍ എന്നെ തല്ലു കൊള്ളിക്കും. പണ്ട് മുതല്‍ തന്നെ ഈ തല്ല്  എനിക്കൊരു പുത്തരി അല്ല. കൊണ്ടും കൊടുത്തുമാണ് ഇവിടേം വരെ എത്തിയത്. ഇനി പുന്നപ്രക്കാരുടെ തല്ലു കൂടി മേടിച്ചു തരും ഉറപ്പ്.
ഞാന്‍ :- പോന്നു മോളെ നീ പൊക്കോ. (വിടില്ല എന്ന ഭാവത്തില്‍ അവള്‍, "നീ എന്നെ നോക്കും എല്ലേ" എന്ന പ്രതികാര ദാഹവുമായി  നില്‍ക്കുന്നു "കള്ളിയങ്കാട്ടു നീലി").
അവള്‍ :- വാ, എന്തിനാ പേടിക്കുന്നത്? ഇപ്പോഴെങ്ങും മഴ മാറില്ല വാ.
ഞാന്‍ മനസ്സില്ലാമനസ്സോടെ കുടയില്‍ കയറി (ആഗ്രഹം അത് തന്നെ ആണ് എങ്കിലും........ നാട്ടുകാര്‍.....?) പണ്ട് വര്‍ഗീസ്‌ പറഞ്ഞത് പോലെ, "വികാരം വിവേകത്തിനു വഴിമാറും" തിരിച്ചും. അവള്‍ക്കു ലോകം കീഴടക്കിയ ഭാവം ആണെങ്കില്‍, എന്റേത് സിംഹക്കൂട്ടില്‍ അകപെട്ട മാന്‍ പേടയുടെ അവസ്ഥ.(സ്വതവേ ഈ വിഷയത്തില്‍ പെണ്‍കുട്ടികള്‍ ഇത്തിരി ധൈര്യം കാണിക്കും എന്ന് തോന്നുന്നു ശരിയാണോ?) ഏതായാലും നടപ്പ് തുടങ്ങി. മോശമല്ലേ, ഒരു പെണ്‍കുട്ടിയെ കൊണ്ട് കുട പിടിപ്പിക്കുക. ആയതിനാല്‍, അടിയന്‍ ആ കര്‍ത്തവ്യം വിനയപുരസ്സരം ഏറ്റെടുത്തു. ശരീരം ആകെ ഒരു കുളിര്‍മ. ഞാന്‍ ആകെ നനഞ്ഞു കുളിച്ചു.(അവള്‍ ആണെല്ലോ കുടയുടെ അവകാശി, അപ്പോള്‍ അവള്‍ക്കല്ലേ സിംഹഭാഗവും ചൂടാന്‍ ഉള്ള അവകാശം). കര്‍ത്താവേ! ഒരു വണ്ടി, സ്റ്റോപ്പ്‌ല്‍ വന്നു നിന്നു. എന്റെ ഹൃദയമിടിപ്പ്‌ ഇപ്പോള്‍ "മൈക്കില്‍ ജാക്ക്സണ്‍ന്റെ" മ്യൂസിക്‌ പോലെ ഉയര്‍ന്നു കേള്‍ക്കാം.(വണ്ടിയില്‍ അറിയാവുന്ന ഏതെങ്കിലും ഒരുവന്‍ ഉണ്ടായാല്‍........). ഇല്ല പക്ഷെ ഇറങ്ങിയവന്മാര്‍ കൃത്യം അവളുടെ ഉയര്‍ന്ന "മാറിടത്തില്‍" തന്നെയാണ് നോക്കുന്നത്. (അവന്മാര്‍ ചിന്തിക്കുന്നത് എനിക്ക് അല്ലാതെ മറ്റാര്‍ക്കറിയാം). ഏതായാലും അവളുമായി തൊട്ടുരുമ്മി ഉള്ള നടത്തം, എന്നിലെ വികാരത്തെ ഉണര്‍ത്താന്‍ തുടങ്ങി. ഈ നിമിഷം ഒരിക്കലും അവസാനിക്കരുതെ.......

നടപ്പില്‍ ഞാന്‍ അവളോട്‌ പലതിനെയും പറ്റി ചോദിച്ചു. അതില്‍നിന്നു ഒരു കാര്യം ഉറപ്പായി, സംഭവം "ലത്‌" തന്നെ. ഇനി ദൈവത്തിന്റെ തീരുമാനം, അതാണ്‌ എങ്കില്‍ നടക്കട്ടെ. (വിധിയെ തടുക്കാന്‍ ചെക്കാളക്കും ആവില്ലല്ലോ).

അതാ "വായില്‍ നോക്കികളുടെ" സംസ്ഥാന സമ്മേളനം. സാബു ,റെജി, മധു ...... അങ്ങനെ നീളുന്നു പ്രദേശവാസികളും,വായില്നോക്കികളും, കാമുകന്മാരും. ഇനി ധൈര്യം വിടരുത്, അവള്‍ ഇപ്പോള്‍ കുളി കഴിഞ്ഞു ഈറന്‍ ഉടുത്ത് മുഴിപ്പും, തുടിപ്പും പുറത്ത് കാണിച്ച അവസ്ഥ. പിന്നെ അങ്ങനെ "പട്ടികള്‍" നോക്കാതിരിക്കും, സ്വന്തം കാമുകിയുടെ നഗ്നത കാണുന്നത് കാമുകന് സഹിക്കുമോ?(പ്രേമം വരാന്‍ വലിയ താമസം ഒന്നും  വേണ്ട ചങ്ങാതി), ഞാന്‍ സാബുവിന്‍റെ കടയില്‍ കയറാന്‍ തയ്യാറായി. അപ്പോള്‍, അവള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. തോളില്‍ കിടന്ന ബാഗില്‍ നിന്ന് ഒരു ഗിഫ്റ്റ് പുറത്തെടുത്തു. (ഹോ! ബോംബ്‌ ആണോ? എന്ന വ്യാജേന ആണ് എല്ലാവരും നോക്കുന്നത്). എനിക്കും ആകാംഷയായ്,അത് മേടിച്ചാല്‍ "അടി", മേടിചില്ലെങ്കില്‍ നീയാണോ "കാമുകന്‍". (മനസ്സ് ചോദിച്ചു അളിയാ, ത്രിശങ്കുവിലാണോ? പിന്നെ കല്പിച്ചു, മേടിക്കെട ഭീരു). പിന്നെ ഒന്നും നോക്കിയില്ല. ഞാന്‍ ആ സ്നേഹ സമ്മാനം പൂര്‍ണ്ണ മനസ്സോടെ സ്വീകരിച്ചു . അവള്‍ യാത്ര പറഞ്ഞു പോകുമ്പോള്‍, എന്തോ ഒന്ന് കൈവിട്ടത് പോലെ.


സാബു ഒരു ചായ, (നാട്ടുകാരി പെണ്ണിനോട് ആണോട നിന്റെ കളി? എന്ന മുഖഭാവം). ഡാ നിനക്ക് സിഗരെറ്റ്‌ വേണ്ടേ? (സാബു ഒരു നല്ല കച്ചവടക്കാരന്‍ തന്നെ). വേണം സാബു, ഒരു കടിയും കൂടി.
സിഗരെറ്റ്‌ കത്തിയമരുന്നു, ഒരാള്‍ക്കും മിണ്ടാട്ടം ഇല്ല. നിശബ്ദതയുടെ നിമിഷങ്ങള്‍, പക്ഷെ എല്ലാവര്ക്കും നിര്‍വൃതി. കന്നി പെണ്ണിനെ കണ്‍ കുളിര്‍ക്കെ കണ്ട ആനന്ദ നിര്‍വൃതി.