Thursday 11 June 2015

മഴയേ..........

മഴയേ..........നിനക്കിനി പെയ്യുവാനാവില്ലേ 
എനിക്കുവേണ്ടി വീണ്ടുമെനിക്കുവേണ്ടി.

തുള്ളിക്കൊരു കുടം പോൽ നീ പെയ്തനാൾ
ഓടിയെൻ അച്ഛൻറെ കയ്യിൽ പിടിച്ചതും 
പേടിച്ച് ഞാൻ പിന്നെ പൊട്ടിക്കരഞ്ഞതും.




















മഴയേ..........നിന്നിലെ രൗദ്രഭാവം എൻ ബാല്യങ്ങളിൽ
ഭയം വിതച്ചിരുന്നത് ഇന്ന് ഞാനറിയുന്നു.

കമ്പിളി പുതപ്പിനുള്ളിൽ ഞാനൊളിച്ചതും 
എൻ അമ്മയുടെ ഓരം ചേർന്നുറങ്ങിയതും.
ഞാനറിയുന്നു ഇന്ന് ഞാനറിയുന്നു.

മഴയേ..........നിനക്കുള്ള ശാന്തഭാവം എൻ കൗമാരങ്ങളിൽ 
പ്രണയം നിറച്ചിരുന്നത് ഇന്ന് ഞാൻ കാണുന്നു. 

ഒരുകുടക്കീഴിൽ ഞാനുമെൻ പ്രാണനും
പിന്നിട്ട വഴികളും തൊടികളും പാടങ്ങളും
ഞാനോർക്കുന്നു ഇന്ന് ഞാനോർക്കുന്നു.


















മഴയേ..........നിറങ്ങളിൽ ഞാനെൻറെ യൗവ്വനം കാണുന്നു
പെയ്തൊഴിഞ്ഞ നിൻ നഷ്ടബോധത്തിൻറെ ചിന്തകൾ.

കൊതിയുണ്ടെനിക്ക് നിന്നിലലിയാൻ.....
കൊതിയുണ്ടെനിക്ക് നിന്നിലമരാൻ.....
കൊതിയുണ്ടെനിക്ക് നീ എന്നെ തലോടാൻ.....

മഴയേ..........നിനക്കിനി പെയ്യുവാനാവില്ലേ 
എനിക്കുവേണ്ടി വീണ്ടുമെനിക്കുവേണ്ടി.

1 comment: