Thursday, 11 June 2015

മഴയേ..........

മഴയേ..........നിനക്കിനി പെയ്യുവാനാവില്ലേ 
എനിക്കുവേണ്ടി വീണ്ടുമെനിക്കുവേണ്ടി.

തുള്ളിക്കൊരു കുടം പോൽ നീ പെയ്തനാൾ
ഓടിയെൻ അച്ഛൻറെ കയ്യിൽ പിടിച്ചതും 
പേടിച്ച് ഞാൻ പിന്നെ പൊട്ടിക്കരഞ്ഞതും.




















മഴയേ..........നിന്നിലെ രൗദ്രഭാവം എൻ ബാല്യങ്ങളിൽ
ഭയം വിതച്ചിരുന്നത് ഇന്ന് ഞാനറിയുന്നു.

കമ്പിളി പുതപ്പിനുള്ളിൽ ഞാനൊളിച്ചതും 
എൻ അമ്മയുടെ ഓരം ചേർന്നുറങ്ങിയതും.
ഞാനറിയുന്നു ഇന്ന് ഞാനറിയുന്നു.

മഴയേ..........നിനക്കുള്ള ശാന്തഭാവം എൻ കൗമാരങ്ങളിൽ 
പ്രണയം നിറച്ചിരുന്നത് ഇന്ന് ഞാൻ കാണുന്നു. 

ഒരുകുടക്കീഴിൽ ഞാനുമെൻ പ്രാണനും
പിന്നിട്ട വഴികളും തൊടികളും പാടങ്ങളും
ഞാനോർക്കുന്നു ഇന്ന് ഞാനോർക്കുന്നു.


















മഴയേ..........നിറങ്ങളിൽ ഞാനെൻറെ യൗവ്വനം കാണുന്നു
പെയ്തൊഴിഞ്ഞ നിൻ നഷ്ടബോധത്തിൻറെ ചിന്തകൾ.

കൊതിയുണ്ടെനിക്ക് നിന്നിലലിയാൻ.....
കൊതിയുണ്ടെനിക്ക് നിന്നിലമരാൻ.....
കൊതിയുണ്ടെനിക്ക് നീ എന്നെ തലോടാൻ.....

മഴയേ..........നിനക്കിനി പെയ്യുവാനാവില്ലേ 
എനിക്കുവേണ്ടി വീണ്ടുമെനിക്കുവേണ്ടി.

Friday, 22 May 2015

രാജാവ്

എടാ രാജാവേ !!!! സുരേഷും രമേഷും ഒന്നിച്ച് തിരിഞ്ഞുനോക്കി അതാ മുറ്റത്ത്‌ രണ്ട് മൈന.മഞ്ഞനിറത്തിലുള്ള ചുണ്ട് തവിട്ട് തൂവലുകൾ.ഹ ഹ ഹ എന്നാൽ എങ്ങനെ ഒന്നും അല്ല.ഇപ്പോൾ എനിക്ക് ഈ വിളി ഒരു അരോചകം ആയി തോന്നാറെയില്ല.കാരണം ഞാൻ ഈ പേരിന് ഉടമയായിട്ടു കൊല്ലങ്ങൾ എത്ര കഴിഞ്ഞു.പണ്ടൊക്കെ ഈ പേര് കേൾക്കുമ്പോൾ ഹോ എൻറെ അമ്മോ, പെരുവിരലിൽ നിന്ന് "കലി"ഇരച്ച് കേറി ഇങ്ങ് വരും. പിന്നെ നാവിൽ നിന്ന് പൂരപ്പാട്ടും,ചിലപ്പോഴൊക്കെ ഒരുപക്ഷേ അടിയും ഇടിയും വരെ കൂടിക്കാണണം എൻറെ കൂട്ടുകാരിൽ പലരുമായി.

ഇതൊന്നുമല്ലാതെ,എൻറെ നാടിന് വേറൊരു പ്രത്യേകത കൂടിയുണ്ട്.ഇരട്ടപ്പേരില്ലത്തവർ വളരെ കുറവായിരിക്കും.അതിന് പ്രായം ഒരു തടസ്സമാണെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടേയില്ല.ദിവസേന പരസ്പരം കാണുന്നവർ,ഒരുപക്ഷെ അവരുടെ അസാന്നിധ്യത്തിൽ "അവരെ" വിളിക്കുന്നത്‌ വരെ അങ്ങനയുള്ള "ആ പേരിൽ"തന്നെ എന്നത് നൂറുശതമാനവും നഗ്നസത്യവുമാണ്.

ഇനിയിപ്പോൾ നിങ്ങളോർക്കും ഒരു പേരിൽ എന്തിരിക്കുന്നു.അല്ലേ ?ഹും എന്തിരിക്കുന്നു!!!!! പലതും ഉണ്ട് സുഹൃത്തുക്കളെ പലതും.അതനുഭവിക്കുമ്പോൾ അറിയാം,അതിൻറെ ഒരു ഒന്നൊന്നര സുഖം. പണ്ടൊക്കെ വലിയ തട്ടുപൊളിപ്പൻ"പ്ലാൻ"ഇട്ട് വായിൽ നോക്കുമ്പോൾ ആയിരിക്കും ആ സുന്ദരമായ വിളി വരുന്നത്.ഹാവു ...........അപ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ഉണ്ട്,പിന്നെ വിളിച്ച ആ"പോക്രി"യുടെ തല കല്ല്‌ കൊണ്ട് ഇടിച്ച് പൊട്ടിക്കാനുള്ളതരം ഒരു "ഹാലിളകും". അത് മാത്രമോ, അന്ന് ഇന്നത്തെ പോലെ "മൊബീലും,ലാപ്പ് കോപ്പും" ഒന്നുമില്ല. കഷ്ടപ്പെട്ട് വർഷങ്ങൾ പുറകെ നടന്ന് വേണം ഒരു "മൊഞ്ചത്തീനെ" ഒന്ന് വളക്കാൻ,ഒരു വിധം അവൾ വളഞ്ഞു എന്ന് നമുക്ക് തോന്നുമ്പോൾ ആയിരിക്കും, "മുതലാളി" മാരുടെ കൈസഹായം. അന്ന് വരെ ഇട്ട ജീൻസ്, ടീഷർട്ട് എന്തിന്;അന്ന് വരെ അവൾക്ക് വേണ്ടി പുകച്ച് തള്ളിയ വിൽസ്,എന്ന് വേണ്ട മുഴുവനും"കട്ടപ്പുക".ഇനി  ഇപ്പോൾ എല്ലാം ഒന്നേന്ന് തുടങ്ങണം.

ഇനി എങ്ങനെയാണ് നമുക്ക് ഇത്ര നല്ല"വട്ടപ്പേര്"കിട്ടുന്നത് എന്നറിയേണ്ടേ, വേണം....അത് ഒരു ഇമ്മിണി വലിയ സംഭവം ആണ്. 

ഇപ്പോൾ അതോർക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു, അപ്പോൾ ആ പേരിട്ട "സാജൻ" എന്തുമാത്രം ചിരിച്ച് കാണും.മോനേ സാജാ;നന്ദിയുണ്ടെടോ ഒരുപാട് ഒരുപാട് നന്ദി.



പഴയ "റോബർട്ട്‌ ബ്രൂസ്" രാജാവിൻറെ കഥ വിവരദോഷികൾക്ക് പറഞ്ഞ് കൊടുത്തത ഞാൻ ചെയ്ത തെറ്റ്,നിങ്ങൾക്ക് അറിയാമോ ഞാൻ ഈ പറഞ്ഞ ആ "സാധനത്തിനെ" ഇല്ലേ? ഇനിയിപ്പോൾ അറിഞ്ഞിട്ട് എന്ത്. കിട്ടേണ്ടത് എനിക്ക് നല്ല"ഭേഷ"കിട്ടി. മൂപ്പര് യുദ്ധം ചെയ്ത് പരാജയപെട്ട് ഗുഹയിൽ ആരും കാണാതെ ഒളിച്ച് താമസിക്കുന്ന കാലം,തോൽവിയുടെ പാപഭാരം പേറി കഴിയുമ്പോൾ അങ്ങോർ ഒരു ചിലന്തി വലകെട്ടുന്നത് കണ്ടുപോലും..........ഹോ നമ്മൾ വല്ലതുമാണ് അതിനെ കാണുന്നതെങ്കിൽ,അപ്പോൾ തന്നെ ചവിട്ടി അരച്ചേനെ ആ എട്ട്കാലി മമ്മൂഞ്ഞിനെ.



പക്ഷേ അയാൾക്ക് അത് തോന്നുമോ, ഇല്ല.ഒരിക്കലും തോന്നില്ല. കാരണം എനിക്ക് പടച്ചോൻ കരുതിവെച്ച പേരല്ലേ; അപ്പോൾ പിന്നെ ഒരു കാരണവശാലും ദൈവം അയാൾക്ക് അത് തോന്നിപ്പിക്കില്ല സത്യം. മറിച്ച് പുള്ളി എട്ട് പ്രാവശ്യം പരാജയപ്പെട്ട എട്ടുകാലിയെ മാതൃക ആക്കി "പൊരുതി" യുദ്ധം ജയിച്ചു ഇതിന് കാലം സാക്ഷി ചരിത്രം സാക്ഷി.




മേൽപ്പറഞ്ഞ "പൊരുതൽ" ആണ് ഇക്കഥയിൽ എനിക്ക് വിന ആയത്, കാരണം; ചടുലമായ എൻറെ ആ അവതരണം; പിൽക്കാലത്ത് "ഹിറ്റ്ലർ" എന്ന സിനിമയിൽ ജഗദീഷ് അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. അന്ന് ഞാൻ രണ്ട് കയ്യും നീട്ടി  ആ പേര് ശിരസ്സാവഹിച്ചു. "രാജാവ്". ദ കിംഗ്‌ ഓഫ് പട്ടത്തിമുക്ക്.





ഒരിക്കൽ കൂടി അതിനെന്നെ സഹായിച്ച "പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ"റോബർട്ട്‌ ബ്രൂസിനും,"ഒടുക്കത്തെ ക്ഷമയോടെ" എട്ടുകാലിവല പൂർത്തിയാക്കിയ ആ പന്ന പരട്ട ചിലന്തിക്കും കമ്മറ്റിയുടെ പേരിലും എൻറെ സ്വന്തം പേരിലും ഈയുള്ളവൻ നന്ദി രേഖപ്പെടുത്തുന്നു.

ഇപ്പറഞ്ഞത് നാട്ടിലെ എൻറെ"ഹിറ്റ്‌"പേര് ഇനി ആദ്യം ആയി എനിക്ക് കിട്ടിയ വിളിപ്പേര്,അത് മറ്റാരുമല്ല എൻറെ  സ്വന്തം അമ്മ,കനിഞ്ഞ്‌ നല്കിയ പേര് "കാശി". ആയതിനാൽ ഇനിയുള്ള കാലം "കാശി" എന്ന് എന്നെ വിളിക്കാനുള്ള അവകാശം എൻറെ മാതാവിനും,പെങ്ങന്മാർക്കും തുല്യമായി വീതിച്ചു നല്കുന്നു.

എൻറെ ചിന്നമ്മ നല്കി എനിക്ക്‌ മറ്റൊരു പേര്, അതും ചിറ്റക്കും,ചിറ്റയുടെ കുടുംബക്കാർക്കും വിളിയവകാശം നൽകികൊണ്ട് ഞാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അത് മറ്റൊന്നുമല്ല "കൊച്ചുമോൻ".അതെ എന്നെക്കണ്ടാലും പറയും "കൊച്ചുമോൻ" എന്ന് അല്ലേ .....ആ

ഇനിയുമുണ്ട് രസകരമായ പല പേരുകളും, വീട്ടുകാർക്ക് ദേഷ്യം വരുമ്പോൾ എന്നെ എൻറെ അപ്പനും,അമ്മയും,പെങ്ങന്മാരും,അനിയന്മാരും ഒക്കെ വിളിക്കുന്ന നിലനിൽക്കാത്ത ചെറുകുമിളകൾ പോലുള്ള  പലപല പേരുകൾ. ഹോ അതൊക്കെ കേട്ട് നിങ്ങൾ; ഛെ! ഞാൻ,ഒരുപാട് അങ്ങ് സുഖിക്കേണ്ട കേട്ടോ. പിന്നെ എൻറെ പൊണ്ടാട്ടി, "ഈ മനുഷ്യന് നാണമില്ലേ ബാക്കിയുള്ളവരെ കൂടി നാറ്റിക്കാൻ"എന്ന് നിർബന്ധപൂർവ്വം പറഞ്ഞതുകൊണ്ടും ഈ അവസരം ഞാനത് പറയുന്നില്ല.




നിങ്ങളിൽ പലർക്കും ആസ്വദിക്കാൻ പറ്റാത്ത, എന്നാൽ പിൽകാലത്ത് നമ്മുടെ നനുത്ത ഓർമ്മകൾക്ക് ചൂട് പകരുന്ന ഒരു കലാലയ ഹോസ്റ്റൽ ജീവിതം ഉണ്ട്. ഓർക്കുമ്പോൾ കൊതിയാവാറുണ്ട്,ഒരിക്കൽ കൂടി അങ്ങനെ ഒരു കാലം. കിട്ടില്ലെന്ന് പൂർണ്ണ ബോധ്യം ഉണ്ടെങ്കിലും.

എൻറെ ഹോസ്റ്റൽ ജീവിതം എട്ടാം ക്ലാസ്സ്‌ മുതൽ തുടങ്ങി. അപ്പോൾ തന്നെ നിങ്ങൾക്ക് എന്നെ പറ്റി ഒരു മുൻധാരണ ഉണ്ടായിക്കാണും,ഞാൻ വളരെ മോശം ആയിരുന്നു എന്ന്. പിന്നെ പൊക്കോണം, എനിക്ക് ബോർഡിംഗ് സ്കൂളിൽ പഠിക്കണം എന്ന് വാശിയുള്ളത് കൊണ്ട് എൻറെ അപ്പൻ എന്നെ അവിടെകൊണ്ട് ചേർത്തു എന്നതാണ് സത്യം.




"പെടപ്പൻ" എന്ന അപര നാമത്തിൽ ആണ് എട്ടാം ക്ലാസ് മുതൽ പത്ത് വരെ
ഞാൻ അവിടെ അറിയപ്പെട്ടിരുന്നത്. അത് എനിക്ക് കനിഞ്ഞു നല്കിയ പ്രിയ സുഹൃത്തുക്കളെ ഈ അവസരം ഞാൻ സ്മരിക്കുന്നു.അത് ലഭിക്കാനുള്ള കാരണം ഒരുപക്ഷേ ഞാൻ അല്പം "സ്പീഡ്" കൂടുതൽ ഉള്ള ആളായത് കൊണ്ടാവാം എന്ന് ആത്മ  പരിശോധന നടത്തുന്നു.



 
ഇനി പൊതുവെ കോളേജ് റാഗിംഗ് എന്ന പേക്കൂത്ത്, മാനസീകമായും ശാരീരികമായും ഞാൻ അനുകൂലിക്കാത്ത കലാലയത്തിലെ ഒരേയൊരു കാട്ടിക്കൂട്ടൽ, അതിൻറെ ഭാഗമായി ആദ്യത്തെ ആറുമാസം എനിക്കും കിട്ടി നല്ല ഒരു "അടൾട്സ് ഒണ്‍ലി" നാമധേയം ലേശം അസഹിഷ്ണുതയോടെ ആണ് എങ്കിലും ഭാഗികമായി ഞാൻ അതിനോട് സമരസപ്പെട്ടു.പെട്ടന്ന് തന്നെ കാലഹരണപ്പെട്ട ആ നാമം "രുദ്രവാണൻ" എന്നായിരുന്നു.

ക്ലാസ്സിൽ എന്നെ, എൻറെ സ്വന്തം കൂട്ടുകാർ "താമരാക്ഷൻ" എന്ന് വിളിച്ചുപോന്നു.അത് എൻറെ "ഷമീർ ഹുസൈൻ" എന്ന പേരിൻറെ വകഭേതം ആയിട്ടാണ് ഞാനും,അങ്ങനെ വിളിച്ചിരുന്ന "കാപെറുക്കികളും" കണ്ടിരുന്നത്‌. 

മറ്റുള്ളവരുടേതു പോലെ ഓരോ ചെല്ലപ്പേരിനും അതിൻറേതായ ഒരു സുഖം ഉണ്ടായിരുന്നു എന്നുള്ളത് പച്ചപരമാർത്ഥം. ഇക്കാലയളവിലൊന്നും വിവേകം വികാരത്തിന് അടിമപ്പെടതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു,ആയത് കൊണ്ട് എൻറെ പല നല്ല സുഹൃത്തുക്കളും ഇപ്പോഴും എന്നെ അങ്ങനെ തന്നെയാണ് വിളിക്കാറ് എന്നുള്ളത് അത്യധികം സന്തോഷത്തോടെയും,നിറഞ്ഞ മനസ്സോടെയും കാണുന്നു.




ജൂനിയറിൽ നിന്ന് സീനിയറിലേക്കുള്ള എൻറെ ദൂരം എന്നെ "കടുവ" എന്ന പേരിനർഹനാക്കി അത് കടുവയുടെ സ്വഭാവം ഉള്ളതുകൊണ്ടല്ല പിന്നയോ? അരങ്ങ് തകർത്ത് വാഴുന്ന കലാലയ ജീവിതത്തിലെ മറ്റൊരു സുന്ദര മൂഹൂർത്തം സമ്മാനിച്ച സ്നേഹ സമ്മാനം.



ഇനിയും എത്രയെത്ര മനോഹരമായ വിളിപ്പേരുകൾ നിങ്ങൾ ഓർക്കുന്നുണ്ടാകും,അതുപോലെ ഞാൻ നിങ്ങൾക്ക് എത്ര പേരുകൾ ഇട്ടിട്ടുണ്ടാകും,എന്തായാലും ആരും ഇനി കൂടുതൽ പേരുകളുമായി വന്ന് എന്നെ അങ്ങ് കളിയാക്കികൊല്ലാം എന്നൊന്നും വിചാരിക്കേണ്ട മക്കളെ.
ഇനി ഇവന് മാത്രമേ ഇത്രെയും പേരുള്ളോ? എന്നൊന്നും മാന്യവായനക്കാർ വിചാരിക്കേണ്ട.ഇത് വായിക്കാൻ വിധിക്കപ്പെട്ടവരുടെ പേരുകൾ അവർ മനസ്സിൽ ഓർക്കട്ടെ എന്നൊരു ഓർമ്മപ്പെടുത്തലോടെ."നുമ്മ ഇതൊക്കെ എത്ര കണ്ടതാ കുമ്പാരി" എന്ന മുൻ‌കൂർ ജാമ്യത്തോടെ ...............


               

Tuesday, 21 April 2015

ചക്ക

ഇന്നലെ ഞാൻ കുറെ നാളിന് ശേഷം ചക്ക തിന്നു.വലിയ രുചി ഒന്നും തോന്നിയില്ലേലും,ആ മണം,നൊസ്റ്റാൾജിയ ഒക്കെ കൊണ്ട് ഒരു ആക്രാന്തം ഉണ്ടായിരുന്നു തിന്നാൻ. എനിക്ക് തോന്നുന്നു, നമ്മുടെ ചക്കയെ  മഴ ചതിച്ചു. അതാവാം ഒരു അരുചി.  എന്നാലും അവൻറെ ഒരു ഭാഗ്യമേ,പത്ത് നാലായിരം കിലോമീറ്റർ താണ്ടി,കടൽ കടന്ന് ഇങ്ങ് വന്നല്ലോ "കള്ള പൈലി ".ഇരിക്കട്ടെ ചക്കക്കുട്ടന് എൻറെ വക ഒരു വിപ്ലവാഭിവാധ്യം,ഇപ്പോഴാ ഓർമ്മവന്നത് ഒരു കാര്യം.

ആ ചക്ക,അതെ! ചക്കയുടെ കാര്യം പറഞ്ഞപ്പോഴാണ് പണ്ടത്തെ ഒരു ഏപ്രിൽ ഫൂൾ ദിനം ഓർത്തത്.അന്ന് ആരുടെ നെഞ്ചത്ത്‌ പൊങ്കാല ഇടണം എന്ന ആലോചനയുമായി നടക്കുന്ന കാലം.എന്നാൽ ഇങ്ങേർക്ക് തന്നെ കൊടുക്കാം,"ഒരു എട്ടിൻറെ പണി "


ഇനി പണി കൊടുത്ത കാര്യം കുറച്ച് പ്രായപൂർത്തി ആയവർക്ക് മാത്രമേ കേൾക്കാൻ പറ്റു. ആയതിനാൽ അത് അല്പം കഴിഞ്ഞ് പറയാം പോരെ? മതി.

ഇനി പണി കൊടുക്കാൻ ഉണ്ടായ പ്രചോദനം പറയാം.പണ്ട്,എന്ന് പറഞ്ഞാൽ ഒരു പത്തിരുപത് വർഷം മുൻപ്,ക്രിക്കെറ്റിന്റെ അതിപ്രസരം എന്നെയും എൻറെ കൂട്ടാളികളേയും ഒക്കെ മുച്ചൂടും മുടിച്ച ക്രിക്കറ്റ്‌ പ്രാന്ത്,എനിക്ക് ഇന്ന് കാണുന്നയീ  കളർ ഒന്നും അന്നില്ല,ഹ...ഹ...ഹ എന്നെ കൊണ്ട് ഞാൻ തോറ്റു, കളർ ആണത്രെ കളർ,അപ്പോൾ ഇതാണ് സാർ പറഞ്ഞ ആ കളർ, ഛെ! മൂഡ് കളയല്ലെ പൊന്നെ പറയട്ടെ, അങ്ങനെ എന്നെയും ക്രിക്കറ്റ്‌ "തൊഴിലായി" എടുത്ത സഹകളിക്കാരെയും ഒക്കെ കണ്ടാൽ,ആദ്യം ഞങ്ങളെ നോക്കണോ,അതോ കാക്കയെ നോക്കണോ,എന്ന് കണ്‍ഫ്യൂഷൻ ഉള്ള കാലം ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പറഞ്ഞ ആ "കളർ".

തരക്കേടില്ലാതെ ജില്ലയിലെ "ബി" ഡിവിഷൻ കളിക്കുന്ന ഒരു ടീം, പേര് പറയുന്നില്ല എൻറെ ജീവചരിത്രം മറ്റുള്ളവരെ മുറിപ്പെടുത്തുന്നത് എനിക്കിഷ്ടം അല്ല.അങ്ങനെ രാവിലെ ബാറ്റും തൊപ്പിയും ശ്രീശാന്തിൻറെ കയ്യിലെ ബാന്റും. അപ്പോൾ നിങ്ങൾ ഓർക്കും ഇരുപത് വർഷം മുൻപ് ശ്രീശാന്തിനെ അറിയുമോ എന്ന്? ഇല്ല അറിയില്ല,പക്ഷെ മൂപ്പരെ ഇപ്പോൾ എല്ലാവർക്കും അറിയില്ലെ,അതുകൊണ്ട് എടുത്ത് ഉദാഹരിച്ചത കുഴപ്പം ഉണ്ടോ? ഇല്ല. അങ്ങനെ ഒക്കെ ആയി നടന്ന് പോകുമ്പോൾഒരു വെള്ളിടി പോലെ ഒരു പേമാരി പോലെ ഒരു ചുഴലി കൊടുങ്കാറ്റ് പോലെ ആ ചോദ്യം വന്നു. "എടാ മക്കളെ !!!!നിങ്ങൾ എല്ലാരും സച്ചിൻ ടെണ്ടുൽക്കർ ആണോട?" പടച്ചോനെ ഇന്ന് ഇനി പോണോ കളിക്കാൻ.ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം അല്ലേ.

അന്ന് കളിയുള്ളത് മാടപ്പള്ളിയിൽ, സാമാന്യം വലിയ ചെറിയ ഗ്രൗണ്ട്. പുരുഷകേസരികൾ പടക്കായി ഒരുങ്ങി കഴിഞ്ഞു.ടോസ്സിനു വേണ്ടി കപ്പിത്താൻ മൈതാന നടുവിൽ.അതാ മുതലാളി  ആ തൊപ്പി ഊരി വീശുന്നു,ആ തൊപ്പിക്ക്‌ പിന്നിൽ ഒരു രഹസ്യം ഉണ്ട് കേരളത്തിൻറെ അന്നത്തെ ക്യാപ്റ്റൻ "ഫിറോസ്‌ വി റഷീദ്" കൊടുത്ത തൊപ്പിയ അതുകൊണ്ട് അൽപം ഗമ കൂടും. നായകൻ തൊപ്പി ഊരി  വീശിയാൽ അന്നത്തെ ഞങ്ങളുടെ ക്രിക്കറ്റ്‌ ആചാരപ്രകാരം ബാറ്റിംഗ് തിരഞ്ഞെടുത്തു എന്ന് അണികൾ മനസ്സിലാക്കണം.

ഘദാഗടിയനായ റാമും റഹീമും  കള്ള പേരാണേ.ഗോദയെ ലക്ഷ്യമാക്കി ഗദയുമായി പുറപ്പെട്ടു ബാക്കിയുള്ളവർക്ക് ഇതൊക്കെ എന്ത് എന്ന ഭാവം. അതാ കൊലുന്നനെ ഉള്ള വേഗത കൂടിയ ഏറുകാരൻ, ഒന്നാന്തരം ഓവർ പിച്ച് പന്ത്,റാം കൊടുംങ്കാറ്റ് പോലെ ആഞ്ഞ് വീശി,ഒരു പടുകൂറ്റൻ സിക്സ് എന്ന് തോന്നിച്ചെങ്കിലും അത് ഡീപ് മിഡ് വിക്കറ്റിലെ മറ്റൊരു പയ്യൻസിന്റെ കയ്യിലൊതുങ്ങി.നല്ല സ്കോർ പൂജ്യത്തിന് ഒന്ന്.

ഇനി പിൻജ് ഹിറ്റർ ആരാണാഭാഗ്യവാൻ? ഞാനാണാഭാഗ്യവാൻ പടച്ചോനേ മിന്നിച്ചേക്കണേ..മിന്നിച്ചു നേരിട്ട ആദ്യ ബോൾ തന്നെ നാല് റണ്‍സ്. പിന്നെയുള്ള കളി ഹൈലൈറ്റ്സ് ആയി പറയാം. ഞാൻ പുറത്താകുമ്പോൾ ടീം സ്കോർ ഇരുപത്തി എട്ടിന് എട്ട്,പിന്നെ തട്ടി മുട്ടി മുപ്പത്തി അഞ്ച് വരെ എത്തിച്ച് എല്ലാവരും പുറത്ത്. 

അക്ഷരാർത്ഥത്തിൽ സച്ചിൻ ടെണ്ടുൽക്കർ ആയി. അന്നോളം വെറുതെ തമാശക്ക് കളിക്കുമ്പോൾ പോലും പതിനഞ്ച് ഓവറിൽ നൂറിന് മുകളിൽ സ്കോർ ചെയ്യുന്ന സാമാന്യം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ ടീം,അതെ ഇനി ഇപ്പോൾ ചത്ത കുഞ്ഞിൻറെ ജാതകം നോക്കീട്ട് എന്ത് കാര്യം.

എന്തൊക്കെ ആയാലും കൊള്ളാം,കളി ഞങ്ങൾ തന്നെ ജയിച്ചു ആറ് റണ്‍സിന്. ഇപ്പോൾ മനസ്സിലായോ ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. എടാ കള്ളാ ഇത് കള്ളം അല്ലേ? അല്ല ചങ്ങാതി, സത്യം ജയിച്ച ഞങ്ങൾക്കോ,തോറ്റ അവർക്കോ,അറിയില്ല എന്താ സംഭവം എന്ന് പക്ഷേ കരക്കിരുന്ന് കപ്പൽ ഓടിച്ച ചാണ്ടിച്ചായൻ പറഞ്ഞു "പന്തിൽ കാറ്റുപിടിച്ചു". അതെ സത്യം,കളി നടന്ന ഗ്രൗണ്ട് ഒരു റബ്ബർ തോട്ടത്തിന് ഒത്ത നടുവിൽ ചിലപ്പോൾ മൂപ്പര് പറഞ്ഞതകാനേ വഴിയുള്ളൂ.
പണ്ടൊക്കെ ആർക്കും വലിയ കളി അറിയില്ലെങ്കിലും കളിയാക്കാൻ എല്ലാവർക്കും നന്നായി അറിയാം "ഇവിടെ വീണാലും അങ്ങ്  ചന്തയിൽ ചെന്ന് വീണാലും ആറ് റണ്‍സെ കിട്ടു" ചങ്ങനാശ്ശേരി മുനിസിപ്പൽ മൈതാനം അറിയുന്ന ചിലർക്ക് കാര്യം മനസ്സിലാകും,ഞാൻ പറഞ്ഞതിൻറെ പൊരുൾ. ഇനി അത് മനസ്സിലാകാത്തവർക്ക് വേണ്ടി പറയാം ചുരുക്കത്തിൽ പണ്ട് ആലപ്പുഴ സണ്‍ ഷൈൻ ക്രിക്കറ്റ്‌ ടീമിലെ റിയാസ് എന്ന ചെറുപ്പക്കാരൻ എൻറെ ടീമിലെ "മണസ കൊണസ" ബൗളർ, എന്താടാ മോനേ ആ പറഞ്ഞത്? ക്രിക്കറ്റിൽ അങ്ങനെ ഒക്കെ ബൗളിംഗ് സ്റ്റൈൽ ഉണ്ടോ? പിന്നെ ഇല്ലാഞ്ഞിട്ടാ!! ഗവിൻ ലാർസണ്‍,ക്രിസ് ഹാരിസ്,നഥാൻ ആസ്റ്റിൽ ഇവരൊക്കെ അതിൻറെ ഉസ്താക്കന്മാരന്, ഇപ്പോൾ പിടികിട്ടിയോ? ഇല്ലേൽ "ലോല്ലിപ്പോപ്" ബൗളിംഗ് എന്ന് മോഡേണ്‍ ക്രിക്കറ്റിൽ പറയും. അങ്ങനെ മൂപ്പരെ ഒരു സിക്സ് അടിച്ചു ആ സിക്സ് ചെന്ന് വീണത്‌ ശവക്കോട്ടയും കടന്ന് വലിയപള്ളിയുടെ മുറ്റത്ത്‌ ഞങ്ങളുടെ കണക്കിൽ അത് പന്ത്രണ്ട് റണ്‍സ്.അന്ന് നടന്ന വിശദീകരണയോഗത്തിൽ ടിയാൻ നൽകിയ വിശദീകരണം  ആണ് മേൽപ്പറഞ്ഞ വാചകം.
അങ്ങനെ മുപ്പത്തിയഞ്ച് റണ്‍സിൻറെ പോസ്റ്റ്‌ മോർട്ടം നടക്കുമ്പോൾ പൊടുന്നനെ രാവിലത്തെ "സച്ചിൻ" ഓടിയെത്തി മതി, ഇനിയൊന്നും അറിയേണ്ട.അയാളുടെ ഒടുക്കത്തെ കണ്ണാ.....@ %&#  കരിങ്കണ്ണൻ.പണിയണം നല്ല "ഇണ്ടൻ"പണി. ഇനി വെക്കരുത് ഒരുത്തനേയും കണ്ണ്.

അങ്ങനെ അതിന് തീരുമാനം ആയി ഇനി നടപ്പാക്കുക മാത്രം.എന്ത് പണി കൊടുക്കും നല്ല "കിണ്ണൻ" ചാമ്പ് ചാമ്പിയാലോ? വേണ്ട വയസ്സായാ ആളാ തട്ടിപ്പോകും പുല്ല്. കൊടുക്കാം സമയം ആകട്ടെ. "പാലും വെള്ളത്തിൽ" തന്നെ കൊടുക്കാം.അങ്ങനെ ആ സുദിനം വന്നെത്തി.

മാർച്ച്‌ മുപ്പത്തിയൊന്ന് രാത്രി പതിനൊന്ന് മണി സാധാരണയായി ഞങ്ങൾ എല്ലാരും കുടുംബത്തിൽ ചേക്കേറുന്ന സമയം ഞങ്ങൾ മൂന്ന് നാല് പേര് പതിവിന് വിപരീതമായി വീട്ടിൽ പോകാൻ ഉള്ള ചെറിയ ലാഞ്ചന പോലും കാണിക്കുന്നില്ല.എങ്ങനെ പണിയാം,പണ്ടത്തെ കുറെ നാടൻ രീതികൾ ഉണ്ട്.വീടിൻറെ ഉമ്മറത്ത്‌ ശവക്കല്ലറ പണിയുക,പ്ലാവിൽ മനുഷ്യരൂപം കെട്ടിത്തൂക്കുക,പശുവിനെ സിറ്റ് ഔട്ടിൽ കെട്ടിയിടുക അങ്ങനെ പോകുന്നു സംഭാവാമികൾ. പക്ഷെ ഇതൊന്നും പോര കാശ് ചിലവില്ലാതെ പണിയണം.

ഒടുവിൽ അത് അണ്ണൻ തന്നെ കണ്ട് പിടിച്ചു, ഒരു തനി തറവേല. മുറ്റത്തെ പ്ലാവിലെ "ചക്കക്ക്" നാണം മറക്കുക. കൊള്ളാം മുറ്റത്ത്‌ തന്നെ ഉണ്ട് അതിനുള്ള സാധനസാമഗ്രികൾ പിന്നെ അമാന്തിച്ചില്ല കൂട്ടത്തിലെ വലിയ രണ്ട് ചക്കകൾക്ക് ഉടയാട അണിയിച്ചു.


പണി ലേശം തറ ആണേലും ഒരുപാട് സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ രംഗം നേരിട്ട് കാണാൻ സ്പോട്ടിൽ എത്തി കൊള്ളാം ആരും എഴുന്നേറ്റിട്ടില്ല അക്ഷമരായി കാത്തിരിക്കുന്ന ഞങ്ങൾക്കായി അടഞ്ഞ് കിടന്ന വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടു. മുറ്റത്തെ ചക്ക കണ്ട മുതലാളിക്ക് വട്ടായോ? അറിയില്ല ദിക്കുകൾ പൊട്ടുമാറ്‌ ഉച്ചത്തിൽ ചീത്ത വിളിക്കുന്നു അപ്പന് ,അമ്മക്ക് , പെങ്ങൾക്ക് , മരിച്ചവർക്കും , ജീവിച്ചിരിക്കുന്നവർക്കും എന്ന് വേണ്ട സകല നാട്ടുകാർക്കും പൂരത്തെറി.
തെറിക്ക് ശേഷം സ്വന്തം കടത്തിണ്ണയിൽ അങ്ങോർ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുമ്പോൾ,സായൂജ്യം അടഞ്ഞ കൂറെ ചെറുപ്പക്കാർ മറുവശത്ത്. പിന്നെ ഞങ്ങളെ ഞെട്ടിച്ച്‌ കൊണ്ട് അയാൾ കലിതുള്ളി വീട്ടിനുള്ളിലേക്ക്, തിരികെ വരുമ്പോൾ കയ്യിൽ ഒരു "വാക്കത്തി" പടച്ചോനെ.

പിന്നെ കണ്ണിൽ കണ്ട ചക്കയും,ചേനയും,ചേമ്പും എന്ന് വേണ്ട കുലച്ച് നിന്ന വാഴവരെ വാക്കത്തി കൊണ്ട് അരിഞ്ഞ് ദൂരെ തള്ളി.പിന്നെ രൂക്ഷമായ ഒരു നോട്ടം.നീയൊക്കെ അനുഭവിക്കുമെടാ എന്ന ഭാവം."ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ".

ഒരിക്കൽ കൂടി ഇതിലെ കഥയും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയാൽ തികച്ചും യാദർശ്ചികം മാത്രം. മുകളിൽ പറഞ്ഞ സംഭവം അറിഞ്ഞോ അറിയാതയോ ആരേയും മാനസീകമായി പീഡിപ്പിക്കാൻ ഉള്ളതല്ല എല്ലാം കാലഘട്ടത്തിൻറെ ചോരത്തിളപ്പ്. 

മാപ്പ്..............................  മാപ്പ്...............  


കൊടുത്താൽ കൊല്ലത്തും കിട്ടും.അപ്പോൾ കിട്ടും എന്നറിയില്ല പക്ഷേ കിട്ടും പ്രതീക്ഷയോടെ .........

Sunday, 15 March 2015

അദ്ധ്യാപകൻ

അങ്ങനെ സാങ്കേതിക വിദ്യകൾ ഒക്കെ പഠിച്ച് ജോലി തേടി അലയുന്ന കാലം. ഇനിയെന്ത് , എങ്ങോട്ട് പോകും?  "പോയി പണിയെടുത്ത് തിന്നടാ "എന്ന് അച്ഛനും അമ്മയും പറയും എന്ന് ഉറപ്പായ കാലം.

ഒരു പഴയ മോഹം മനസ്സിൽ തലപൊക്കി ഒരു "അദ്ധ്യാപകൻ" ആയാലോ. പിന്നെ അമാന്തിച്ചില്ല സ്രാഷ്ടാംഗം അച്ഛൻറെ കാലിൽ.

അണ്ണാ ഛെ അച്ഛാ രക്ഷിക്കണം എനിക്ക് ഒരു ചിന്ന ഉദവി കൂട്ടുകാരൻറെ സ്ഥാപനത്തിൽ പഠിപ്പിക്കാനും, അതുവഴി ഇതുവരെ പഠിക്കാത്തതുമായ കാര്യങ്ങൾ കരഗതമാക്കാൻ ഒരവസരം ഒരുക്കിതരുവാൻ കനിവുണ്ടാകണം.

രോഗി ഇച്ച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് അല്ല പാലട എന്ന് പറഞ്ഞത് പോലെ. നാളെ സുബ്ഹി നമസ്കാരം കഴിഞ്ഞ് പോകാം എന്ന ടിപ്പൻ വാഗ്ദാനം.സന്തോഷമായി ഗോപിയേട്ടാ,സന്തോഷമായി അച്ഛൻ എന്ത് നല്ല അച്ഛൻ പരേതന് അല്ലാഹു സ്വർഗ്ഗം നല്കി അനുഗ്രഹിക്കട്ടെ ആമീൻ .....

ഇനി കാര്യത്തിലേക്ക് കടക്കാം ഇതിലെ "ഞാനും"  എൻറെ കാര്യങ്ങളും ഒഴികെ ബാക്കി ഒന്നും തന്നെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയി  കുലബന്ധം പോലുമില്ല എന്ന കാര്യം ആദ്യമേ അറിയിക്കട്ടെ. പിന്നെ ഇത് ഞാനല്ലെ സാർ?ഇത് ഞാൻ തന്നെ ഉറപ്പ് .എന്ന വാദവുമായ് ഏതെങ്കിലും ഫേസ് ബുക്ക്‌ കുതുഹികൾ കടന്ന് വന്നാൽ "പോട്ടെ പുല്ല് "എന്ന് ഞാൻ അങ്ങ് കരുതും പറഞ്ഞേക്കാം.ഹും.

അന്ന് ഒരു ഞായർ സുബഹി നമസ്കാരാനന്തരം ഞാനും എൻറെ ജീവിതത്തിലെ ഒരേ ഒരു "റോൾ മോഡലുമായ" എൻറെ അപ്പനും കൂടി ആ മഹാമേരുവിനെ കാണാൻ യാത്രയായി.
അസ്സലാമു അലൈക്കും.വ അലൈക്കുമുസ്സലാം.ആഹ് വാ എന്തുണ്ട് ?
അപ്പൻ:-സാർ ഇവനൊന്നു ഐ ടി സി യിൽ പഠിപ്പിച്ചാൽ കൊള്ളാം എന്ന് ഒരാഗ്രഹം.
സാർ:- അതുകൊള്ളമല്ലോട എന്നാൽ പിന്നെ വൈകേണ്ട നാളെ മുതൽ ആയിക്കോട്ടെ .
ഞാൻ:- സാർ എൻറെ സർട്ടിഫിക്കറ്റ് ഒക്കെ.
സാർ:- അതൊന്നും എനിക്ക് വേണ്ട പിന്നെ നിനക്ക്  പഠിപ്പിക്കാൻ ഒക്കെ അറിയാമോ?
പിന്നെ സാറിൻറെ ഒരു ചോദ്യം. ഞാൻ എത്ര പേരെ ട്യുഷൻ എടുത്തിട്ടുണ്ടെന്ന് സാറിനറിയാമോ!!!!
സാർ:- ഒഹ് പിന്നെ നിനക്ക് അതിൻറെ ഒന്നും ആവശ്യം ഇല്ല നീ ഇവൻറെ അല്ലെ മോൻ ...ആ കൊളിഫിക്കേഷൻ മാത്രം മതി വേറെ കൂടുതൽ ഒന്നും എനിക്ക് വേണ്ട.
ആനന്തലബ്ധിക്കിനി എന്ത് വേണം ഭവാനെ .....പിന്നെ കുശലം പറച്ചിൽ ചായ അങ്ങനെ ഒരു പത്ത് പതിനഞ്ച് മിനിട്ട് ശേഷം യാത്ര പറഞ്ഞ് ഇറങ്ങി.

 വഴിയിൽ കണ്ട മയിൽകുറ്റിയോടും , പുല്ലിനോടും,  പ്രാണിയോടും സംസാരിച്ചും, ലോഹ്യം കൂടിയും വീട്ടിൽ എത്തി.

 വീട്ടിൽ എത്തിയപാടെ മൂപ്പരുടെ ഒരു ചോദ്യം എൻറെ കിളിപോയതുപോലെ ആയിരുന്നു . "എടാ എൻറെ മാനം നീ കപ്പല് കേറ്റുമോ ?  പെട്ടന്നുള്ള ഞെട്ടലിന് ശേഷം,ഹേയ് ഇല്ലപ്പാ ഞാൻ ആത്മാർഥമായി പഠിപ്പിക്കും,  എന്നെ പഠിപ്പിച്ച പലരേയും പോലെ പിന്നെ ,ഞാൻ അപ്പൻറെ അല്ലെ മോൻ. അങ്ങനെ ഒരു ബെസ്റ്റ് ഓഫ് ലക്കിൽ ആ രംഗത്തിന് വിരാമം.

രാവിലെ ഒരു ആറ് ആറര ആയിക്കാണും കുളിച്ച് റെഡി ആയി അടുക്കളയിൽ അമ്മയുടെ അടുത്തെത്തി ."മദർ" എന്താ ഇന്ന് സാപ്പിടാൻ .അയ്യെടാ!!!! പുട്ട്. ഇന്ന് ഞാൻ കലക്കും. പുട്ടും, കടലയും ,പിന്നെ അടിക്കാത്ത ചായയും കൊള്ളാം വയറു നിറയെ അടിച്ചു ;പിന്നെ അന്നത്തെ എൻറെ സ്വത സിദ്ധമായ ഷർട്ടും മുണ്ടും കാലൻ കുടയും എടുത്ത് സലാം പറഞ്ഞ് കോളേജിലേക്ക് .


ആദ്യം നമ്മുടെ പ്രിൻസിയെ ഒന്ന് കണ്ടിട്ട് കയറാം എന്തിനും ഒരു ഗുരുത്വം ഒക്കെ വേണമല്ലോ, മെയിൻ ബ്ലോക്കിൽ എത്തി എൻറെ അമ്മോ !!!!!! ഇത്രേം തരുണീമണികൾ ഇവിടെയോ?

 മുല്ലപ്പൂചൂടിയതും , റോസാപ്പൂ കുത്തിയതും  ഇനി ഇതൊന്നും ഇല്ലാത്തതും തലമറച്ചതും ,  മറക്കാത്തതും എന്ന് വേണ്ട എല്ലാ വിഭാഗത്തിലേയും അഭൂത പൂർവമായ തിരക്ക് ആയിരുന്നു അവിടെ.

 ഇപ്പോൾ എനിക്കും ഒരു സംശയം മഹിളാമണികൾ മാത്രമേ ഉള്ളു; അല്ല ചാത്തനും ,പാണനും ,പാക്കനാരും, പെരുംതച്ചനും ,നായരും എന്ന് വേണ്ട എന്നേക്കാളും പൊക്കവും വണ്ണവും ഒക്കെ ഉള്ളവരും കുള്ളന്മാരും,കുള്ളത്തികളും  എല്ലാം ഉണ്ടവിടെ.

ഇതെല്ലാം കൊള്ളാം ചേട്ടാ പക്ഷേ ചേട്ടൻ വന്നത് എന്തിനാണ് എന്ന്അറിയാമോ ? "വളക്കാൻ". അല്ല പഠിപ്പിക്കാൻ; അല്ലാതെ അവൻറെ ഒരു നോട്ടം.അതെ തത്കാലം നോട്ടം അവസാനിപ്പിക്കാം ഇല്ലേൽ ചിലപ്പോൾ "പണി പാലും വെള്ളത്തിൽ കിട്ടും " .

മെയിൻ  ബ്ലോക്കിൽ പ്രിൻസിയുടെ അസിസ്റ്റന്റ്‌ "അക്കൻ ";ആയമ്മ കണ്ടമാത്രയിൽ ഒരു വെള്ളിടി വെട്ടുന്ന നോട്ടം; പുല്ല് ആരാണിവൻ ,മട്ടും ഭാവവും കണ്ടാൽ തന്നെ ഒരു ഫ്രോഡ്  ലുക്ക്‌ . ആയമ്മയെ പറ്റി പറഞ്ഞാൽ ഒരു കുലീനത്വം ഉള്ള "തൈക്കിളവി.


ആയമ്മ :- ആരാ?
ഞാൻ :-  സാറിനെ കാണാൻ വന്നത; ഇന്ന് വന്ന് കാണാൻ പറഞ്ഞിരുന്നു .
ആയമ്മ :- ആഹ്; പുറത്ത് വെയിറ്റ് ചെയ് , എന്താ പേര്.
ഞാൻ :- ഷമീർ.
ആയമ്മ :-ഹും നോക്കട്ടെ സാർ ഫ്രീ ആണോന്ന്. മുഖത്ത് ഒരു പുച്ഛം.
ഞാൻ :- ഓക്കേ ടീച്ചർ.
ആയമ്മ ഒന്ന് ഞെട്ടി "ടീച്ചർ"  അല്പം ജാട കൂടിയില്ലേ മൂപ്പതിക്ക് യെസ് ,കൂടി അത് കാണാൻ ഉണ്ട്.

അങ്ങനെ വിനീതവിധേയനായി കാത്തുനിൽക്കുന്ന എന്നെ അനേകായിരം നയനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നു എന്നത് തെല്ലൊന്നുമല്ല എൻറെ ചങ്കിടിപ്പ് കൂട്ടിയത്. ഇവരിലെ പല മുഖങ്ങളേയും പലതവണ പല "ദുരൂഹ" സാഹചര്യങ്ങളിലും ഈ "സഖാവ്" കണ്ടിട്ടുള്ളതാണ്, അപ്പോൾ ഒരു വിദ്വാൻ എന്താ ഇവിടെ ? ആരെ കണാന ? ഇവിടെ അനിയൻ പഠിക്കുന്നുണ്ടോ ? 

എന്താടാ കുഞ്ഞേ നീ അശ്വമേധം കളിക്കുവാണോ? അക്ഷമനായി നിൽക്കുന്ന ഞാൻ ;അല്ല സാറിനെ ഒന്ന് കാണണം . ---------മോനെ നീ  എൻറെ ക്ലാസ്സിൽ ആണേൽ നിൻറെ ഈ ചോദ്യത്തിൻറെ ഉത്തരം നിനക്ക് ഞാൻ പഠിപ്പിച്ച് തരാം . മനസ്സിൽ ആണ് പറഞ്ഞതെങ്കിലും എന്റെ നോട്ടം കൊണ്ട് കാര്യം എല്ലാം അവന് മനസ്സിലായി. തരുണീ മണികൾ ഉലാത്തൽ തുടർന്ന് കൊണ്ടേയിരുന്നു എൻറെ കാത്തിരിപ്പ്‌ തുടർന്നുകൊണ്ടും.

വൈകാതെ "അക്കൻ " വന്നു എടോ തന്നെ സാർ വിളിക്കുന്നുണ്ട്.


ഞാൻ :- ഗുഡ് മോർണിംഗ് സാർ
സാർ :-  ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ്.....

സാർ തൻറെ കൈപാങ്ങിനിരുന്ന ബെല്ലിൻറെ സ്വിച്ച് അമർത്തുന്നു, ഞെടിയിടയിൽ നമ്മുടെ "തൈക്കിളവി " ആസനസ്ഥ ആവുന്നു.

സാർ :- ഇത് ഷമീർ ഇന്ന് മുതൽ കെ ജി സി ഇ  യിൽ കാണും അബ്രഹാമിനോട്  പറഞ്ഞേക്ക്.ഓഹോ അപ്പോൾ ഇവൻ സാർ ആയിരുന്നോ !!!!! അയ്യേ,ഇവനാ സാർ,അതായിരുന്നു മൂപ്പത്തിയുടെ അപ്പോഴത്തെ ഭാവം . സത്യം "ചേച്ചി" ഞാൻ സാറാണ് കാണാൻ ഒരു ലുക്ക്‌ ഇല്ലന്നെയുള്ളു നല്ല "കാഞ്ഞവിത്ത" ഇതെല്ലം എൻറെ ഗദ്ഗതം.

പെട്ടന്ന് അതുവരെ കണ്ട "റോസ്സി ചേച്ചി " അല്ല മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി ഒക്കെ ഫിറ്റ്‌ ചെയ്ത് കാൽ വിരലാൽ കവിത ഒക്കെ എഴുതി ഒരു "കോമാളാംഗി"

വർഗീസ്സ് ചേട്ടാ.... വർഗീസ്സ് ചേട്ടാ .....ഷമീർ സാറിനെ നമ്മുടെ അബ്രഹാം സാറിൻറെ അടുത്ത് ഒന്ന് കൊണ്ട് ചെന്നാക്ക്.

പാവം വർഗീസ്സ് ചേട്ടൻ ഞാൻ അവിടെ ഉണ്ടായിരുന്ന സമയം മുഴുവൻ എനിക്ക് താങ്ങും തണലും ആയിരുന്ന വർഗീസ്സ് ചേട്ടൻ,ചേട്ടന് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.

കൗമാരക്കാരുടെ സ്വപ്ന ഗേഹം ;എന്നെ കാര്യമായ വരവേൽക്കനൊന്നും ആരും മെനക്കെട്ടതായി എനിക്കനുഭവപെട്ടില്ല കാരണം ഞങ്ങൾ ഇതൊക്കെ എത്ര കണ്ടതാ മോനെ എന്ന ഭാവം സ്വതവെ ജാട ഉള്ള ഞാനും അത്രക്ക് താഴാൻ നിന്നില്ല പിന്നെ ഇവന്മാർ വന്ന് മിണ്ടിയില്ലേൽ "പുല്ലാ എനിക്ക് പുല്ല് ".

അബ്രഹാം സാർ രണ്ട് കയ്യും നീട്ടി പുതിയ "അധ്യാപഹയനെ" വരവേറ്റു പിന്നീട് ഉടലോടെ "പ്രകാശ്" എന്ന സഹപ്രവർത്തകന് എന്നെ കൈമാറ്റം ചെയ്തു .

ഉച്ചക്ക് ഊണ് കഴിക്കാൻ ഉള്ള വട്ടകൂട്ടലുകൾ ,എന്നെയും കൊണ്ട് പ്രകാശ്‌ സാർ എൻറെ മറ്റ് സഹപ്രവർത്തകരുടെ അടുത്തേക്ക് നടന്നു , അതുവരെ എനിക്കും ഒരുപക്ഷേ അവർക്കും തോന്നിയ ഞങ്ങളിലെ  ജാട എന്ന വികാരത്തിൻറെ എല്ലാ കെട്ടും മട്ടും ആ തീൻ മേശക്ക് സമീപം അലിഞ്ഞില്ലാതായി.

പിന്നെ പരസ്പരം പരിചയപെടൽ കുശലം ആഹാരം ഷെയർ ചെയ്യൽ അങ്ങനെ കലാപരിപാടികൾ അനന്തമായി നീളുമ്പോൾ ഞാൻ പറഞ്ഞു അപ്പോൾ ഞാൻ പോയി സാപ്പിട്ട് വരാം നടക്കാനേ ഉള്ളു വീട്ടിലേക്ക് അപ്പോൾ ഉച്ചകഴിഞ്ഞ് പാക്കലാം.

ഉച്ചകഴിഞ്ഞ് കാര്യമായ തിക്കും തിരക്കും ഒന്നും ഇല്ല .അത് കൊണ്ട് കൂടുതൽ സഹപ്രവർത്തകരെ പരിചയപ്പെട്ടു .

ഡാനിസൻ , അജയൻ , സജി സാർ , തോമാച്ചൻ , കവിത ടീച്ചർ , പ്രെറ്റി , ബിന്ദു ടീച്ചർ, രാജേഷ്‌ , രാജീവ് , അനിൽ , പ്രമോദ്,ഫാത്തിമ; പിന്നെ ഈ ഫാത്തിമ എൻറെ മുറപ്പെണ്ണ്‍  കൂടിയാണ്‌ . സ്നേഹത്തിൽ ഞങ്ങൾ "അക്ക" എന്ന് വിളിക്കും അക്കക്കും അണ്ണനും ഐഷക്കും ആപ്പിളിനും ദൈവം നല്ലത് വരുത്തട്ടെ . അങ്ങനെ എല്ലാവരേയും പരിചയപെട്ടു. പിന്നെ എൻറെ പ്രിയ സഹ അദ്ധ്യാപകനും ,കൂട്ടുകാരനുമായ  രൻജി  എന്ന രഞ്ജിത്ത്; അങ്ങനെ  ആ ദിവസം അങ്ങനെ വീണ് മരിച്ചു .

പിറ്റേന്ന് പ്രഭാതം പൊട്ടി വിരിഞ്ഞു, കിളികൾ ,കാക്കകൾ ,കുയിൽ ഇവ ഒക്കെ ചിലക്കുന്നു, കരയുന്നു ,കോഴികൾ കൊക്കുന്നു. ഇതൊന്നും എനിക്ക് ഒരു പ്രശ്നം അല്ല ,എന്നും അവ ഇതൊക്കെ ചെയ്യുന്നതല്ലെ , ഞാൻ അദ്ധ്യാപകൻ ആയതിൻറെ,പിന്നെ കൊള്ളാം അതിന് അവറ്റകൾക്ക് എന്ത് .ഇത് നല്ല കൂത്ത്.



പഴയ പോലെ കാലൻ കുടയും ,കരിമ്പച്ച ഷർട്ടും കറുത്ത കരയുള്ള മുണ്ടും, ക്വവദീസ് ചെരുപ്പും ഇട്ട് പ്രതാപശാലി ആയി വിദ്യാലയത്തിലേക്ക്‌ നടന്നു. ക്ലാസ്സിൽ കയറുന്നതിന് മുൻപ് സ്റ്റാഫ്‌ റൂമിൽ പ്രകാശ്‌ സാർ പോകേണ്ട ക്ലാസ്സ്‌ ഏതെന്നും, വിഷയം ഏതെന്നും പറഞ്ഞു.ഇപ്പോൾ ശരിക്കും പേടിയില്ലേ.എന്നെനിക്ക് ഒരു സംശയം ഇല്ലാതില്ല . ആട്ടെ പോട്ടെ ഇരിക്കട്ടെ ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം.

പാഠം ഒന്ന് " ജീവിക്കാൻ ഉള്ള തത്രപ്പാട്"

ഗുഡ് മോർണിംഗ് സാർ .....ആഹാ എന്ത് മനോഹരമായ ആചാരങ്ങൾ  കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ. ഗൗരവം വിടാതെ ഞാനും പറഞ്ഞു ഗുഡ് മോർണിംഗ്  പിന്നെ പതിയെ കയ്യിൽ ഇരുന്ന അറ്റണ്ടൻസ് ബുക്ക്‌ ചോക്ക് ഇവ മേശമേൽ വെച്ചു. ഡസ്ക്കിന്റെ മുന്നിൽ വന്ന് ബാസ് ഉള്ള ശബ്ദത്തിൽ പറഞ്ഞു  ഞാൻ ഷമീർ ഹുസൈൻ നിങ്ങൾക്ക് ഇനി മുതൽ മെക്കാനിക്കൽ വിഷയം പഠിപ്പിക്കുന്നത്‌ ഞാൻ ആയിരിക്കും തുടക്കം എന്ന നിലയ്ക്ക് ഇന്ന് ഞാൻ ഒന്നും പഠിപ്പിക്കുന്നില്ല പക്ഷേ ഇനിയൊരിക്കൽ ഇങ്ങനെ ഉള്ള ഒരു അവസരം പരമാവധി ഉണ്ടാകാതിരിക്കാൻ ശ്രമിക്കും അത് കൊണ്ട് ഇ ദിനം നമുക്ക് മനോഹരമാക്കാം. നിങ്ങൾക്ക് എന്നോട് സഭ്യമാകുന്ന എന്തും ചോദിക്കാം .


വിരുതൻ നമ്പർ ഒന്ന് :-  സാർ കല്ല്യാണം കഴിച്ചോ?
ഞാൻ :- കൊള്ളാം ....എന്താ പേര് ....
വിരുതൻ ഒന്ന് :- ചമ്മിയ ചിരിയോടെ "സനീഷ്"
ഞാൻ :- "കുഞ്ഞേ" പണി ഇല്ലാത്തവർക്ക് കല്ല്യാണം കഴിപ്പിക്കുന്ന പണിയുള്ള ആരെയെങ്കിലും "മോന് " പരിചയം ഉണ്ടോ?

വിരുതൻറെ ചോദ്യവും ,തുടർന്നുള്ള എൻറെ ഉത്തരവും, പിന്നെ ആപൽക്കരമായ ചോദ്യങ്ങൾക്കുള്ള തിരശ്ശീല ആയിരുന്നു.

പിന്നെ ഓരോ കുട്ടികളേയും നല്ല വണ്ണം പരിചയപെട്ടു ,അവർ എന്നേയും ,പാട്ട് പാടാൻ അറിയാവുന്ന വരെ കൊണ്ട് പാട്ട് പാടിച്ച് ഞാൻ അവരെ നല്ല പോലെ എന്റെ കൈപ്പിടിയിൽ ഒതുക്കി.

ഹോ അവൻറെ ഒരു പഠിത്തം ....പോയി കിടന്നുറങ്ങെടാ. ഇങ്ങനെ നീ പഠിക്കുന്ന കാലത്ത് പഠിച്ചിരുന്നേൽ "രാജു നാരായണസ്വാമി " ആയേനെ ചേച്ചിയുടെ ഇ കമന്റ്‌ കേട്ടപ്പോൾ ഞാൻ ക്ലോക്കിൽ നോക്കി ഒരുമണി ആകുന്നു. പിന്നെ രാജു നാരായണസ്വാമിയെ,ഇവൾക്കെന്ത് അറിയാം ആ അനൂപ്‌ വിചാരിക്കണം ,എനിക്ക് ഒക്കെ ഒരു റാങ്ക് കിട്ടണേൽ. പിന്നെ ഒരു വർഷം ഉറക്കം ഇല്ലാതെ പഠിച്ചാൽ ചിലപ്പോൾ കിട്ടും.എന്ത് "അടുത്ത ഒരു വർഷത്തെ അടിപൊളി ഉറക്കം"  അല്ലപ്പിന്നെ.

 എൻറെ "മച്ചു"  സമ്മതിക്കണം നിന്നെ ഒക്കെ എങ്ങനെ കിട്ടുന്നു ഇ റാങ്ക്, പഠിക്കണം സുഹൃത്തെ അപ്പോൾ കിട്ടും റാങ്ക്, അല്ലാതെ ബുക്ക്‌ തുറന്നാൽ അപ്പോൾ കിടന്ന് ഉറങ്ങിയാൽ കിട്ടും;എന്ത് "ഉണ്ട " .

അനൂപ്‌ എൻറെ സഹപാഠിയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയിൽ ഒന്നാം റാങ്കിന് ഉടമയും ,ടിയാന് കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

അങ്ങനെ ഉറക്കമൊഴിച്ചും നോട്ടുകൾ ഉണ്ടാക്കിയും,സംശയം വേണ്ട കള്ള നോട്ടുകൾ അല്ല ;പഴയകാല അദ്ധ്യാപകരോട് സംശയനിവാരണം നടത്തിയും പിൽക്കാലത്ത് "നല്ല അദ്ധ്യാപകൻ" എന്ന സ്ഥാനം ഉണ്ടാക്കിയെടുത്തു എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അഭിമാനത്തിനു വക നൽക്കുന്നു.

മതി നിർത്തി കൂടെ നിൻറെ ഒരു കഥ,ശരിയ എനിക്ക് തന്നെ ബോർ ആയി അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം. എന്തായാലും ഓർമ്മയിൽ ഉള്ള ഒരു കാര്യം കൂടി എന്നിട്ട് ഞാൻ നിർത്താം ഓക്കേ ?പിന്നെ നിങ്ങൾ അല്ലെ ഡബിൾ ഓക്കേ.

പെണ്‍കുട്ടികൾ കൂടുതൽ ഉള്ള സിവിൽ ക്ലാസ്സ്‌ അവിടെ ആദ്യമായി ക്ലാസ്സ്‌ എടുക്കാൻ പോയ ദിവസം. മുൻപ് ഞാൻ സൂചിപ്പിചെന്ന് തോന്നുന്നു ഇനി ഇല്ലെങ്കിൽ ഇപ്പോൾ സൂചിപ്പിക്കാം. ഞാൻ തികച്ചും ഒരു "ലോക്കൽ" ആയിരുന്നത് കൊണ്ട് ,ഹോ സന്തോഷം ആയി അല്ലെ "ലോക്കൽ" എന്ന് കേട്ടപ്പോൾ. "തറ" അല്ല ആ നാട്ടുകാരൻ എന്നേ ആ പഥത്തിന് അർത്ഥം ഉള്ളു. 

ആ ക്ലാസ്സിലെ  മഹിളാമണികളെ പലവട്ടം പല രാജവീധികളിലും ഇടവഴികളിലും എന്ന് വേണ്ട പലസ്ഥലത്തു വെച്ച് ഞാൻ കണ്ടിട്ടുള്ളവരാണ്‌ അപ്പോൾ സ്വാഭാവികമായും എന്നേയും കണ്ടിട്ടുണ്ടാവുമല്ലോ;അല്ലേ?

ഈശ്വരാ!!!!!!എന്നെ കാത്തോണേ ഇനിയുള്ള എൻറെ പഠിപ്പിക്കൽ; നിൻറെ മാത്രം കയ്യിൽ ;കണ്ട്രോള് തരണേ .

ക്ലാസ്സിലേക്ക് പ്രവേശിച്ച ഉടനെ കിട്ടിയ ഗുഡ് മോർണിംഗ് തന്നെ ഒരു വശപ്പിശക് ടോണ്‍. ഒന്ന് ചമ്മിയില്ലേ? യെസ് ചമ്മി .പുറത്ത് കാണിച്ചില്ല ,അതാണ്‌ എൻറെ ഐഡിയ.ഹാജർ പുസ്തകത്തിൽനിന്ന് പേര് വിളിച്ച് ചമ്മൽ മാറ്റി കൊള്ളം, ഇരുപത്തിനാല് പേര് അധികവും സ്ത്രീ ജനങ്ങൾ. പെണ്‍ പടകൾ ഒക്കെ നല്ല മൂഡിൽ ,പുരുഷകേസരികൾ കള്ള ചിരിയുമായി ആണ് ഇരിക്കുന്നത്.

എടാ കള്ളാ !!! നീയല്ലേ ഞങ്ങളെ കൂട്ടുകാരുമൊത്ത് പലതവണ വായിൽ നോക്കി നിന്നിട്ടുള്ളത്, ഇപ്പോൾ വന്നിരിക്കുന്നു സാറായിട്ട്‌ ;സാറാനത്രേ സാർ,നിൻറെ ഒക്കെ സമയം.അതായിരിക്കാം അപ്പോൾ അവരുടെ മനസ്സിൽ എന്ന് കരുതുകയെ എനിക്ക് തരമുള്ളു.

എൻറെ ശരീരം കിടുകിടാ വിറക്കുന്നു ഭൂരിഭാഗം വരുന്ന തരുണികളുടെ മുഖത്ത് നോക്കാൻ തന്നെ പേടി ഇനി അബദ്ധത്തിൽ എങ്ങാനം നോക്കിയാൽ അപ്പോൾ തന്നെ ഞാൻ കണ്ണ് പിൻവലിക്കും പുറത്ത് കൂടി പോകുമ്പോൾ നോക്കുന്ന പോലെ അത്രയ്ക്ക് എളുപ്പമല്ല നാല് ചുവരുകൾക്കുള്ളിൽ ,ശരിക്കും മൃഗശാലയിലെ കൂട്ടിലടക്കപെട്ട "സിംഹം" അതാണ് അപ്പോൾ എൻറെ അവസ്ഥ.

കണക്കാണ് എന്റെ വിഷയം. തുടക്കം എന്ന നിലക്ക്‌ ഇതുവരെ പഠിപ്പിച്ചത് എവിടെ വരെ എന്നറിയുക എന്നത് ധാർമികമായ എൻറെ അവകാശം അല്ലെ അതിനാൽ ആ കർത്തവ്യം നിറവേറ്റാൻ തീരുമാനിച്ച ഞാൻ ആണ്‍ കുട്ടികളുടെ ഇടയിൽ നിന്ന് ഒരു ബുക്ക്‌ മേടിച്ചു. എന്താ ആശാന് തരാൻ ഒരു മടി.ഓഹോ അതായിരുന്നു കാരണം നല്ല കൈയക്ഷരം,ഇതിലും ഭേതം കെജിയിൽ പഠിക്കുന്ന എൻറെ "അയാൻറെ" കൈയക്ഷരം ആണ്.

നന്നായി നോട്ട് എഴുതുന്ന ആരെങ്കിലും ഒരു ബുക്ക്‌ തരു,ആരും ഇല്ലേ? കാത്തിരിപ്പിൻറെ ദൈർഘ്യം കൂടിയപ്പോൾ  എനിക്ക് പിടിച്ച് നിൽക്കാനായില്ല , പിന്നെ നീയൊക്കെ എന്തിനാ കെട്ടി ഒരുങ്ങി രാവിലെ എഴുന്നുള്ളുന്നത് ,ദേഷ്യം കൊണ്ട് ഞാൻ വിറച്ചു. പെട്ടന്ന് ഒരു കിളിനാദം .സാർ സോഫിയുടെ ബുക്ക്‌ മേടിക്ക്.


സോഫി ആരാണാ ഭാഗ്യവതി ? സാർ ഞാൻ..... കൊള്ളാം നല്ല ഒരു സുന്ദരി കുട്ടി. ആ ബുക്ക്‌ തരു. നമ്രശീർഷയായ് അ സുന്ദരി ബുക്ക്‌ കൈമാറി. അവളെ ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ ചായ തന്നത് പോലെ. എന്ത് നല്ല ആചാരങ്ങൾ ഇനിയുണ്ടോ ഇതുപോലുള്ള നല്ല നല്ല ആചാരങ്ങൾ. ബുക്കിന്റെ  ഒരു വശത്ത് മോഹൻലാലും മറുവശത്ത് മമ്മൂട്ടിയും പടച്ചട്ട കൊള്ളം ഇനി അഴകുള്ള ചക്കയിൽ ചുളയില്ലതാകുമോ ? ഇല്ല,കൊള്ളാം  നല്ല വൃത്തി ഉള്ള കുനുകുന അക്ഷരങ്ങൾ പേര് പോലെ തന്നെ നല്ല സോഫ്റ്റ്‌ അക്ഷരങ്ങൾ .മിടുക്കി ,താങ്ക്യു സാർ.

ഞാൻ ആ ബുക്കിൽ പതിയെ കണ്ണോടിച്ചു ദ്വിമാന സമവാക്യത്തിന്റെ സാമാന്യ രൂപം കൊള്ളം ഇത് തന്നെ തുടങ്ങാം.

അപ്പോഴാണ്‌ ഞാൻ അവളെ ശ്രദ്ധിച്ചത് ,ഒരു അലങ്കാരത്തിനു നമുക്ക് അവളെ "ക്രിസ്റ്റീന" എന്ന് വിളിക്കാം നല്ല ചന്തം ഉള്ള ഒരു പെണ്‍കിടാവ് എന്താ അവളുടെ കണ്ണിനൊരു തിളക്കം!!! "സുറുമയെഴുതിയ മിഴികളെ "
ആ ഗാനം അന്വർത്വമാക്കിയ നോട്ടം. ആ നോട്ടം തെല്ലൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്. 



മതി ഇന്നിനി ക്ലാസ്സ്‌ തുടരുന്നത് എൻറെ ആരോഗ്യത്തിന് നല്ലതല്ല എന്ന തോന്നൽ എന്നെ വേട്ടയാടാൻ ആരംഭിച്ചു.മറ്റ് ഗുരുതരമായ പരിക്കുകൾ ഇല്ലാതെ ഞാൻ ആ ക്ലാസ്സിന് തിരശ്ശീല ഇട്ടു.പക്ഷേ ഇനിയുള്ള തുടർ ക്ലാസ്സിനു ക്രിസ്റ്റീന ഒരു പാര ആകില്ലേ എന്ന തോന്നൽ എന്നെ കൊണ്ട് ആ പാതകം ചെയ്യിച്ചു.

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ബിന്ദു ടീച്ചറെ കണ്ട് കാര്യം പറഞ്ഞു . ടീച്ചർ അവളെ വിളിച്ച് പറയാൻ ഇനിയൊന്നുമില്ല പാവം സുറുമയും കണ്ണുനീരും ആകെ ഉത്സവം കഴിഞ്ഞ പറമ്പ് പോലെ ആക്കി "പാവത്തിന്റെ " മുഖം. പിന്നെയുള്ള എൻറെ ക്ലാസ്സുകളിൽ ക്രിസ്റ്റീന പൌഡർ പോലും ഇട്ടതായി തോന്നിയിട്ടില്ല. അതല്ല ഒരു കാര്യം കൂടി പറഞ്ഞ് ക്രിസ്റ്റീന പുരാണം നിർത്താം,അപ്പോഴാണ് എന്തുകൊണ്ടാണ് ആലങ്കാരികമായി അവൾക്ക് ഞാൻ ക്രിസ്റ്റീന എന്ന പേര് കൊടുത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാകു, കാരണം ഞാൻ ഒരു പെണ്‍കുട്ടിയെ അപമാനിച്ചു എന്ന് കാലം പറയരുതല്ലോ.

ഒരിക്കൽ അധ്യാപക ജോലി ഒക്കെ കഴിഞ്ഞ് നാട്ടിൽ മറ്റ് ജോലികളുമായി അർമാധിക്കുന്ന കാലം.എതോ തീയറ്ററിൽ കാമുകനുമായി വന്ന് എന്നെ കണ്ടപ്പോൾ ഓടി ഒളിച്ച "ക്രിസ്റ്റീന" അവളുടെ ആ ജാള്യത ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുന്നു.

അങ്ങനെ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരികളേയും ഒക്കെ പഠിപ്പിച്ച് തഴക്കവും പഴക്കവും ചെന്ന നല്ല ഒരു "അദ്ധ്യാപകൻ " ആയി നടക്കുമ്പോൾ ആയിരുന്നു മണലാരണ്യത്തിലേക്കുള്ള എൻറെ പറിച്ച് നടൽ. യാത്ര പറഞ്ഞ് ഇറങ്ങിയ ദിനം എൻറെ കുട്ടികൾ എനിക്ക് നൽകിയ ഹാർദവമായ യാത്ര അയപ്പ് ഇപ്പോഴും ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്നു. 


ഇപ്പോൾ ഓർക്കുമ്പോൾ "അദ്ധ്യാപകൻ" എന്ന സുന്ദരമായ തസ്തിക എത്ര ആനന്തകരം ആണ് എന്ന് ഞാൻ തിരിച്ചറിയുന്നു.നന്ദി നന്ദി നന്ദി...........

Sunday, 28 December 2014

കടുവ


മാന്യ പ്രേക്ഷകരെ ,

നാടകത്തിൻറെ ഇതിവൃത്തത്തിലേക്ക് ഒരു എത്തിനോട്ടം ....

വളരെ പണ്ട് പുരാതന ചൈനയിലെ "പുക്കാൻ"എന്ന കൊച്ച് ഗ്രാമത്തിൽ നടന്ന ഒരു സംഭവ കഥയെ ആധാരമാക്കി "ആങ്ങ് യെൻ ടീ " എഴുതിയ "ലൗഹു" എന്ന നോവലിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ  
ഏട്  
നമുക്ക് മനസിലാക്കാൻ വേണ്ടി ഇവിടെ മലയാളത്തിൽ അവതരിപ്പിക്കുന്നു.

......................................................................................

ഇതിൽ അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം കൂട്ടുകാർ
......................................................................................

കഥ ,തിരക്കഥ ,സംവിധാനം :- ഷമീർ ഹുസൈൻ  (2001 മെക്കാനിക്കൽ )
......................................................................................

അവതരണം :- കാർമ്മൽ അലുംനി യു എ ഇ ചാപ്റ്റർ
.......................................................................................

നാടകം ആരംഭിക്കുന്നു ....നാടകത്തിൻറെ പേര് "കടുവ"
.......................................................................................

രംഗം ഒന്ന്

രംഗപടം (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )


ചൈനയിലെ ഒരു ഗ്രാമം നാട്ടുപ്രമാണിയും അഞ്ച് അനുചരന്മാരും.

നാട്ടുപ്രമാണി :- അങ്ങനെ സന്യാസി തൻറെ അനുചരന്മാർക്ക് സാരോപദേശങ്ങൾ നൽകികൊണ്ടിരിക്കുന്നു .

അനുചരൻ ഒന്ന് :- സന്യാസി ദിവ്യ ശക്തിയുള്ള ആളാണെല്ലെ ?

(ബാക്കിയുള്ളവർ നാട്ടുപ്രമാണിയെ സാകൂതം വീക്ഷിക്കുന്നു )

നാട്ടുപ്രമാണി :- അതെ സ്വാമിയുടെ ഒരുപാട് ദിവ്യ അനുഭവങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പാട്ടാണ്

അനുചരൻ രണ്ട്  :- അതിൽ ഒരു കഥ കേൾക്കണം എന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹം ഉണ്ട്

നാട്ടുപ്രമാണി :- തീർച്ചയായും അതിലൊരെണ്ണം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം

(കഥ കേൾക്കാനായി എല്ലാവരും താഴെ ഇരിക്കുന്നു )

അനുചരൻ മൂന്ന് :- സ്വാമിജിയുടെ കഥ കേൾക്കാൻ ഞങ്ങൾക്ക് ധൃതി ആയി ........പറയൂ ഞങ്ങൾ കേൾക്കട്ടെ

നാട്ടുപ്രമാണി :- വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഈ പ്രദേശം ഒരു വനമായിരുന്നു ആനയും സിംഹവും മയിലും അങ്ങനെ എന്ന് വേണ്ട എല്ലാ വന്യ മൃഗങ്ങളും ഉള്ള ഒരു വലിയ ഒരു കാട് .

അനുചരൻ നാല് :- അതെ അത് ഞാൻ ഓർക്കുന്നു എൻറെ അച്ഛൻറെ കൂടെ ഞങ്ങൾ ഇവിടെ താമസം ആക്കുമ്പോൾ ഇതൊരു വനമായിരുന്നതായി  ഞാൻ ഓർക്കുന്നു.

നാട്ടുപ്രമാണി :- പതിവുപോലെ "സിയാൻ" ജീവിത പ്രാരാബ്ധങ്ങളുമായി മുന്നോട്ടുപോകുന്ന കാലം 
......................................................................................

രംഗം രണ്ട്


രംഗപടം (ഒരു പാറക്കെട്ട് മരങ്ങൾ പുറകിൽ ആകാശം )


സിയാൻ :- ഈശ്വരാ ഇനി എപ്പോഴാ ഞാൻ വീട്ടിലെത്തുന്നത്
ഇനി അല്പം വിശ്രമിച്ചിട്ടാകാം യാത്ര.


(അടുത്ത് കാണുന്ന പാറയിൽ ഇരിക്കുന്നു ശേഷം അവിടെ കിടന്നുറങ്ങുന്നു സന്യാസി പ്രവേശിക്കുന്നു )


സന്യാസി :- ധിക്കാരി എൻറെ അനുവാദം ഇല്ലാതെ ഇവിടെ ഇരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു 


(ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് കൊണ്ട് )


സിയാൻ :- ആരാ? (പേടിച്ച് വിറച്ച് )


സന്യാസി:- ഹേ നിനക്ക് ഇത്ര ധിക്കാരമോ? എൻറെ തപോവനം കയ്യടക്കിയ നീ ഞാൻ ആരെന്ന് ചോദിക്കാൻ ,മാത്രം വളർന്നോ ?


സിയാൻ :- (ഭയത്തോടെ) അവിടെന്ന് ആരെന്ന് അടിയന്ന് മനസ്സിലായില്ല ദയവായി സ്വാമി ആരെന്ന് പറഞ്ഞാലും 


സന്യാസി :- ധിക്കാരി എൻറെ ഈ കാഷായ വേഷവും തേജസ്സും കണ്ടിട്ടും എന്നെ മനസ്സിലാകാത്ത നിനക്ക് ഇനി മനുഷ്യനായി ജീവിക്കാൻ യാതൊരവകാശവും ഇല്ല 


സിയാൻ :- സ്വാമി പൊറുക്കണം. ഈ പാവത്തിനെ ശപിക്കരുതേ, എന്നെ കാത്ത് എൻറെ  ഭാര്യയും മക്കളും .


സന്യാസി :- ധിക്കാരം പൊറുക്കാൻ ഞാൻ പഠിച്ചിട്ടില്ല .നിൻറെ ശിക്ഷ നീ തന്നെ ചോദിച്ച്  മേടിച്ചതാണ് .ഇനിയുള്ള കാലം നീ കാട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു കടുവ ആയിമാറട്ടെ.


(ഭാണ്ഡത്തിൽനിന്ന് പൊടി എടുത്ത് അലറിക്കൊണ്ട്‌ സിയാൻറെ മുകളിലേക്ക് ഇടുന്നു പേടിപ്പെടുത്തുന്ന ശബ്ദം ,മെഴുകുതിരി പ്രകാശം മാത്രം. സിയാൻറെ കരച്ചിൽ കേൾക്കുന്നു , കരച്ചിൽ ഞരക്കം ആയി മാറുന്നു ,കടുവ ആയി സിയാൻ രൂപാന്ദരം പ്രാപിക്കുന്നു , രംഗത്ത് പ്രകാശം പരക്കുന്നു )


കടുവ :-ദൈവമേ ഈ പാവത്തിനെ എന്തിന് പരീക്ഷിക്കുന്നു ഇന്നേവരെ ഒരു പുൽക്കൊടിയോടു പോലും അതിക്രമം കാണിക്കാത്ത എന്നോട് എന്തിനീ അനീതി.


(കരഞ്ഞ് കൊണ്ടിരിക്കുന്ന കടുവയുടെ മുന്നിലേക്ക്‌ ഒരു അനുചരൻ കടന്ന് വരുന്നു. പാട്ട് പാടിക്കൊണ്ട് വരുന്ന വഴിയാത്രക്കാരൻ കടുവയെ കണ്ട് നിലവിളിക്കുന്നു )


വഴിയാത്രക്കാരൻ :- അയ്യോ കടുവ എന്നെ പിടിച്ചേ ഓടിവായോ എന്നെ രക്ഷിക്കണേ കടുവ കടുവ.


(പേടിച്ച് രംഗത്ത് നിന്ന് ഓടിമറയുന്നു )


കടുവ :- ഞാൻ നിന്നെ ഒന്നും ചെയ്യില്ല ഞാൻ കടുവ അല്ല നിൻറെ കൂട്ടുകാരൻ സിയാൻ ആണ് ഞാൻ കടുവ അല്ല.


(കരഞ്ഞു കൊണ്ട് രംഗത്ത് നിന്ന് മറയുന്നു രംഗത്ത് വേട്ടക്കാരൻ പ്രത്യക്ഷപെടുന്നു )


വേട്ടക്കാരൻ :- ഇന്ന് എങ്കിലും ഒരു നല്ല കോള് ഒത്ത് കിട്ടിയാൽ മതിയായിരുന്നു.കുറച്ച് കാലമായി നല്ല ഒരു വേട്ട നടന്നിട്ട്.(ഗർവ്വോടെ ) ഞാൻ വന്നതറിഞ്ഞ് ഈ കാട്ടിലെ സകല മൃഗങ്ങളും പേടിച്ചോടിയെന്ന തോന്നുന്നത്. ആ അതാ നല്ലത് വെറുതെ എൻറെ കൈക്ക് പണിയുണ്ടാക്കേണ്ട.


(പെട്ടന്ന് മുൻപിൽ ഒരു കരിയില വീഴുന്ന ശബ്ദം കേട്ട് ഞെട്ടുന്നു)


വേട്ടക്കാരൻ :- അയ്യോ കൊല്ലല്ലേ ഞാൻ ഒരു പാവം ആണേ വയിറ്റിപിഴപ്പിനു വേഷം കെട്ടിയതാണെ ... അയ്യേ ഇല ആയിരുന്നോ ഞാൻ ഓർത്തു കടുവ  ആയിരിക്കും എന്ന് ......ഭാഗ്യം ആരും കണ്ടില്ല.


(ഓടി കിതച്ച് വഴിയാത്രക്കാരൻ രംഗത്ത് പ്രവേശിക്കുന്നു )


വഴിയാത്രക്കാരൻ :- രക്ഷിക്കണേ കടുവ എന്നെ പിടിച്ചേ,  രക്ഷിക്കണേ.


(വഴിയാത്രക്കാരനോടൊപ്പം വേട്ടക്കാരനും ഓടുന്നു)


വേട്ടക്കാരൻ :- അയ്യോ എന്നെ കടുവ പിടിച്ചേ. അല്ല കടുവ എവിടെ ഛെ നാണക്കേട്‌ എവിടെ ആണെടോ കടുവ ഈ എനിക്ക് കടുവ വെറും പൂച്ച ആണെന്ന് നിനക്കറിയില്ല വെറുതെ പേടിച്ചോടുന്നു ഭീരു.


വഴിയാത്രക്കാരൻ
 :- വേട്ടക്കാര വേട്ടക്കാര കടുവ ആ കുന്നിൻ ചരിവിലാണ് ഭാഗ്യം കൊണ്ട് ഞാൻ ഓടി രക്ഷപെട്ടു.ഇല്ലെങ്കിൽ ഇന്ന് ഞാൻ അവന് ഇര ആയേനെ.


വേട്ടക്കാരൻ :- എങ്കിൽ വാ നമുക്ക് പോയി നോക്കാം (പേടിയോടെ)

വഴിയാത്രക്കാരൻ :- എൻറെ പൊന്ന് വേട്ടക്കാര 
ഇതെൻറെ രാണ്ടാം ജന്മമാണ് ഇനി ഒരു ഭാഗ്യപരീക്ഷണത്തിന് ഞാൻ ഇല്ല നീ ഒറ്റക്ക് പോയാൽ മതി 


(ഇതും പറഞ്ഞ് 
വഴിയാത്രക്കാരൻ
 രംഗത്ത് നിന്ന് പോകുന്നു)


വേട്ടക്കാരൻ :- ദൈവമേ എന്നെ കാത്തോണേ അവനുമായി ഒന്ന് മുട്ടി നോക്കാം  അല്ലെ നിങ്ങളും വാ നമുക്ക് അരക്കൈ നോക്കാം 


(വേട്ടക്കാരൻ രംഗത്ത് നിന്ന് വിടവാങ്ങുന്നു )


കടുവ :-ഞാൻ വിശന്നു തളർന്ന് ഈ കാട്ടിൽ കിടന്ന് മരിച്ചുപോകും എൻറെ മക്കൾ എൻറെ ഭാര്യ ഇനി ഞാൻ അവർക്ക് വേണ്ടി എന്ത് ചെയ്യും അവരെങ്ങനെ ജീവിക്കും ഈശ്വരാ.


(വേട്ടക്കാരൻ കടന്നു വരുന്നു )


കടുവ :- ഒരു കാൽപെരുമാറ്റം കേൾക്കുന്നുണ്ടല്ലോ മറഞ്ഞിരിക്കാം (മറഞ്ഞിരിക്കുന്നു)


വേട്ടക്കാരൻ :- പരീക്ഷിക്കല്ലേ കടുവ എന്നെ ഒന്നും ചെയ്യല്ലേ എന്നെ നിനക്കല്ലാതെ  ആർക്കും രക്ഷിക്കാൻ പറ്റില്ലേ 


കടുവ :- ആരാടാ ?


വേട്ടക്കാരൻ :- ഞാൻ ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ. എന്നെ ഒന്നും ചെയ്യല്ലേ .


കടുവ :- ഞാൻ ആഹാരം കഴിച്ച കാലം തന്നെ മറന്നു നിന്നെ കണ്ടാൽ ഒരാഴ്ച തിന്നാൻ ഉള്ള ഇറച്ചി ഉണ്ടെന്ന് തോന്നുന്നു അത് കൊണ്ട് നിന്നെ ഞാൻ ഇന്ന് കൊല്ലും 



വേട്ടക്കാരൻ :- ഹ ഹ ഹ ഹ  നീ എന്നെ കൊല്ലം ഹ ഹ ഹ  ഹേ എടാ നികൃഷ്ഠ ജീവി മനുഷ്യൻറെ ബുദ്ധി എന്താണെന്ന് നിനക്ക് അറിയുമോ? ഇരയെ കൊല്ലാൻ ഏതറ്റം വരയും ഞാൻ പോകും അത് കൊണ്ട് ജീവൻ വേണേൽ നീ ഓടി പൊക്കൊ

കടുവ : - ഇനി എനിക്കെന്തിനു ജീവൻ നീ എന്നെ കൊന്നാൽ ഞാൻ ധന്യനായി ....
മരിക്കുന്നതിനു മുൻപ് എനിക്ക് ഒരു മനുഷ്യനോടെങ്കിലും എൻറെ പ്രതികാരം തീർക്കണം അത് നിന്നെ പോലെ ഒരു വേട്ടക്കാരൻ ആയതിൽ സന്തോഷം.

വേട്ടക്കാരൻ :- ഓഹോ അപ്പോൾ അങ്ങനെ ആണ് എന്നാൽ വാ തുടങ്ങാം.


(കടുവയും വേട്ടക്കാരനും ആയി കായികമായി പോരാട്ടം നടക്കുന്നു കടുവയെ വേട്ടക്കാരൻ മുറിവേൽപ്പിക്കുന്നു ശേഷം തളർന്ന് അവിടെ നിന്ന് യാത്ര ആകുന്നു )


വേട്ടക്കാരൻ :- നിന്നെ കണ്ടിട്ട് ഒരു വന്യ മൃഗമായി എനിക്ക് തോന്നുന്നില്ല മനുഷ്യനില്ലാത്ത ഒരു മനുഷ്യത്വം നിനക്കുള്ളതായി തോന്നുന്നു സുഹൃത്തേ നിനക്ക് നല്ലത് വരട്ടെ.


(മുറിവേറ്റ കടുവ തളർന്നുറങ്ങുന്നു വീണ്ടും ഒരു കാലടിശബ്ദം )


ചാൻ:-  കരുണമയനെ എന്നെ കാത്തു കൊള്ളെണെ.(പേടിച്ചാണ് വരവ് കടുവ എഴുന്നേറ്റ്  ചാനെ കാണുന്നു)


കടുവ :- നന്ദി ദൈവമേ എനിക്ക് നീ ഒരിരയെ നല്കി ഇന്ന് ഞാൻ ഇവനെ കൊന്ന് ഭക്ഷിക്കും ഇല്ലേൽ ഈ കൊടുംകാട്ടിൽ പട്ടിണി കിടന്ന് ഞാൻ മരിക്കും.


ചാൻ :- അയ്യോ കടുവ എന്നെ കൊല്ലരുതേ ഞാൻ പാവം ആണ് എന്റെ കുട്ടികൾക്ക് ആരും ഇല്ലാതാവും വയസ്സായ എന്റെ അച്ഛനും അമ്മയും എന്റെ ഭാര്യ എൻറെ സഹോദരങ്ങൾ എന്നെ കൊല്ലരുതേ.


കടുവ :- എനിക്ക് ജീവിക്കണം അത് കൊണ്ട് നിന്നെ കൊന്നെ തീരു നീ എനിക്ക് മാപ്പ് തരണം.


(കടുവ ചാനെ കൊല്ലുന്നു )


കടുവ :- ഹോ അങ്ങനെ എൻറെ വിശപ്പ്‌ മാറി ഇനി സ്വസ്ഥമായി ഒന്നുറങ്ങണം.


(കടുവ ഉറങ്ങുന്നു സന്യാസി കടന്നു വരുന്നു )


സന്യാസി : - കുഞ്ഞേ ....എൻറെ  ശിപ്രകോപം നിന്നെ ഒരു നിക്രിഷ്ടൻ ആക്കി മാറ്റി നിനക്ക് ഇതിൽ നിന്ന് ഒരു മോചനം ഞാൻ നല്കാം 


കടുവ :- ദയാപരനായ സ്വാമി എന്നെ പൂർവ്വ സ്ഥിതിയിലാക്കാൻ അങ്ങേക്ക് കനിവുണ്ടാകണം

(പ്രാർത്ഥനയിൽ നിന്ന് സ്വാമി ഒരു മാല വരുത്തി കടുവയുടെ കഴുത്തിൽ അണിയിക്കുന്നു)


സന്യാസി :- മകനെ ഈ മല കഴുത്തിൽ ഉള്ള കാലം നിനക്ക് മനുഷ്യനായി തന്നെ ജീവിക്കാം ഇത് നഷ്ടപ്പെടുകയോ പൊട്ടിപ്പോകുകയോ ചെയ്‌താൽ നീ വീണ്ടും കടുവ ആയി മാറും പിന്നെ നിനക്ക് അതിൽ നിന്ന് ഒരു മോചനം ഉണ്ടാകുകയില്ല 


കടുവ :- അവിടെന്ന് പറയും പോലെ ഞാൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായി ഞാൻ ഇതിനെ കരുതിക്കൊള്ളം 



(സന്യാസി യാത്ര ആവുന്നു,വലിയ ശബ്ദം പ്രകാശം മെഴുകുതിരിനാളം,കടുവ മനുഷ്യനായി മാറുന്നു)


സിയാൻ :- അയ്യോ ഞാൻ മനുഷ്യനായി ഇനി എനിക്ക് എൻറെ മക്കളെ കാണാം അതാ ഞാൻ വന്ന കാട്ടുപാത.


(സിയാൻ കാട്ടുപാതയിലൂടെ ഓടിപ്പോകുന്നു)
.................................................................................

രംഗം മൂന്ന് 

രംഗപടം  (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )


നാട്ടുപ്രമാണി :- അങ്ങനെ ആ ദിവ്യന്റെ അപാരമായ ശക്തിയിൽ അവനു മോചനം ലഭിച്ചു .


അനുചരൻ ഒന്ന്   :- നല്ല കഥ


അനുചരൻ രണ്ട്  :- സ്വാമി പറഞ്ഞ കഥയിലെ പോലെ തന്നെ ഉണ്ടല്ലോ സിയാനെ നിൻറെ കഴുത്തിലെ ഈ മാല 


അനുചരൻ മൂന്ന്  :- അതെ അതെ 


അനുചരൻ ഒന്ന് :- നോക്കട്ടെ


സിയാൻ :- വേണ്ട അങ്ങനെ കാണിക്കാൻ പറ്റുന്ന മാല അല്ല ഇത് 


അനുചരൻ നാല് :- അപ്പോൾ നീയണെല്ലെ എൻറെ അച്ഛനെ കൊന്നത്.എൻറെ കുടുംബത്തെ പട്ടിണി ആക്കിയത് നിന്നെ ഞാൻ.


സിയാൻ :- അല്ല അത് ഞാൻ അല്ല 


(മാലയിൽ കടന്ന് പിടിക്കുന്നു )


സിയാൻ :- പൊട്ടിക്കരുത്‌ അത് പൊട്ടിക്കരുത് 


(മാലപൊട്ടിക്കുന്നു , കാതടക്കുന്ന ശബ്ദം വീണ്ടും അരണ്ട വെളിച്ചം)

അയ്യോ കടുവ എല്ലാവരും ശബ്ദം ഉണ്ടാക്കി ഓടി പോകുന്നു.


(സിയാൻ കടുവ ആയി മാറുന്നു )


കടുവ :- മനുഷ്യ കുലമേ  ഞാൻ അറിയാതെ ചെയ്ത ഒരു തെറ്റുപോലും ക്ഷമിക്കാൻ സാധിക്കാത്ത നിങ്ങൾക്കിടയിൽ ഇനി മനുഷ്യൻ ആയി ജീവിക്കാൻ എനിക്കാഗ്രഹം ഇല്ല പക്ഷെ ഇനിയുള്ള ജീവിതം "കാലം സാക്ഷി ചരിത്രം സാക്ഷി എൻറെ കണ്മുൻപിൽ കാണുന്ന ഓരോ ജീവിയേയും മനുഷ്യനേയും ശത്രു ആയി കണ്ട് ഞാൻ വക വരുത്തും ഇത് സത്യം സത്യം സത്യം.


(ശുഭം)









Sunday, 21 December 2014

ഏകാന്ത നാളുകൾ

ഇനി വരും നാളുകൾ ഏകാന്ത നാളുകൾ 
വിടചൊല്ലി പിരിയുന്ന നാളുകൾ 
നമ്മൾ അകലാൻ തുടങ്ങിയ നാളുകൾ 

          പലവട്ടം നാം തീർത്ത സൗഹൃദങ്ങൾക്കിന്ന് 
          വിട നല്കുവാനായ് വന്നതാകാം 
          പാതി മിഴി പൂട്ടി അകന്ന് പോകുന്നൊരി 
          ആത്മ ദു:ഖത്തിൻ ഇരുപുറം നാം 



വസന്തം കഴിഞ്ഞെത്തിനിൽക്കുന്നു ..........
ഇനി കാത്തിരിക്കില്ല ഞാൻ നിനക്ക് വേണ്ടി 
കീറിയെറിഞ്ഞു നീ എൻ രക്തപുഷ്പങ്ങൾ 
മായാത്ത സ്നേഹത്തിൻ ശേഷിപ്പുകൾ 

        ഇനി ഇല്ല ഞാൻ നിൻറെ സ്വപ്നങ്ങളിൽ 
        മായ്ച്ചു കഴിഞ്ഞു നീ വേണ്ടുവോളം 
        ഇത് നിനക്കെൻറെ അവസാന വാക്കുകൾ 
       ഹൃദയം പിളർക്കുന്ന മുറിവ് പോലെ .

Wednesday, 24 September 2014

ഇനി ഞാൻ ഉറങ്ങട്ടെ ....


ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ 
മനസ്സിൻ ദുഃഖ ഭാരങ്ങൾ എല്ലാം ഇറക്കി ഞാൻ 
ഉറങ്ങട്ടെ...................ഉറങ്ങട്ടെ.........................

ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ അംബരം കാണട്ടേ ................................
ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ പെയ്യുന്ന പേമാരി കാണട്ടേ ...................
ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ പച്ച പാടങ്ങൾ കാണട്ടേ .......................

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ



മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ വീശുന്ന കാറ്റിന്റെ മർമരം കേൾക്കട്ടേ ......................
മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ വീഴുന്ന മഴയുടെ നൊമ്പരം കേൾക്കട്ടേ .......................
മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ അടയുന്ന വാതിലിൻ ശീല്ക്കാരം കേൾക്കട്ടേ ..................

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ

താളം നിലച്ചു ...............നാളം അണഞ്ഞു ...........
ഇരുളിൻറെ ആഴം വെളിച്ചത്തെ മായ്ച്ചു ............
താളം നിലച്ചു ...............നാളം അണഞ്ഞു ...........
ഇരുളിൻറെ ആഴം വെളിച്ചത്തെ മായ്ച്ചു ............

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ